തലയില്‍ മാത്രമല്ല പേന്‍

By Rajesh Kumar.09 11 2018

imran-azhar

 

മനുഷ്യരില്‍ കാണുന്ന പേനുകള്‍ പ്രധാനമായും മൂന്നു തരത്തിലുണ്ട്.
തലയിലെ പേന്‍, ശരീരത്തിലുള്ളവ, ഗുഹ്യഭാഗങ്ങളില്‍ കാണുന്നവ എന്നിവയാണവ

 

ഡോ. സുനില്‍ പി.കെ
ശിശുരോഗ വിദഗ്ദ്ധന്‍
താലൂക്ക് ആശുപത്രി
വടക്കന്‍ പറവൂര്‍

 


തലയില്‍ വച്ചാല്‍ പേനരിക്കും, താഴെ വച്ചാല്‍ ഉറുമ്പരിക്കും എന്ന ഭാഷാശൈലിയില്‍ ഇടം നേടാന്‍ കഴിയും വിധം പ്രതാപശാലികളാണ് പേനുകള്‍. 'എവിടെ തലയുണ്ടോ, അവിടെ പേനുമുണ്ട് ' എന്നും ചിന്തിക്കാം.
നാട്ടില്‍പുറത്തെ പതിവുകാഴ്ചകളിലൊന്നായിരുന്നു നിരന്നിരുന്നു പേന്‍ നോക്കുന്ന വിവിധ പ്രായക്കാരായ സ്ത്രീകള്‍. ഒത്തിരി നാട്ടുവര്‍ത്തമാനത്തിനൊപ്പം പേനെ ഈരിയെടുക്കലും തഞ്ചത്തില്‍ നഖത്തില്‍ വച്ച് മുട്ടുന്നതും ഒരു നയത്തില്‍ രസത്തിലങ്ങനെ തുടരും. സ്ത്രീസഹജ രീതികള്‍ സൂചിപ്പിക്കാന്‍ സിനിമാ സംവിധായകരുടെ ക്ലീഷേ മാര്‍ഗങ്ങളിലൊന്ന് പേന്‍ ഈരലായതും വെറുതെയല്ല.

 

മൂന്നു തരം
മനുഷ്യരില്‍ കാണുന്ന പേനുകള്‍ പ്രധാനമായും മൂന്നു തരത്തില്‍പ്പെട്ടവയാണ്. ഇവയ്ക്ക് ജീവിക്കണമെങ്കില്‍ നമ്മുടെ ദേഹം തന്നെ വേണം. മറ്റു ജീവികളുടെ ദേഹത്ത് പോയി പരാദങ്ങളായി ജീവിക്കാനൊന്നും ഇവരെ കിട്ടില്ല, അഭിമാനികളാണ്.
തലയില്‍ കാണുന്ന പേന്‍, ശരീരത്തില്‍ കാണുന്നവ, ഗുഹ്യ പ്രദേശങ്ങളില്‍ കാണുന്നവ എന്നിവരാണ് ഈ വെറൈറ്റി ടീംസ്.
തലപ്പേനും ദേഹപ്പേനും സാമ്യമുള്ള ശരീരപ്രകൃതിക്കാരാണ്. 2-4 മില്ലിമീറ്റര്‍ നീളമുള്ളവയാണിവ. എന്നാല്‍, ഗുഹ്യപ്പേനിന് 1-2 മി.മീ നീളമേയുള്ളൂ. ഇഷ്ടന് നീളത്തേക്കാള്‍ വീതിയാണ് കൂടുതല്‍. പരന്ന ആകൃതിയില്‍ ഞണ്ടിനെ അനുസ്മരിപ്പിക്കുന്ന ഇവയ്ക്ക് ഞണ്ട് പേന്‍ എന്നും പേരുണ്ട്.


തലപ്പേനുകള്‍ ഏതാണ്ട് ഒരു മാസക്കാലം ജീവിക്കുകയും ദിനംപ്രതി 3-10 വരെ മുട്ടകള്‍ ഇടുകയും ചെയ്യും. എന്നാല്‍, ശരീരപ്പേനുകള്‍ വസ്ത്രങ്ങളുടെ അരികിലുള്ള നാരുകളില്‍ മുട്ടയിടാനാണ് താത്പര്യപ്പെടുന്നത്. ഈ മുട്ടകള്‍ മുടിയിഴയിലോ വസ്ത്ര നാരുകളിലോ ഒട്ടിച്ചേര്‍ന്ന് ഒരു കുഞ്ഞു കൂട് പോലെ ഇരിക്കും. ഒന്നുരണ്ട് ആഴ്ചകള്‍ കൊണ്ട് മുട്ട വിരിഞ്ഞാലും മൂപ്പെത്താന്‍ ഒരാഴ്ച കൂടി പിന്നെയും എടുക്കും. മുട്ട വിരിഞ്ഞാലും ആ കൂട് അവിടെത്തന്നെ ഒഴിഞ്ഞവശേഷിക്കും. ചിലപ്പോള്‍ ഈര് വലിച്ചെടുത്ത് നഖത്തില്‍ വച്ച് മുട്ടാന്‍ നോക്കുമ്പോള്‍ പൊട്ടാതെ, ശബ്ദമില്ലാതെയിരിക്കുമ്പോള്‍ അമ്മ പറഞ്ഞു തരും: 'അത് പൊട്ട ഈരാണ് കുട്ടീ. അത് പൊട്ട ഈരായിരുന്നില്ല പൊന്നമ്മേ, മുട്ട വിരിഞ്ഞതിന്റെ ബാക്കിയായിരുന്നു!
മുട്ടയില്‍ നിന്നും വിരിഞ്ഞ പേന്‍ കുഞ്ഞുങ്ങള്‍ക്ക് (ലാര്‍വകള്‍) ഇരുപത്തിനാല് മണിക്കൂറിനകം നമ്മുടെ രക്ത ഊണ് കിട്ടിയില്ലെങ്കില്‍ അവ വടിയാകും! പേനുകളുടെ ആഹാരം നമ്മുടെ രക്തമാണ്. അവ നമ്മുടെ ദേഹത്ത് ഉമിനീര് കുത്തിവച്ചും അപ്പിയിട്ടും ആര്‍മ്മാദിക്കും!


ദേഹപ്പേനുകള്‍ പൊതുവേ വൃത്തിയും വെടുപ്പുമില്ലാതെ, നനയും കുളിയുമില്ലാതെ, വസ്ത്രങ്ങള്‍ യഥാസമയം മാറാനാവാതെ ജീവിക്കുന്നവരിലാണ് കൂടുതല്‍ കാണുക.


ചൊറിച്ചിലും കടിയുമാണ് പേനുകളുണ്ടായാലുള്ള പ്രധാന പ്രശ്‌നം. ചെറിയ വ്രണങ്ങളും അണുബാധയും പൊറ്റ കെട്ടലും ചൊറിയും ചിരങ്ങുമെല്ലാം ഇതിന്റെ ഭാഗമായി വരാം. കുട്ടികളില്‍ പേന്‍ ബാധയെത്തുടര്‍ന്ന് കഴുത്തിന് പുറകില്‍ ചെറിയ കഴലകള്‍ കാണപ്പെടാം.


പേന്‍ സമൃദ്ധിയായി ഉണ്ടായാല്‍ അസ്വസ്ഥതയും ഈര്‍ഷ്യയും തലവേദനയും ഫലം!
സ്ഥിരം പേന്‍ വാഴ്ച എക്‌സിമ, ഡെര്‍മറ്റൈറ്റിസ് എന്നിവക്കും കാരണമാകും.

 

പേനുകള്‍ ഏഴു കട്ടിളപ്പടി കടക്കും എന്നാണ് പഴമക്കാര്‍ പറയാറ്. പേന്‍ മുട്ടക്കൂടുകള്‍ക്ക് ( പ്രത്യേകിച്ച് ദേഹപ്പേനുകളുടേത് ) ഒരു മാസം വരെ വസ്ത്രങ്ങളില്‍ പറ്റിപ്പിടിച്ച് ഒരു മാസക്കാലം ജീവനോടെയിരിക്കാം എന്നത് കണക്കിലെടുക്കുമ്പോള്‍ ഏഴ് കട്ടിളപ്പടിയല്ല ഏഴ് കടല്‍ വരെ കടക്കാന്‍ ശേഷിയുള്ളവരാണ് പേനുകള്‍.


നേരിട്ടുള്ള സമ്പര്‍ക്കം വഴി, തലയില്‍ നിന്നും തലയിലേക്ക് പേനുകള്‍ പ്രയാണം നടത്തും. തലയണമന്ത്രത്തിന്റെ പശ്ചാത്തലത്തില്‍ ഇങ്ങനെയൊരു മാര്‍ച്ച് പാസ്റ്റ് നടക്കുന്നുണ്ടെന്ന് ഭര്‍ത്താക്കന്മാര്‍ ഓര്‍ക്കുന്നത് നന്ന്!
വസ്ത്രങ്ങളും തലയണക്കവറും ബെഡ് ഷീറ്റും ഒക്കെ വഴി പേന്‍ കൈമാറ്റം നടക്കാം.
ഗുഹ്യപ്പേന്‍ ലൈംഗികബന്ധം വഴിയും പകരാം.

 

ചികിത്സ
സ്ഥിരമായ പേന്‍ ഈരലും മുട്ടലും പേന്‍ ശല്യം കുറയ്ക്കും. പക്ഷേ, ഇന്നത്തെ അണുകുടുംബങ്ങളില്‍ ഇത് മല്ല് പിടിച്ച പണിയാണ്.
തലയിലെ പേനുകള്‍ക്ക് പെര്‍മെത്രിന്‍ 1 % ക്രീം റിന്‍സ,് നാച്വറല്‍ പൈറെത്രീന്‍ ഷാംപൂ, ലിന്‍ഡെയ്ന്‍ 1 % ഷാംപൂ എന്നിവ ലഭ്യമാണ്. കുഞ്ഞുങ്ങള്‍ക്ക് പെര്‍മെത്രിന്‍ ആണ് നല്ലത്.


തല നനച്ച് പത്ത് മിനുറ്റോളം ഈ ഷാംപൂ തേച്ചുപിടിപ്പിച്ച ശേഷം കഴുകിക്കളയണം. അതിനുശേഷം ചീപ്പ് ഉപയോഗിച്ച് (പ്രത്യേകിച്ച് ഈരുവലി ചീപ്പ്) പേനും ഈരും ചീകിക്കളയണം. 7-10 ദിവസങ്ങള്‍ കഴിഞ്ഞ് ഇത് ആവര്‍ത്തിക്കണം.
ദേഹപ്പേനെ സംബന്ധിച്ച് വസ്ത്രങ്ങളും ബെഡ് ഷീറ്റും മറ്റും പുഴുങ്ങി അലക്കുക എന്നത് പ്രധാനമാണ്. 65 ഡിഗ്രി സെല്‍ഷ്യസ് ചൂട് 15 മുതല്‍ 30 വരെ മിനുട്ട് തട്ടിയാല്‍ പേന്‍ മുട്ടയും കുടുംബവുമടക്കം തട്ടിപ്പോവും!
വസ്ത്രങ്ങള്‍ മാറാന്‍ നിര്‍വ്വാഹമല്ലാത്ത ആളുകള്‍ക്ക് (യുദ്ധമുഖങ്ങളിലും മറ്റും) വസ്ത്രങ്ങള്‍ അകം പുറം തിരിച്ചിട്ട് ലിന്‍ഡെയ്ന്‍ 10% പൗഡര്‍ ഇട്ടു കൊടുക്കാം.


ഗുഹ്യപ്പേനിനും പെര്‍മെത്രിന്‍ തന്നെയാണ് ചികിത്സ.
എന്നാല്‍, നിലവില്‍ ലിന്‍ഡെയ്ന്‍ ഗുഹ്യപ്പേന്‍ ചികിത്സിക്കാന്‍ ഉപയോഗിക്കുന്നില്ല.
കുഞ്ഞുങ്ങളില്‍ ഗുഹ്യപ്പേന്‍ ബാധ കണ്‍പീലികളില്‍ കാണപ്പെടാറുണ്ട്. അതിന് പെട്രോലാറ്റം ജെല്ലി ദിവസം 3-5 തവണ വീതം 8-10 ദിവസം പുരട്ടണം.


ഈ പേനുകള്‍ പരത്തുന്ന ചില രോഗങ്ങളുമുണ്ട്.
ടൈഫസ് ഫീവര്‍, ട്രെഞ്ച് ഫീവര്‍, റിലാപ്‌സിംഗ് ഫീവര്‍ എന്നിവയാണവ.
മുന്നറിയിപ്പ്: സംഗതി പേനാണെങ്കിലും സ്വയം ചികിത്സ നന്നല്ല.
ഇതിലെ പേനീരലും മുട്ടലും ഒഴികെയുള്ളവ ഒരു ഡോക്ടറുടെ നേരിട്ടുള്ള നിര്‍ദ്ദേശ പ്രകാരം മാത്രം ഉപയോഗിക്കാന്‍ പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നു.

 

 

OTHER SECTIONS