കോളറയും മുന്‍കരുതലുകളും

By S R Krishnan.10 Aug, 2017

imran-azhar

 

ആരോഗ്യകേരളം പടിക്കുപുറത്താക്കിയ കോളറ വീണ്ടും കേരളത്തിലെത്തിയിരിക്കുന്നത് വന്‍ ആശങ്കയാണ് സംസ്ഥാനത്തുട നീളം സൃഷ്ടിച്ചിരിക്കുന്നത്. കോളറ രോഗത്തെപ്പറ്റിയും, രോഗലക്ഷണത്തെപ്പറ്റിയും, രോഗം പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകളെപ്പറ്റിയും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

കോളറ എന്നാല്‍ എന്ത്?

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്ടീരിയയാണ് ഈ രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്നും ലഭിക്കുന്ന ജലം, ആഹാരം എന്നിവയിലൂടെയാണ് രോഗാണുക്കള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. ശരീരത്തില്‍ കടക്കുന്ന ഇവ 'കോളറാ ടോക്‌സിന്‍' എന്ന വിഷവസ്തു ഉത്പാദിപ്പിക്കുന്നു. ഈ വിഷവസ്തുവാണ് വയറിളക്കത്തിന് കാരണമാകുന്നത്.

മനുഷ്യരുടെ മലവിസര്‍ജ്ജനം വഴി പുറത്താകുന്ന ഈ ബാക്റ്റീരിയകള്‍ കുടിവെള്ളത്തില്‍ കലരുകയും അതിലൂടെ രോഗം പകരുകയും ചെയ്യുന്നു. ഇത്തരം ബാക്റ്റീരിയകള്‍ക്ക് വെള്ളത്തില്‍ വളരെയധികം സമയം ജീവിക്കുന്നതിന് കഴിവുള്ളതിനാല്‍ ഇത്തരം രോഗം വളരെവേഗം പകരാന്‍ ഇടയാകുന്നു. ആരോഗ്യമുള്ള ഏതൊരു വ്യക്തിയെയും മണിക്കൂറുകള്‍ക്കകം തീര്‍ത്തും അവശനാക്കുന്നതിനും അയാളുടെ മരണത്തിനും വരെ കോളറ കാരണമാകുന്നുണ്ട്.

പ്രധാന കോളറ ലക്ഷണങ്ങള്‍:

* കഞ്ഞിവെള്ളം പോലെയുള്ള മല വിസര്‍ജനം
* തുടര്‍ച്ചയായ ഓക്കാനവും ഛര്‍ദ്ദിയും
* കടുത്ത നിര്‍ജലീകരണം
* കുട്ടികളില്‍ ബോധക്ഷയവും ഉണ്ടാവാം
* മൂലകങ്ങളുടെ ക്രമാതീതമായ നഷ്ടം
* നിര്‍ജലീകരണം മൂലം വൃക്ക തകരാര്‍

രോഗം പിടിപെടാതിരിക്കാനുള്ള മുന്‍കരുതലുകള്‍!:

* തിളപ്പിച്ചാറിയ വെള്ളം കുടിക്കുക
* പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവ വൃത്തിയായി കഴുകി ഉപയോഗിക്കുക
* തണുത്ത ഭക്ഷണം കഴിവതും ഒഴിവാക്കുക.
* ആഹാരസാധനങ്ങള്‍ അടച്ചു വയ്ക്കുക
* ഈച്ചയെ തുരത്തുക
* കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക, മലവിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പിട്ട് ധാരാളം വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കുക. ചെറിയ കുട്ടികള്‍ക്ക് മലവിസര്‍ജനത്തിന് ശേഷം വൃത്തിയാക്കിക്കൊടുത്ത മുതിര്‍ന്നവരും ഇത് കൃത്യമായി പിന്‍തുടരുക.
* കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക
* മഴ പെയ്ത് ചുറ്റുപാടുകളില്‍ വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക. അഴുക്കുചാലുകളില്‍ നിന്നുമുള്ള വെള്ളം കുടിവെള്ളസ്രോതസ്സുകള്‍ നശിപ്പിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തുക.

* പരിസര ശുചിത്വവും വ്യക്തി ശുചിത്വവും പാലിക്കുക

* വയറിളക്ക ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍തന്നെ വൈദ്യ സഹായം തേടുക