വിഷമില്ലാത്ത പച്ചക്കറി; ജൈവ കീടനാശിനികള്‍ സ്വയം തയ്യാറാക്കാം

By Rajesh Kumar.01 06 2020

imran-azhar

 

ലോക്ക്ഡൗണ്‍ കാലത്ത് കൃഷിക്കാരുടെ വേഷമിട്ടവര്‍ നിരവധി. ഇത്തിരിയിടങ്ങളില്‍ സ്വപ്‌നത്തിന്റെ വിത്തെറിഞ്ഞുകാത്തിരിക്കുന്നവര്‍. വില്ലനായി കീടങ്ങളെത്തിയാലോ! വിഷമയമായ പച്ചക്കറികളില്‍ നിന്നുള്ള മോചനമാണ് സ്വയം കൃഷി. അവിടെയും കീടനാശിനികള്‍ ഉപയോഗിക്കേണ്ടി വരുന്നതിനെപ്പറ്റി ആലോചിക്കാനാവില്ല. ജൈവ കീടനാശിനി പരീക്ഷിച്ചാലോ. സ്വയം തയ്യാറാക്കാനായാല്‍ അത്രയും നന്ന്. ലളിതമായി തയ്യാറാക്കാവുന്ന ജൈവ കീടനാശിനികളെപ്പറ്റി അറിയാം.

 

വെളുത്തുള്ളി മിശ്രിതം


20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ക്കുക. ലായനി അരിച്ച് തെളിച്ചെടുക്കുക. അതിനുശേഷം ഒരു ലിറ്റര്‍ ലായനിക്ക് 4 മില്ലി ലിറ്റര്‍ എന്ന തോതില്‍ മാലത്തയോണ്‍ കൂട്ടിച്ചേര്‍ത്ത് എടുത്താല്‍ ഒന്നാന്തരം കീടനാശിനി റെഡി. പാവലിനെയും മറ്റും ആക്രമിക്കുന്ന പച്ചത്തുള്ളനെ നിലയ്ക്കുനിര്‍ത്താന്‍ വെളുത്തുള്ളി മിശ്രിതത്തിന് കഴിയും.

 

വേപ്പിന്‍കുരു സത്ത്


50 ഗ്രാം വേപ്പിന്‍കുരുവിന് ഒരു ലിറ്റര്‍ വെള്ളം എന്ന തോതില്‍ ഉപയോഗിക്കാം. വേപ്പിന്‍കുരു പൊടിച്ച് കിഴികെട്ടി വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വയ്ക്കുക. അതിനുശേഷം കിഴി പലപ്രാവശ്യം വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ് ലായനി തയ്യാറാക്കാം. കായ്തുരപ്പന്‍ പുഴുവിനെ നിയന്ത്രിക്കുവാന്‍ ഈ സസ്യ കീടനാശിനി ഉത്തമമാണ്.

 

വേപ്പിന്‍പിണ്ണാക്ക്


വേപ്പിന്‍ പിണ്ണാക്ക്, ആവണക്കിന്‍ പിണ്ണാക്ക് തുടങ്ങിയവ മണ്ണില്‍ ചേര്‍ക്കുന്നത് ചെടിയുടെ വേരുകളെ ആക്രമിക്കുന്ന വിരകളെ നിയന്ത്രിക്കുവാന്‍ നല്ലതാണ്. ഇവ ഒരു സ്‌ക്വയര്‍ മീറ്ററിന് 100 ഗ്രാം എന്ന തോതില്‍ മണ്ണില്‍ ചേര്‍ക്കണം.

 

വേപ്പെണ്ണ എമള്‍ഷന്‍


60 ഗ്രാം സോപ്പ്, അരലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. ഈ ലായനി ഒരു ലിറ്റര്‍ വേപ്പെണ്ണയുമായി ചേര്‍ത്തിളക്കി വേപ്പെണ്ണ എമള്‍ഷന്‍ തയ്യാറാക്കാം. വേപ്പെണ്ണ എമള്‍ഷന്‍ പത്തിരട്ടി വെള്ളം ചേര്‍ത്ത് തളിക്കാം. പയറിന്റെ ഇലകളെ ആക്രമിക്കുന്ന ചിത്രകൂടം, പയര്‍പ്പേന്‍ എന്നിവയുടെ നിയന്ത്രണത്തിന് ഇത് വളരെ ഫലപ്രദമാണ്. പാവല്‍, പടവലം തുടങ്ങിയ വിളകളില്‍ 40 ഇരട്ടി വെള്ളം ചേര്‍ത്തു തളിക്കണം. പാവലിനെ ആക്രമിക്കുന്ന പച്ചത്തുള്ളനെതിരെ ഇത് വളരെ ഫലപ്രദമാണ്്.

 

 

OTHER SECTIONS