പ്രമേഹം: ചികിത്സ തുടങ്ങേണ്ടതെപ്പോള്‍?

By Rajesh Kumar.14 11 2020

imran-azhar


ഡോ.അരുണ്‍ ശങ്കര്‍
മെഡിക്കല്‍ ഡയറക്ടര്‍ & സീനിയര്‍
കണ്‍സള്‍ട്ടന്റ് ഡയബറ്റോളജിസ്റ്റ്
ജ്യോതിദേവ്‌സ് ഡയബറ്റിസ് റിസര്‍ച്ച് സെന്റര്‍
തിരുവനന്തപുരം

 

നവംബര്‍ 14 ലോക പ്രമേഹ ദിനമായി ആചരിച്ച് തുടങ്ങിയിട്ട് 20 വര്‍ഷമായി. ഇത്തവണത്തെ പ്രമേഹ ദിനസന്ദേശം-ഡയബറ്റിസ്: നഴ്‌സസ് മേക്ക് ദ ഡിഫറന്‍സ് എന്നതാണ്. പ്രമേഹചികിത്സയില്‍ നഴ്‌സുമാരുടെ പ്രവര്‍ത്തനങ്ങള്‍ നല്ല മാറ്റങ്ങള്‍ ഉണ്ടാക്കും.
കേരളം പ്രമേഹത്തിന്റെ തലസ്ഥാനമായി മാറുന്നതായാണ് കണക്കുകളും പഠനങ്ങളും സൂചിപ്പിക്കുന്നത്. ജീവിത സാഹചര്യങ്ങളിലുണ്ടായ മാറ്റങ്ങള്‍ കാരണമായ ഭക്ഷണശീലങ്ങളും വ്യായാമക്കുറവും മാനസിക സമ്മര്‍ദ്ദം ഉയരുന്നതും പ്രമേഹത്തിന് കാരണമാകുന്നു.


ജീവിതശൈലീ രോഗങ്ങളില്‍ പ്രമേഹം വളരെ പ്രധാന്യം അര്‍ഹിക്കുന്നു. തുടക്കത്തില്‍ പ്രകടമായ രോഗലക്ഷണങ്ങളില്ലാത്ത തിനാല്‍, പ്രമേഹത്തെ പരിപൂര്‍ണ്ണമായി അവഗണിക്കുന്ന പ്രവണത രോഗികളില്‍ കാണാറുണ്ട്. എന്നാല്‍, ആദ്യ വര്‍ഷങ്ങള്‍ വളരെ വിലപ്പെട്ടതാണ്. ഈ കാലയളവിലെ വിശദമായ പരിശോധനകളും ശാസ്ത്രീയചികിത്സകളും ഭാവിയിലെ അനുബന്ധ സങ്കീര്‍ണ്ണതകള്‍ തടയാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന് കണ്ടാലുടന്‍ മധുരം നിയന്ത്രിച്ചാല്‍ മാത്രം കാര്യങ്ങള്‍ കഴിഞ്ഞു എന്ന ധാരണ ശരിയല്ല. ആവശ്യമെങ്കില്‍ ചില ഗുളികകളും ഇന്‍സുലിന്‍ കുത്തിവയ്ക്കുന്നതും തുടക്ക ചികിത്സയില്‍ വളരെയധികം ഫലപ്രദമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.


പ്രമേഹചികിത്സ നിര്‍ണ്ണയിക്കുന്നതില്‍ പല ഘടകങ്ങളുണ്ട്. രോഗകാലയളവ്, രോഗിയുടെ പ്രായം, അവയവങ്ങളുടെ പ്രവര്‍ത്തനം എന്നിവ ചിലതുമാത്രം. നിലവില്‍ ലഭ്യമായ ഔഷധങ്ങളില്‍ ഗുളികരൂപത്തിലുള്ളവയും കുത്തിവയ്ക്കുന്ന മരുന്നുകളും പ്രമേഹനിയന്ത്രണത്തിന് മാത്രമല്ല, ഹൃദയം, വൃക്ക എന്നീ അവയവങ്ങളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനും അമിതവണ്ണമുള്ള രോഗികള്‍ക്ക് ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു.


അനിയന്ത്രിത പ്രമേഹം ചികിത്സിക്കുമ്പോള്‍ ഇന്‍സുലിന്‍ ഇന്‍ജക്ഷനുകള്‍ ഒഴിവാക്കാനാവില്ല. ഇന്‍സുലിന്‍ മരുന്നുകള്‍ കണ്ടുപിടിച്ചിട്ട് നൂറു വര്‍ഷം തികയുന്നു. പ്രമേഹചികിത്സയില്‍ ഏറ്റവും സുരക്ഷിതമാണ് ഇന്‍സുലിന്‍ എന്ന് ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. ടൈപ്പ്-2 പ്രമേഹചികിത്സയില്‍ ഗുളികകളോടൊപ്പമാണ് ഇന്‍സുലിന്‍ ഉപയോഗിക്കുന്നത്. ഇന്‍സുലിന്‍, ദിവസത്തില്‍ ഒന്നോ രണ്ടോ തവണ സ്വയം കുത്തിവയ്ക്കണം. ഇത്തരം ചികിത്സ തുടരുമ്പോള്‍ ഗ്ലൂക്കോമീറ്ററിന്റെ സഹായത്തോടെ പഞ്ചസാരയുടെ നില വീട്ടില്‍വച്ചുതന്നെ സ്വയം പരിശോധിച്ച് ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ മരുന്നിന്റെ അളവില്‍ ഏറ്റക്കുറച്ചില്‍ വരുത്തി പ്രമേഹം നിയന്ത്രണം സാദ്ധ്യമാക്കാം.


ഇന്‍സുലിന്‍ ഇന്‍ജക്ഷനുകള്‍, ഇപ്പോള്‍ ലഭ്യമായ വേദനരഹിത സൂചികളുടെ ഉപയോഗത്താല്‍ വളരെ എളുപ്പമാണ്. ഗ്ലൂക്കോമീറ്റര്‍ ഉപയോഗിച്ച് ദിവസത്തില്‍ പലതവണ രക്തത്തിലെ പഞ്ചസാര പരിശോധിക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിനാണ് കണ്ടിന്യുവസ് ഗ്ലൂക്കോസ് മോണിറ്ററിംഗ്. ഇവ പലതരത്തില്‍ ലഭ്യമാണ്. അതില്‍ ഏറ്റവും പുതുതായി എത്തിയിട്ടുള്ളത് ലിബ്രേ സെന്‍സറുകളാണ്. തോളിന് താഴെ കൈയില്‍ നാണയത്തിന്റെ വലിപ്പത്തില്‍ തൊലിപ്പുറത്ത് ഒട്ടിക്കാവുന്ന തരത്തിലുള്ളവയാണിവ. രണ്ടാഴ്ചത്തേയ്ക്കാണ് ഇവ വയ്ക്കുന്നത്. രണ്ടുതരത്തിലാണിവ. ഒന്നാമത്തേത്, ക്ലിനിക്കില്‍ വന്ന് ഘടിപ്പിക്കാവുന്നവ. രണ്ടാഴ്ച കഴിഞ്ഞ് ഇവ മാറ്റണം. രണ്ടാമത്തേത്, രോഗിക്ക് സ്വയം വാങ്ങി ഉപയോഗിക്കാവുന്നവ. ഇതില്‍ സെന്‍സര്‍ കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ നില അറിയാന്‍ റീഡറും ഉള്‍പ്പെടുന്നു.


പ്രമേഹചികിത്സയില്‍ ഇത്തരം നൂതന സാങ്കേതിക വിദ്യകള്‍ക്കൊപ്പം ഔഷധങ്ങളുടെ ഉപയോഗവും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിന് സഹായിക്കും. ഒപ്പം രക്തത്തിലെ കൊഴുപ്പും രക്തസമ്മര്‍ദ്ദവും ഉള്‍പ്പെടെ നിയന്ത്രിച്ചുനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്.


അവയവങ്ങളുടെ പ്രവര്‍ത്തനം സമയാസമയത്ത് വിലയിരുത്തുകയും വേണം. ഹൃദയം, വൃക്ക, കരള്‍. കണ്ണ്, തൈറോയ്ഡ്, പാദം എന്നിവയുടെ പരിശോധനയും സംരക്ഷണവും പ്രധാനമാണ്.


പ്രമേഹരോഗികള്‍ കോവിഡ് പ്രതിരോധമാര്‍ഗ്ഗങ്ങള്‍ കൃത്യമായി പാലിക്കണം. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഭക്ഷണക്രമീകരണം, വ്യായാമം എന്നിവയില്‍ ശ്രദ്ധിക്കണം. ആവശ്യത്തിന് ഉറങ്ങണം. വിറ്റാമിന്‍ ഡി, സിങ്ക്, വിറ്റാമിന്‍ സി എന്നിവ ഡോക്ടറുടെ നിര്‍ദ്ദേശത്തോടെ കഴിക്കുന്നതും നല്ലതാണ്. മാനസികസമ്മര്‍ദ്ദം കുറയ്ക്കുകയും വേണം.

 

 

 

OTHER SECTIONS