ആഹാരത്തില്‍ നല്ല ശ്രദ്ധവേണം

By Online Desk .09 08 2019

imran-azhar

 

 

ദിവസവും വീട്ടില്‍ രാവിലെ ബഹളമാണ് ആഹാരം കഴിക്കാന്‍ പറഞ്ഞാലോ, ആ ഭാഗത്തേയ്ക്ക് തിരിഞ്ഞു നോക്കുകയെ വേണ്ട... ഒന്നു കഴിക്കാതെ മെലിഞ്ഞു പോകുകയാണല്ലോ ഇശ്വരാ.... മിക്കവാറും എല്ലാ അമ്മമാര്‍ക്കും മക്കളെക്കുറിച്ചുള്ള ടെന്‍ഷന്‍ ഇതു തന്നെയാണ്. ഭക്ഷണം ശരിയായി കഴിയ്ക്കാത്തതിലൂടെ ആരോഗ്യത്തെ ബാധിക്കുന്നതിനൊപ്പം അവരുടെ പഠനത്തേയും ബാധിച്ചാലോ?..
പരീക്ഷാക്കാലമാണ് കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും ടെന്‍ഷന്‍ കൂട്ടുന്ന കാലം. പരീക്ഷാകാലത്ത് ഉറക്കമിളച്ചും ഭക്ഷണം വെടിഞ്ഞും പഠിക്കുന്നത് കുട്ടികളില്‍ പലരുടെയും ശീലമാണ്. എന്നാല്‍ ഇത് നല്ല ശീലമല്ല. പഠനത്തോടൊപ്പം പ്രധാനമാണ് ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം. പരീക്ഷയില്‍ നന്നായി ശോഭിക്കാന്‍ പഠിക്കുന്നതോടൊപ്പം നല്ല ഭക്ഷണവും കഴിക്കേണ്ടതുണ്ട്. കുട്ടികളുടെ ഭക്ഷണരീതിയില്‍ പ്രഭാതഭക്ഷണം മുതല്‍ രാത്രിയില്‍ കഴിക്കുന്ന അത്താഴം വരെ ശ്രദ്ധയോടെ ക്രമീകരിക്കണം. കുട്ടികള്‍ക്ക് വേണ്ട എല്ലാ പോഷകങ്ങളും ലഭിക്കുന്ന വ്യത്യസ്തങ്ങളായ ഭക്ഷണം കൊടുക്കാന്‍ ശ്രദ്ധിക്കണം.
ഏറ്റവും പോഷകമൂല്യമായ പ്രഭാതഭക്ഷണം തന്നെ തിരഞ്ഞെടുക്കേണ്ടതാണ്. ആവിയില്‍ വേവിച്ചെടുത്ത ഭക്ഷണങ്ങളാണ് ദഹനത്തിന് നല്ലത്. പാല്‍, മുട്ട പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ രക്തത്തിലെ റ്റൈറോസിന്റെ (അമിനോ ആസിഡ്) അളവിനെ വര്‍ദ്ധിപ്പിച്ച് കുട്ടികളുടെ തലച്ചോറിന്റെ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കുന്നു. നാല് നേരം വയറ് നിറയ്ക്കാതെ ഇടവിട്ട് പോഷകമൂല്യമുള്ള ലഘുഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തുകവഴി കുട്ടി ഉന്‍മേഷവാനായിരിക്കുകയും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

 

വെള്ളം അത്യാവശ്യം

 

ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. ജലാംശം ശരീരത്തില്‍ കുറഞ്ഞാല്‍ അത് പഠനത്തെ കാര്യമായി ബാധിക്കും. വെള്ളം ധാരാളം അടങ്ങിയ പഴങ്ങള്‍ (തണ്ണിമത്തന്‍, ഓറഞ്ച്, മധുരനാരങ്ങ) എന്നിവ ഉള്‍പ്പെടുത്തുക. കുട്ടികള്‍ക്ക് ഒരു ദിവസത്തേക്കുള്ള ഭക്ഷണം ചിട്ടപ്പെടുത്തുമ്പോള്‍ മാംസ്യത്തിന്റെ സ്ഥാനം ഉറപ്പുവരുത്തണം. പാല്‍, മുട്ട, മത്സ്യം (ഒമേഗ അടങ്ങിയ മത്തി, അയല, ചൂര) പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ ശരീരകലകളുടെ നിര്‍മ്മാണത്തിന് അനിവാര്യമാണ്. ജീവകം ബി,സി സിങ്ക് അടങ്ങിയ ഭക്ഷണം തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ശക്തിപ്പെടുത്തുന്നു. അതുമാത്രമല്ല ഭീതി ഉണ്ടാക്കുന്ന ഹോര്‍മോണുകളുടെ ഉല്‍പ്പാദനത്തെ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ പച്ചക്കറികള്‍ ഇലക്കറികള്‍, ഫ്‌ളാക്‌സ്‌സീഡ്, സൊയാബീന്‍ എന്നിവ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉദ്ദീപിപ്പിച്ച് ഓര്‍മ്മ ശക്തി വര്‍ദ്ധിപ്പിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോന്യൂട്രിയന്‍സുകള്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. അത്താഴം അത്തിപ്പഴത്തോളം എന്നാണല്ലോ പറയാളുള്ളത്. കൊഴുപ്പ് കുറഞ്ഞതും ധാരാളം നാരുകള്‍ അടങ്ങിയതുമായിരിക്കണം രാത്രി ഭക്ഷണം. മധുരം, പുളി എരിവ് എന്നിവ അമിതമായ ഭക്ഷണം നന്നല്ല. അത്താഴത്തിന് ശേഷം ഒരു ഗ്‌ളാസ് ഇളം ചൂട് പാല്‍ കുടിക്കുന്നത് നല്ല ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.

 

ഉറക്കം അത്യാവശ്യം

 

ശരിയായ ഉറക്കം വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും അത്യാവശ്യമാണ്. ഉറക്കം ബ്രെയിന്‍ കോശങ്ങള്‍ക്ക് വിശ്രമം നല്‍കുന്നു. ഉണര്‍വും ഉന്‍മേഷവും പ്രദാനം ചെയ്യുന്നു. അതിനാല്‍ 6 മുതല്‍ 8 മണിക്കൂര്‍വരെ ഉറങ്ങാന്‍ ശ്രദ്ധിക്കുക. ദിവസേന–30–45 മിനിട്ട് വ്യായാമം ചെയ്യുന്നത് മസ്തിഷ്‌ക്കത്തിന്റെ ആരോഗ്യത്തിന് ഫലപ്രദമാണ്. ഉല്‍കണ്ഠ കുറയുകയും ആത്മവിശ്വാസം ഉണര്‍ത്തുകയും ചെയ്യും.
നാരുകള്‍ നീക്കിയിട്ടുള്ള ഭക്ഷ്യവസ്തുക്കള്‍ (മൈദ ചേര്‍ന്നിട്ടുള്ള ആഹാരങ്ങള്‍) ചോക്കലേറ്റ്, ബേക്കറി പലഹാരങ്ങള്‍, കോളപാനീയങ്ങള്‍, പായ്ക്കറ്റ് ഫുഡുകള്‍ അമിതമായി മധുരം ചേര്‍ത്ത ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുവാന്‍ ശ്രദ്ധിക്കണം.

 

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 

പ്രഭാതഭക്ഷണം ഒഴിവാക്കാതിരിക്കുക
* ഇടവേളകളിട്ട് ഭക്ഷണം കഴിക്കുക
* ധാരാളം വെള്ളം കുടിക്കുക
* മാംസ്യം അടങ്ങിയ ഭക്ഷണം ദിവസേന ഉള്‍പ്പെടുത്തുക
* ആവിയില്‍ വേവിച്ച ആഹാരങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക
* കോളാ പാനീയങ്ങള്‍, കഫൈന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഒഴിവാക്കുക
* ആറ് മുതല്‍ എട്ട് മണിക്കൂര്‍ ഉറങ്ങുക
* അധിക മധുരം, മൈദ, എണ്ണയില്‍ വറുത്തതും പൊരിച്ചതും സ്‌നാക്കുകള്‍ (ബേക്കറി) ഫാസ്റ്റ്ഫുഡുകള്‍
എന്നിവ ഒഴിവാക്കുക.
* ചായ, കാപ്പി എന്നിവയുടെ അമിതമായ ഉപയോഗം നന്നല്ല.
* സമോസ, വട, ബര്‍ഗര്‍. പേസ്റ്ററീസ് എന്നിവയ്ക്ക് പകരം ബദാം കശുവണ്ടി പിസ്ത എന്നിവ കഴിക്കാം.
* പരീക്ഷാകാലത്ത് ഹോട്ടല്‍ ഭക്ഷണം ഉപേക്ഷിക്കുന്നതാണ് നല്ലത്. ഇത്തരം ഭക്ഷണത്തില്‍ ഉപയോഗിക്കുന്ന
എണ്ണയും രുചിയും മണവും കൂട്ടുന്ന ഘടകങ്ങളും കുട്ടികള്‍ക്ക് ദഹനക്കുറവും അസുഖങ്ങളും ഉണ്ടാക്കും.
* പരീക്ഷത്തലേന്ന് ഉറക്കമിളക്കരുത്.
* ഉറങ്ങാന്‍ പോകുന്നതിന് 2 മണിക്കൂര്‍ മുന്‍പെങ്കിലും അത്താഴം കഴിക്കണം.
* കുട്ടികള്‍ ശരാശരി ആറ് മുതല്‍ എട്ട് മണിക്കൂര്‍ വരെ ഉറങ്ങാന്‍ ശ്രദ്ധിക്കണം.

 

 

 

================================================================
പ്രമേഹത്തെക്കുറിച്ച് കൂടുതൽ അറിയുവാൻ ബന്ധത്തപ്പെടുക  :

ജ്യോതിദേവ് ഡയബറ്റീസ് ആൻഡ് റിസർച്ച് സെന്റർ,
തിരുവനന്തപുരം.
ഫോൺ  : 098460 40055

അപ്പോയിന്മെന്റുകൾക്ക് : ക്ലിക് ചെയ്യുക
 ================================================================

 

OTHER SECTIONS