ആരോഗ്യമേഖലയില്‍ പശ്ചാത്തല സൗകര്യ വികസന നേട്ടവുമായി എറണാകുളം ജില്ല

By S R Krishnan.01 Jun, 2017

imran-azhar
 
കൊച്ചി: കഴിഞ്ഞ ഒരു വര്‍ഷം ആരോഗ്യരംഗത്തെ പശ്ചാത്തല സൗകര്യ വികസനത്തില്‍ ജില്ല വന്‍ മുന്നേറ്റമാണ് നടത്തിയത്.  പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജ് വരെയുള്ള ആരോഗ്യ സേവന കേന്ദ്രങ്ങളില്‍ നൂതന ചികിത്സാസംവിധാനങ്ങളും രോഗി സൗഹൃദ സൗകര്യങ്ങളും ഒരുക്കുതില്‍ ജില്ല നേട്ടങ്ങള്‍ കൈവരിച്ചു. 
പുതിയ സര്‍ക്കാര്‍ സ്ഥാനമേറ്റെടുത്തതോടെ കൊച്ചിന്‍ കാന്‍സര്‍ ഗവേഷണകേന്ദ്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി. 2016 നവംബറില്‍ കാന്‍സര്‍ ഗവേഷണകേന്ദ്രത്തിന്റെ ഒപി വിഭാഗം പ്രവര്‍ത്തനം തുടങ്ങി. കൊച്ചി മെഡിക്കല്‍ കോളേജിനായി 311 കോടി രൂപ അനുവദിച്ചു. കാന്‍സര്‍ സെന്ററിന്റെയും മെഡിക്കല്‍ കോളേജിന്റെയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റില്‍ ആരംഭിക്കും. മെഡിക്കല്‍ കോളേജില്‍ 108 തസ്തികകള്‍ പുതുതായി സൃഷ്ടിച്ചു. കാത്ത് ലാബും എം.ആര്‍.ഐ സ്‌കാനിങ് കേന്ദ്രവും ആറു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം തുടങ്ങും. കാന്‍സര്‍ രോഗികള്‍ക്ക് ചികിത്സാ സഹായം നല്‍കുന്ന കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയില്‍ കൊച്ചി കാന്‍സര്‍ സെന്ററിനെയും ഉള്‍പ്പെടുത്തി.  കൊച്ചി മെഡിക്കല്‍ കോളേജിനെ നേരത്തെ തന്നെ കാരുണ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 
 
എറണാകുളം ജനറല്‍ ആശുപത്രിക്ക് ചരിത്രത്തിലാദ്യമായി ബജറ്റില്‍ പ്രത്യേക വിഹിതം അനുവദിച്ചു. ആശുപത്രിയിലെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തിന്റെ നിര്‍മാണം അടുത്ത മാസം ആരംഭിക്കും. ഹൃദ്രോഗ ചികിത്സയില്‍ എറണാകുളം ജനറല്‍ ആശുപത്രിയില്‍ അത്യാധുനിക കാത്ത് ലാബ് സൗകര്യം 2016 ജൂലൈയില്‍ ആരംഭിച്ചു. അഞ്ചുകോടി രൂപ ചെലവിലാണ് കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഈ സംവിധാനം നടപ്പിലാക്കിയത്. ചിറ്റിലപ്പിള്ളി ഫൗണ്ടേഷനും പദ്ധതിക്ക് സാമ്പത്തിക പിന്തുണ നല്‍കി. ഇതുവരെ ഏതാണ്ട് 1800 ലധികം പേര്‍ക്ക്പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. ഇതില്‍ 900 പേരില്‍ ആന്ജിയോപ്ലാസ്റ്റി നടത്തുകയും, 25 പേര്‍ക്ക് പേസ് മേക്കര്‍ ഘടിപ്പിക്കുകയും  ചെയ്തു. 
 
എറണാകുളം ജനറല്‍ ആശുപത്രിയില്‍ പാലിയേറ്റിവ് രോഗികള്‍ക്ക് ഹോം കെയര്‍ സംവിധാനം ഒരുക്കുതിനും, പാലിയേറ്റീവ് നഴ്‌സുമാര്‍ക്ക് പരിശീലനം നല്‍കുതിനായി 50 ലക്ഷം രൂപ ചിലവില്‍ പുതിയ പാലിയേറ്റിവ് കെയര്‍ ബ്‌ളോക്ക് 2016 ഡിസംബറില്‍ പ്രവര്‍ത്തനമാരംഭിച്ചു. 
ഏകദേശം 4.90 കോടി ചിലവില്‍ ജനറല്‍ ആശുപത്രിയില്‍ ക്യാന്‍സര്‍ ചികിത്സയുടെ നൂതന സംവിധാനം,  ലീനിയര്‍ ആക്‌സിലറേറ്റര്‍, സജ്ജമാക്കും. ആറ് രാജ്യസഭ എം.പി. മാരുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പിലാക്കുത്. ഓ.പി. ബ്‌ളോക്കിനോട് ചേര്‍ന്ന് പുതിയ കാര്‍ഡിയോളജി ബ്‌ളോക് പണിതു വരുുണ്ട്. മുന്‍ എംഎല്‍എ ലൂഡി ലൂയിസിന്റെ ആസ്തിവികസനഫണ്ടില്‍ നിന്നാണ് കാര്‍ഡിയോളജി ബ്‌ളോക്കിനായുള്ള തുക വകയിരുത്തുത്.
 
 ഇന്നസെന്റ് എം.പി. യുടെ 'ശ്രദ്ധ' പദ്ധതിയുടെ കീഴില്‍ ആലുവ ജില്ലാ ആശുപത്രിയില്‍ സ്തനാര്‍ബുദ നിര്‍ണയത്തിനായി മാമ്മോഗ്രാം യുണിറ്റ് ആരംഭിച്ചു. 50  ലക്ഷം രൂപ ചെലവിലാണ് യൂണിറ്റ് ജനുവരിയില്‍ സ്ഥാപിച്ചത്. 
 
ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ്  പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഏഴ് ഡയാലിസിസ് മെഷീനുകളാണ് യൂണിറ്റില്‍ ഒരുക്കിയിട്ടുള്ളത്. 92,40,211 രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്.
കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍്‌പോര്‍ട്ടിന്റെ സഹകരണത്തോടെ തൃപ്പൂണിത്തുറ താലുക്ക് ആശുപത്രിയില്‍ സ്ഥാപിച്ച ഡയാലിസിസ് യുണിറ്റ്  2016 ഒക്ടോബറില്‍ പ്രവര്‍ത്തനമാരംഭിച്ചു. 61 ലക്ഷം രൂപ ചെലവിലാണ് പദ്ധതി പൂര്‍ത്തിയാക്കിയത്.  ഒ.പി. ബ്‌ളോക്ക് പുനര്‍നിര്‍മാണത്തിനായി 50 ലക്ഷവും, മോര്‍ച്ചറി ഫ്രീസര്‍ യുണിറ്റ് പുതുക്കുന്നതിനായി 7 ലക്ഷവും രൂപ ചിലവില്‍ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ താലുക്ക് ആശുപത്രിയില്‍ പുരോഗമിക്കുന്നു. 
 
ഇന്നസെന്റ് എം. പി. യുടെ കാന്‍സര്‍ ചികിത്സാ ആധുനികവല്‍ക്കരണ പരിപാടിയുടെ ഭാഗമായി അങ്കമാലി താലൂക്ക് ആശുപത്രിയില്‍ മാമ്മോഗ്രാം യൂണിറ്റ് സ്ഥാപിച്ചു. വടവുകോട് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍  പുതിയ ഓ.പി. കെട്ടിടം എംഎല്‍എ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവിട്ട് നിര്‍മ്മിച്ചു. ബ്‌ളോക്കു പഞ്ചായത്ത് ഫണ്ടുപയോഗിച്ച് പണ്ടപ്പിള്ളി, മൂത്തകുന്നം, മലയിടംതുരുത്ത് സാമൂഹ്യാരോഗ്യ കേന്ദ്രത്തില്‍ പുതിയ ഇന്‍സിനറേറ്ററുകള്‍ സ്ഥാപിച്ചു.