ശസ്ത്രക്രിയ വേണ്ട, വെരിക്കോസ് വെയിന്‍ മാറ്റാം

By Rajesh Kumar.02 Jan, 2017

imran-azhar

 

ഡോ. ശക്തി പാര്‍വതി ഗോപാലകൃഷ്ണന്‍
ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജിസ്റ്റ്
മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍
കൊച്ചി

 


വെരിക്കോസ് വെയിന്‍ പലര്‍ക്കും തീരാതലവേദനയാണ്. സ്ത്രീകളിലാണ് ഈ പ്രശ്‌നം കൂടുതല്‍ കണ്ടുവരുന്നത്. പാരമ്പര്യമായി വെരിക്കോസ് വെയിന്‍ വരാം. കാലിനെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. കാലു കഴപ്പോടെയാണ് തുടക്കം. കോച്ചിവലിക്കല്‍, നീര്, കല്ലപ്പ്, കാലിന്റെ ആകൃതിയിലും, നിറത്തിലും വ്യത്യാസം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. കുറച്ചുകാലം കഴിയുമ്പോള്‍ രക്തസ്രാവവും മുറിവ്, പുണ്ണ് എന്നിവയും പ്രത്യക്ഷപ്പെടും.
ആരോഗ്യമുള്ളവരില്‍ ഹൃദയത്തില്‍ നിന്ന് രക്തകുഴലുകളിലേക്കും തിരിച്ചും രക്തം പ്രവഹിക്കുന്നു. അസുഖം ബാധിച്ചവരില്‍ രക്തം ഒരു ഭാഗത്തേക്കു മാത്രമേ പ്രവഹിക്കൂ. ഹൃദയത്തിലേക്കുള്ള തിരിച്ചുപോക്ക് ദുര്‍ബലമായ വാല്‍വുകള്‍ തടയുന്നു. ഇത് രക്തം കെട്ടി നില്‍ക്കാനും ഞരമ്പുകള്‍ വികസിക്കാനും കാരണമാകുന്നു.

 

ലേസര്‍ ചികിത്സ
ശസ്ത്രക്രിയയാണ് വെരിക്കോസ് വെയിനിനുള്ള സാധാരണ ചികിത്സ. ഇന്ന് ശസ്ത്രക്രിയ കൂടാതെ ലേസര്‍ ചികിത്സയും സ്‌ക്‌ളീറോ തെറാപ്പിയും ഉണ്ട്. താരതമ്യേന വേദനാരഹിതമാണ് ലേസര്‍ ചികിത്സ. ലേസര്‍ ചികിത്സ വിദേശ രാജ്യങ്ങളില്‍ പ്രചാരത്തിലുണ്ടെങ്കിലും മലയാളി അറിഞ്ഞുവരുന്നതേയുള്ളൂ.
അള്‍ട്രാസൗണ്ടിന്റെ സഹായത്തോടെ വെരിക്കോസ് വെയിനിന്റെ സ്ഥാനവും വലുപ്പവും നിര്‍ണ്ണയിക്കുന്നു. ശരീരത്തിലുണ്ടാക്കുന്ന ചെറിയ സുഷിരത്തിലൂടെ രോഗബാധിതമായ വെരിക്കോസ് വെയിനിലേക്ക് ഫൈബര്‍ ട്യൂബ് കടത്തിവിടുന്നു. അതു പുറകോട്ടു വലിക്കുമ്പോള്‍ ഫൈബര്‍ ട്യൂബിന്റെ അറ്റത്തു ഘടിപ്പിച്ച ഇന്‍ഫ്രാറെഡ് ലൈറ്റ് പ്രവര്‍ത്തിക്കുകയും ചൂടുണ്ടാവുകയും ചെയ്യുന്നു. ഇങ്ങനെ ഞരമ്പ് ചുരുങ്ങുന്നു. ആ ഞരമ്പിലൂടെ പിന്നീട് രക്തപ്രവാഹം ഉണ്ടാവാതെ മുഴുവനായും നശിപ്പിച്ചു കളയുകയാണ് ചെയ്യുന്നത്.
വെരിക്കോസ് വെയിന്‍ ഉപയോഗശൂന്യമായ സിരകളാണ്. അതിനാല്‍, കരിച്ചു കളയുന്നതുകൊണ്ട് ശരീരത്തിലെ മറ്റവയവങ്ങള്‍ക്ക് ദോഷമുണ്ടാകില്ല.

 

വേദനയില്ല
ലേസര്‍ ചികിത്സയ്ക്ക് ഏകദേശം ഒന്നര രണ്ടു മണിക്കൂര്‍ എടുക്കും. ലോക്കല്‍ അനസ്‌തേഷ്യ നല്‍കിയാണ് ചെയ്യുന്നത്. പേടിയുള്ളവര്‍ക്ക് ചെറിയ സെഡേഷനും നല്‍കാറുണ്ട്. ലേസര്‍ ചികിത്സയ്ക്കു ശേഷം കാലുകഴപ്പ്, വേദന, നീര് എന്നിവ ഉണ്ടാകാം.
ലേസര്‍ ചികിത്സ കഴിഞ്ഞ് നടന്നുതന്നെ പോകാവുന്നതാണ്. ഒരാഴ്ച ആയാസം കുറഞ്ഞ ജോലികളേ ചെയ്യാവൂ. രണ്ടാമത്തെ ആഴ്ച മുതല്‍ സാധാരണ ജോലികള്‍ ചെയ്യാം. ജിമ്മില്‍ വ്യായാമം, ദീര്‍ഘ സമയം നിന്നുള്ള ജോലി, കഠിനാദ്ധ്വാനമുള്ള ജോലി, എന്നിവ ഒരു മാസം കഴിഞ്ഞേ ചെയ്യാവൂ. രണ്ടാഴ്ച കഴിഞ്ഞേ വാഹനം ഓടിക്കാവൂ. ദൂരയാത്രകളും രണ്ടാഴ്ച ഒഴിവാക്കണം. ലേസര്‍ ചികിത്സ കഴിഞ്ഞ് നടക്കാം, ദൈനദിന കാര്യങ്ങള്‍ ചെയ്യാം, ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍ക്ക് പിറ്റേ ദിവസം മുതല്‍ ജോലിക്കും പോയി തുടങ്ങാം.

 

എല്ലാവര്‍ക്കും ചികിത്സ സാധ്യമാണോ?
എല്ലാ വെരിക്കോസ് വെയിനുകള്‍ക്കും ലേസര്‍ ചികിത്സ സാധ്യമല്ല. ഫൈബര്‍ ട്യൂബ് കടത്താന്‍ ആവശ്യമായ വലുപ്പം വെരിക്കോസ് വെയിനിന് ഉണ്ടായിരിക്കണം. നേരെയുള്ള വെയിനുകളിലാണ് ലേസര്‍ ചികിത്സ ചെയ്യുന്നത്. അള്‍ട്രാസൗണ്ട് നോക്കി ലേസര്‍ ചികിത്‌സ തീരുമാനിക്കുമ്പോള്‍ പുറമെയുള്ള ഞരമ്പുകളിലെ ഇതു സാധ്യമാകൂ. എന്നാല്‍, ഉള്ളിലുള്ള ഞരമ്പുകളില്‍ ബ്ലോക്ക് വന്നാല്‍ ചികിത്സ പറ്റില്ല. വര്‍ഷങ്ങളായുള്ള പുണ്ണ് ചികിത്സിച്ചു ഭേദമാക്കാന്‍ ബുദ്ധിമുട്ടാണ്. ലേസര്‍ ചികിത്സയിലൂടെ ഇതു സാധ്യമാണെങ്കിലും പിന്നീട് പ്ലാസ്റ്റിക് സര്‍ജറി നടത്തേണ്ട വരും.

 

വീണ്ടും വന്നാല്‍
ലേസര്‍ ചികിത്സ ചെയ്താലും രോഗം വീണ്ടും വരാന്‍ സാധ്യതയുണ്ട്. അങ്ങനെ വന്നാല്‍ സ്‌കാന്‍ ചെയ്തു നോക്കിയാണ് വീണ്ടും ലേസര്‍ ചെയ്യണോ മറ്റു ചികിത്സാരീതികള്‍ വേണോ എന്നു തീരുമാനിക്കുന്നത്. ഒരു തവണ ലേസര്‍ ചികിത്സ കഴിഞ്ഞു വീണ്ടും ലേസര്‍ ചികിത്സ ചെയ്യുന്നതിനു തടസ്‌സമില്ല.
ലേസര്‍ ചികിത്സ ചെയ്യാന്‍ പറ്റാത്ത വെരിക്കോസ് വെയിനുകള്‍ക്ക് സ്‌ക്ലിറോ തെറാപ്പി ചെയ്യാം. മരുന്നു കയറ്റിയാണ് സ്‌ക്ലീറോ തെറാപ്പി ചെയ്യുന്നത്. മരുന്ന് നീര്‍വീക്കമുണ്ടാക്കുകയും ഞരമ്പ് ചുരുക്കുകയും ചെയ്യുന്നു. എന്നാല്‍, സ്‌ക്ലീറോ തെറാപ്പിയെക്കാള്‍ സുരക്ഷിതവും നല്ലതും ലേസര്‍ ചികിത്സയാണ്. വളരെ ശ്രദ്ധയോടെ ചെയ്യേണ്ടതാണ് സ്‌ക്ലീറോ തെറാപ്പി. അല്ലെങ്കില്‍ മരുന്നുകള്‍ മറ്റു ഞരമ്പുകളില്‍ കയറും. ലേസര്‍ ചികിത്സയ്ക്കു ശേഷം സ്‌ക്ലീറോ തെറാപ്പി ചെയ്യുന്നത് നല്ലതാണ്.

 

ചികിത്സ തുടക്കത്തില്‍ വേണം
വെരിക്കോസ് വെയിന്‍ നേരത്തെ കണ്ടെത്തി ചികിത്സിക്കണം. വെരിക്കോസ് വെയിനിന് തുടക്കത്തില്‍ വേണ്ട പരിചരണം നല്‍കിയാല്‍, ഒരു പരിധിവരെ അപകടകരമാകാതെ കൊണ്ടുപോകാം. രോഗികള്‍ സ്‌റ്റോകിംഗ്‌സ് ഉപയോഗിക്കുക. രാവിലെ സ്‌റ്റോകിംഗ്‌സ് ധരിക്കുകയും രാത്രിയില്‍ അഴിച്ചുവയ്ക്കുകയും വേണം.
കുറെ നേരം നില്‍ക്കുന്നത് ഒഴിവാക്കണം. ഒരേ രീതിയില്‍ കാലുകള്‍ തൂക്കിയിട്ടിരിക്കുന്നതും നന്നല്ല. വ്യായാമം, യോഗ, നടത്തം എന്നിവയും നല്ലതാണ്.
ലേസര്‍ ചികിത്സ എല്ലാവര്‍ക്കും ചെയ്യാവുന്നതാണ്. മറ്റു മരുന്നുകള്‍ ചികിത്സയില്‍ ഉപയോഗിക്കാത്തതിനാല്‍ സങ്കീര്‍ണ്ണതകള്‍ക്കും സാധ്യത കുറവാണ്. ഗുരുതരമായ രോഗമുള്ളവരെയും ഗര്‍ഭിണികളെയും മാത്രമേ ലേസര്‍ ചികിത്സയില്‍ നിന്ന് ഒഴിവാക്കാറുള്ളൂ.

 

 

 

 

OTHER SECTIONS