കാന്‍സര്‍ തടയാന്‍ റെയിന്‍ബോ ഡയറ്റ്

By Rajesh Kumar.02 Feb, 2017

imran-azhar

ഡോ. ശരണ്യ 
ന്യുട്രിഷനിസ്റ്റ്
എസ്.പി.ഫോര്‍ട്ട് ആശുപത്രി
തിരുവനന്തപുരം

 

 

ഇന്ന് മലയാളിയെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്ന രോഗങ്ങളിലൊന്നാണ് കാന്‍സര്‍. കേരളത്തില്‍ കാന്‍സര്‍ രോഗം പെരുകുന്നതിന് കാരണം കണ്ടെത്താന്‍ ശ്രമിച്ചാല്‍ ആദ്യം എത്തിച്ചേരുന്നത് ഭക്ഷണക്രമത്തിലെ താളപ്പിഴകളിലേക്കാണ്. മലയാളിയെ ബാധിക്കുന്ന കാന്‍സറുകളില്‍ 45 ശതമാനത്തിനും പ്രധാന കാരണമായി പറയാവുന്നത് മാംസാഹാരം, ജങ്ക് ഫുഡ്, സോഫ്ട് ഡ്രിങ്കുകള്‍ എന്നിവയുടെ അമിത ഉപയോഗമാണ്. പുകയില ഉള്‍പ്പെടെയുള്ള മറ്റു കാരണങ്ങള്‍ രണ്ടാമതേ വരുന്നുള്ളൂ എന്നുപറയുമ്പോള്‍ തന്നെ ഭക്ഷണക്രമത്തിലെ ഗുരുതരമായ പിഴവ് മനസ്സിലാക്കാവുന്നതേയുള്ളൂ.
കാന്‍സറും ഭക്ഷണവും തമ്മിലുള്ള ബന്ധം കൃത്യമായി നിര്‍വ്വചിക്കാന്‍ ഒരു പൊതുമാനദണ്ഡം പ്രായോഗികമല്ല. ഉദാഹരണത്തിന്, കീടനാശിനി പ്രയോഗിച്ച പച്ചക്കറി കഴിക്കുന്ന രണ്ടു പേരില്‍ ഒരാള്‍ക്ക് രോഗസാധ്യത കൂടിയും മറ്റേയാള്‍ക്ക് അത് വലിയ പ്രശ്‌നമുണ്ടാക്കാതിരിക്കുകയും ചെയ്‌തേക്കാം. ഓരോരുത്തരുടെയും ജന്മനാലുള്ള പ്രതിരോധശക്തിയുടെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരം രോഗങ്ങള്‍ ബാധിക്കുന്നതെന്നു ചുരുക്കം. എന്നാല്‍, മറ്റൊരു അംഗീകരിക്കപ്പെട്ട വസ്തുത ചില ഭക്ഷ്യവസ്തുക്കള്‍ കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുമ്പോള്‍ ചിലത് രോഗത്തെ പ്രതിരോധിക്കുന്നു എന്നുമാണ്. എന്നാല്‍, ഏതെങ്കിലും പ്രത്യേക ആഹാരം കാന്‍സറിനു കാരണമാകുമെന്ന് പറയാനും കഴിയില്ല. കാന്‍സര്‍ പ്രതിരോധത്തിന് ഏറ്റവും മികച്ചത് പഴങ്ങളും പച്ചക്കറികളുമാണ്. പക്ഷേ, അവ വിഷരഹിതമായിരിക്കണം. ഭക്ഷ്യധാന്യങ്ങളും നാരുകളടങ്ങിയ ഭക്ഷണവും പ്രധാനമാണ്.

 

എന്താണ് റെയിന്‍ബോ ഡയറ്റ്?
കാന്‍സറിനെ പ്രതിരോധിക്കാന്‍ റെയിന്‍ബോ ഡയറ്റ് മികച്ച മാര്‍ഗ്ഗമാണ്. പല നിറത്തിലുള്ള പഴങ്ങളും പച്ചക്കറികളും ചേര്‍ന്ന ഭക്ഷണക്രമമാണ് റെയിന്‍ബോ ഡയറ്റ്. മഴവില്ലിലെ ഏതു നിറത്തിലും പഴങ്ങളും പച്ചക്കറികളും ലഭ്യമാണ്. കാരറ്റ്, ബീറ്റ്‌റൂട്ട്, ചെറി, റമ്പൂട്ടാന്‍, പ്‌ളം, മുന്തിരി, ഓറഞ്ച്, പപ്പായ, വാഴപ്പഴം, സപ്പോര്‍ട്ട, പേരയ്ക്ക എന്നിങ്ങനെ എല്ലാ പഴങ്ങളും വിവിധ നിറങ്ങളിലാണ് പ്രകൃതി സൃഷ്ടിച്ചിട്ടുള്ളത്. ഇവ പലരീതിയില്‍ പ്രതിരോധശക്തി നല്‍കുന്നവയാണ്. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം ധാതുലവണങ്ങളും നാരുകളും വൈറ്റമിനുകളും അടങ്ങിയിരിക്കുന്നു. കാബേജ്, കോളിഫ്‌ളവര്‍, ബ്രോക്കോളി എന്നിവയെല്ലാം മികച്ചതാണ്. സസ്യാഹാരക്രമം ശരീരത്തിനാകെ ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു. കൃത്യമായ ഇടവേളകളില്‍ പഴങ്ങള്‍ കഴിക്കുകയും പച്ചക്കറികള്‍ സാലഡ് രൂപത്തില്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. ചുരുക്കത്തില്‍, പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും അടങ്ങിയ ഭക്ഷണക്രമമാണ് റെയിന്‍ബോ ഡയറ്റ്. മാംസാഹാരത്തില്‍ നിന്ന് ശരീരത്തിനു ലഭിക്കുന്ന പോഷണങ്ങളും പഴങ്ങളും പച്ചക്കറികളും കഴിക്കുമ്പോള്‍ കിട്ടും. മാത്രമല്ല, മാംസാഹാരം, മധുരം, എണ്ണ, വറുത്തതും പൊരിച്ചതുമായ ഭക്ഷണം എന്നിവ കഴിക്കുമ്പോള്‍ ശരീരത്തില്‍ അടിയുന്ന വിഷാംശങ്ങള്‍ ഇവ കഴിക്കുന്നതിലൂടെ മാറുകയും ചെയ്യും.

 

വൈറ്റമിന്‍ സി കേമന്‍

റെയിന്‍ബോ ഫുഡിന്റെ ഭാഗമായ പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിട്ടുള്ള ആന്റിഓക്‌സൈഡുകള്‍ രോഗപ്രതിരോധശേഷി നല്‍കുന്നു. രോഗപ്രതിരോധത്തിന് എറ്റവും പ്രധാനമാണ് വൈറ്റമിന്‍ സി. പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വൈറ്റമിന്‍ സി അടങ്ങിയിരിക്കുന്നു. വിവിധ നിറങ്ങളിലുള്ള പഴങ്ങളില്‍ ഈ വൈറ്റമിന്റെ അളവ് കൂടുതലാണ്. ആപ്പിള്‍, മുന്തിരി, തണ്ണിമത്തന്‍, നാരങ്ങ, ഓറഞ്ച്, കിവി എന്നിവയില്‍ വൈറ്റമിന്‍ സി ധാരാളമുണ്ട്. പച്ചനിറത്തിലുള്ള ഇലക്കറികളും വൈറ്റമിന്‍ സിയുടെ കലവറയാണ്. റെയിന്‍ബോ ഫുഡിന്റെ മേന്മ വൈറ്റമിന്‍ സിയുടെ ലഭ്യതയാണ്.

 

വൈറ്റമിന്‍ എയും മികച്ചത്
മറ്റൊരു ശക്തിയേറിയ ആന്റിഓക്‌സിഡന്റ് ആണ് വൈറ്റമിന്‍ എ. വൈറ്റമിന്‍ എ ശരിയായ അളവില്‍ ശരീരത്തിനു ലഭ്യമാക്കിയാല്‍ രോഗപ്രതിരോധശേഷി വര്‍ദ്ധിക്കും. വൈറ്റമിന്‍ എയുടെ നല്ല ഉറവിടമാണ് കാരറ്റ്. നിത്യവും ഭക്ഷണത്തില്‍ കാരറ്റ് ഉള്‍പ്പെടുത്താം. അപ്രിക്കോട്ട്, സ്പിനാച്, ബ്രോക്കോളി, പഴുത്ത മാങ്ങ, ചക്ക എന്നിവയും വൈറ്റമിന്‍ എയുടെ ഉറവിടങ്ങളാണ്. കൈതച്ചക്ക, ആത്തിച്ചക്ക എന്നിവയിലും ഇതുണ്ട്.

 

ഫൈറ്റോകെമിക്കല്‍സ്
രോഗപ്രതിരോധശേഷി പ്രദാനം ചെയ്യുന്നവയാണ് പഴങ്ങളിലും പച്ചക്കറികളിലുമുള്ള ഫൈറ്റോകെമിക്കസ്. കാന്‍സറിനെ പ്രതിരോധിക്കാനും ഇവയ്ക്കു കഴിവുണ്ട്. കാബേജില്‍ അടങ്ങിയിരിക്കുന്ന ഫൈറ്റൊകെമിക്കലിന് സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ കഴിവുണ്ടെന്നു പഠനങ്ങള്‍ പറയുന്നു. കുരുമുളക്, വെളുത്തുള്ളി, കാരറ്റ്, മുന്തിരി തുടങ്ങിയവയിലെല്ലാമുള്ള ഫൈറ്റോകെമിക്കല്‍സ് രോഗപ്രതിരോധശേഷി നല്‍കുന്നു. പച്ചക്കറികളിലുള്ള ഫ്ളെവനോയ്ഡുകള്‍, തക്കാളിയിലുള്ള ലൈക്കോപീന്‍ എന്നിവയെല്ലാം മികച്ചവയാണ്.

 

ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടവ

തക്കാളി, ബ്രോക്കോളി, തണ്ണിമത്തന്‍, കാബേജ്, കാരറ്റ്, ബീന്‍സ്,
സൂര്യകാന്തിവിത്ത്, മുന്തിരി, പപ്പായ, വാഴപ്പഴം, ചക്ക, മാങ്ങ, ആത്തിച്ചക്ക, ആപ്പിള്‍ എന്നിവയെല്ലാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.

തയ്യാറാക്കിയത്:
പ്രദീപ് ആനന്ദ്

 

 

OTHER SECTIONS