സ്ത്രീകളുടെ മുഖരോമം രോഗം

By Rajesh Kumar.05 Dec, 2017

imran-azhar

ഡോ. എസ്.മായാദേവി കുറുപ്പ്
ഗൈനക്കോളജിസ്റ്റ്
ആസ്റ്റര്‍ മെഡ്‌സിറ്റി
കൊച്ചി

 


പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് പലപ്പോഴും ഒരു രോഗമല്ല, രോഗാവസ്ഥ മാത്രമാണ്. ശരിയായ ജീവിതചര്യയിലൂടെ വ്യായാമം, ഭക്ഷണക്രമീകരണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ജീവിച്ചാല്‍ ഒരളവുവരെ ഈ രോഗത്തിനെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും.


രോഗിയുടെ പ്രായം, രോഗലക്ഷണങ്ങള്‍, വിവാഹിതയാണോ അല്ലയോ, സന്താനങ്ങളെ ആഗ്രഹിക്കുന്നുവോ അതോ സന്താനനിയന്ത്രണം ആവശ്യമാണോ ഇവയെല്ലാം കണക്കിലെടുത്തതിന് ശേഷമേ ചികിത്സ നിര്‍ണ്ണയിക്കാനാവൂ. എന്നാല്‍, മേല്പറഞ്ഞ എല്ലാ രോഗികളും ഏകീകൃതമായി പാലിക്കേണ്ട ഒരു ചികിത്സയുണ്ട് - ഭക്ഷണ നിയന്ത്രണവും കൃത്യമായ വ്യായാമവും. ഇതിന്റെ പ്രധാന കാരണം, പലരിലും അമിതവണ്ണം കുറയ്ക്കുക വഴി ഹോര്‍മോണുകളുടെ അസന്തുലിതാവസ്ഥ മാറാനും ആര്‍ത്തവ ക്രമക്കേടുകള്‍ നിയന്ത്രിക്കാനും സാധിക്കും എന്നതാണ്.


അവിവാഹിതരായ രോഗികള്‍ക്ക് ഹോര്‍മോണുകള്‍ അടങ്ങിയ ഗുളികകള്‍ (കമ്പയിന്റ് ഓറല്‍ കോണ്‍ട്രസെപ്റ്റീവ് പില്‍സ്) കൊടുത്താല്‍ കൃത്യമായ ആര്‍ത്തവചക്രം ഉണ്ടാവുകയും അവരുടെ ശരീരത്തിലെ ഹോര്‍മോണുകള്‍ സാധാരണ നിലയിലാവുകയും ചെയ്യും. ഈ ഗുളികകളുടെ മറ്റൊരു ഗുണം മുഖത്തും താടിയിലും കാണപ്പെടുന്ന അമിതമായ രോമവളര്‍ച്ച തടയാനും ഇവ സഹായകമാകും എന്നതാണ്. ഹോര്‍മോണ്‍ ഗുളികകളോടൊപ്പം കൊടുക്കാവുന്ന മറ്റൊരു മരുന്നാണ് പ്രമേഹരോഗ മരുന്നുകളുടെ കൂട്ടത്തില്‍ പെടുന്ന മെറ്റ്‌ഫോമിന്‍ എന്ന ഗുളികകള്‍. ഈ മരുന്ന് നേരത്തേ സൂചിപ്പിച്ച ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് എന്ന അവസ്ഥയെ ഇല്ലാതാക്കാനും ശരീരഭാരം / അമിതവണ്ണം കുറയ്ക്കാനും സഹായിക്കുന്നു. ഇത് പ്രമേഹരോഗത്തിനുള്ളതാണെങ്കിലും പ്രമേഹരോഗമില്ലാത്തവരില്‍ ഈ മരുന്ന് യാതൊരുവിധ പാര്‍ശ്വഫലങ്ങളും ഉണ്ടാക്കാനിടയില്ലെന്നത് രോഗികളെ പ്രത്യേകിച്ച് പറഞ്ഞു മനസ്‌സിലാക്കേണ്ടതുണ്ട്.

 

വന്ധ്യതയും പരിഹരിക്കാം
പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് മൂലം വന്ധ്യത അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് അണ്‌ഡോല്പാദനം നടക്കാന്‍ ഓവുലേഷന്‍ ഇന്‍ഡക്ഷന്‍ ഡ്രഗ്‌സ് എന്ന വിഭാഗത്തില്‍പ്പെടുന്ന മരുന്നുകളാണ് നല്‍കാറുള്ളത്. ഈ മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ (ഒന്നില്‍ക്കൂടുതല്‍ കുഞ്ഞുങ്ങളെ ഒരേ സമയം ഗര്‍ഭം ധരിക്കല്‍, ഹൈപ്പര്‍ സ്റ്റിമുലേഷന്‍ സിന്‍ഡ്രോം) വിശദമായി പറഞ്ഞു മനസ്‌സിലാക്കിയതിനുശേഷം മാത്രമേ ചികിത്സ തുടങ്ങാവൂ. മേല്‍പ്പറഞ്ഞ ചികിത്സകളൊന്നും പ്രയോജനം ചെയ്തില്ലെങ്കില്‍ ലാപ്പറോസ്‌കോപ്പി എന്ന ലഘു ശസ്ത്രക്രിയയിലൂടെ അണ്ഡാശയത്തിലെ മുഴകളെ പംക്ചര്‍ കൊയാഗുലേഷന്‍ വഴി ഇല്ലാതാക്കാവുന്നതാണ്. ഇവയൊന്നും ഫലിച്ചില്ലെങ്കില്‍ പിന്നീട് കൃത്രിമ ബീജ സങ്കലന ചികിത്സാരീതികളെ ആശ്രയിക്കേണ്ടി വരും.


മുഖത്തിലെ അമിതരോമവളര്‍ച്ച കൊണ്ട് മാനസിക സംഘര്‍ഷം അനുഭവിക്കുന്നവര്‍ക്കും കമ്പയിന്റ് ഓറല്‍ കോണ്‍ട്രസെപ്റ്റീവ് മരുന്നുകള്‍ പ്രയോജനപ്പെടും. ഇവയ്ക്ക് പുരുഷ ഹോര്‍മോണുകളുടെ അമിതമായ ഉല്പാദനത്തേയും പ്രവര്‍ത്തനത്തെയും നിയന്ത്രിക്കാനും അമിതരോമവളര്‍ച്ച തടയാനും സാധിക്കും. ഈ ചികിത്സ കൊണ്ടും പ്രയോജനമുണ്ടായില്ലെങ്കില്‍ പിന്നീട് സൗന്ദര്യ ചികിത്സാ ഉപാധികളായ ഇലക്‌ട്രോളിസിസ്, ലേസര്‍ തുടങ്ങിയവ പരീക്ഷിക്കാവുന്നതാണ്. മുഖത്തെ രോമം വടിച്ചു കളഞ്ഞാല്‍ അത് വിപരീതഫലം ചെയ്യും.
പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസ് പലപ്പോഴും ഒരു രോഗമല്ല, രോഗാവസ്ഥ മാത്രമാണ്. ശരിയായ ജീവിതചര്യയിലൂടെ വ്യായാമം, ഭക്ഷണക്രമീകരണം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ജീവിച്ചാല്‍ ഒരളവുവരെ ഈ രോഗത്തിനെ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കും എല്ലാ അമ്മമാരും സ്വന്തം പെണ്‍കുട്ടികളെ കൗമാരപ്രായമെത്തുന്നതിനു മുന്‍പു തന്നെ നല്ല ശീലങ്ങള്‍ പറഞ്ഞുകൊടുത്ത് വളര്‍ത്തിയാല്‍ ഭാവി തലമുറയിലെങ്കിലും നമുക്ക് പോളിസിസ്റ്റിക് ഓവേറിയന്‍ ഡിസീസിന്റെ ആധിപത്യം കുറയ്ക്കാന്‍ സാധിക്കും.

 

OTHER SECTIONS