കോവിഡ് വാക്സിന്‍ 90% ഫലപ്രദമെന്ന് ഫൈസര്‍

By Web Desk.09 11 2020

imran-azhar

പാരിസ്: കോവിഡ് വാക്‌സിന്‍ 90 ശതമാനം ഫലപ്രദമെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞതായി യു.എസ് കമ്പനി ഫൈസര്‍. ജര്‍മ്മന്‍ മരുന്ന് കമ്പനിയായ ബയോണ്‍ടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കോവിഡ് വാക്സിന്‍ വികസിപ്പിക്കുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിലാണ് വാക്സിന്‍ 90 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തിയത്.

 

മനുഷ്യരില്‍ നടത്തിയ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ ആദ്യമായാണ് അവര്‍ കമ്പനിക്ക് പുറത്തുള്ള വിദഗ്ദ്ധരുമായി പങ്കുവയ്ക്കുന്നത്. മുമ്പ് കോവിഡ് ബാധിക്കാത്തവരില്‍ നടത്തിയ പരീക്ഷണങ്ങളില്‍ രോഗബാധ തടയുന്നതില്‍ വാക്സിന്‍ 90 ശതമാനത്തിലധികം ഫലപ്രദമാണെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് കമ്പനി അവകാശപ്പെടുന്നു. മീസില്‍സ് അടക്കമുള്ളവയ്ക്കെതിരെ കുട്ടികള്‍ക്ക് നല്‍കുന്ന വാക്സിനുകള്‍ പോലെതന്നെ ഫലപ്രദമാണ് കോവിഡ് വാക്സിന്‍. പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും കമ്പനി പറയുന്നു.


രണ്ട് ഡോസ് വാക്സിന് അടിയന്തര അനുമതി തേടി യു.എസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനെ ഈ മാസം അവസാനം തന്നെ സമീപിക്കാനാണ് ഫൈസര്‍ ഒരുങ്ങുന്നത്. രണ്ടാമത്തെ ഡോസ് എടുത്തുകഴിഞ്ഞ് ഏഴ് ദിവസത്തിനകം വാക്സിന്‍ സ്വീകരിച്ചയാള്‍ക്ക് കോവിഡ് 19 ബാധയില്‍നിന്ന് സംരക്ഷണം ലഭിക്കുമെന്നാണ് പരീക്ഷണങ്ങളില്‍ വ്യക്തമായിട്ടുള്ളത്.
ഫൈസറും ബയോണ്‍ടെക്കും ചേര്‍ന്ന് വികസിപ്പിച്ച വാക്സിന്റെ ജൂലായ് 27 ന് തുടങ്ങിയ മൂന്നാംഘട്ട പരീക്ഷണങ്ങളില്‍ 43,538 പേരാണ് പങ്കാളികളായത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ പത്തു ശതമാനത്തില്‍ താഴെ പേര്‍ക്കു മാത്രമാണ് പിന്നീട് കോവിഡ് സ്ഥിരീകരിച്ചത്.


വാക്‌സിന്‍ വൈറസ് ബാധയില്‍ നിന്ന് ദീര്‍ഘകാല സംരക്ഷണം നല്‍കുമോ ഒരിക്കല്‍ വൈറസ് ബാധിച്ചവര്‍ക്ക് വീണ്ടും വൈറസ് ബാധിക്കാതെ സംരക്ഷണം നല്‍കുമോ തുടങ്ങിയവയില്‍ പരീക്ഷണങ്ങള്‍ തുടരുകയാണ്.

 

OTHER SECTIONS