By Rajesh Kumar.18 11 2020
ഡോ.ടി.വി. അശ്വതി
പള്‍മനോളജി & അലര്‍ജി കണ്‍സള്‍ട്ടന്റ്
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം
മനുഷ്യ ശരീരത്തില്‍ പുറംലോകവുമായി ഏറ്റവുമധികം ബന്ധമുള്ള അവയവമാണ് ശ്വാസകോശം. അതിനാല്‍, കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലം ഏറ്റവുമധികം മാറ്റങ്ങള്‍ സംഭവിക്കുന്ന അവയവവും ശ്വാസകോശം തന്നെയാണ്. ശ്വാസകോശത്തിന്റെ കവാടം എന്ന് വിശേഷിപ്പിക്കാവുന്ന മൂക്കു മുതല്‍ ആല്‍വിയോളൈ എന്ന് വിശേഷിപ്പിക്കുന്ന ചെറിയ സഞ്ചികള്‍ വരെയാണ് നമ്മുടെ ശ്വാസകോശം. ശ്വാസകോശത്തിനുള്ളിലേക്ക് വായുവിനൊപ്പം രോഗാണുക്കള്‍ മുതല്‍ മാലിന്യങ്ങള്‍ വരെ എത്തുന്നു. ഇതുമൂലം രോഗാവസ്ഥയിലേക്ക് എത്തുവാന്‍ ഏറെ സാധ്യതയുള്ള അവയവവുമായിത്തീരുന്നു, ശ്വാസകോശം.
ശ്വാസകോശത്തില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന അസുഖങ്ങള്‍
ആസ്തമ, സിഒപിഡി, അലര്‍ജി. ബ്രോങ്കൈറ്റിസ്, ന്യുമോണിയ, ക്ഷയം പോലുള്ള അണുബാധകളും ശ്വാസകോശത്തെ ബാധിക്കുന്നു. പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവ അര്‍ബുദത്തിന് കാരണമാകുന്നു.
ശ്വാസകോശ രോഗങ്ങളില്‍ ഭയം സൃഷ്ടിക്കുന്ന അസുഖമാണ് ആസ്തമ. ആസ്തമ രോഗിയാണെന്ന് അറിയുമ്പോള്‍ മിക്കവരിലും ഉണ്ടാകുന്ന ചില സംശയങ്ങളുണ്ട്. എന്തുകൊണ്ട് എനിക്ക് ഈ രോഗം വന്നു? ഇത് പൂര്‍ണ്ണമായും മാറുമോ? എന്റെ കുടുംബത്തില്‍ ആര്‍ക്കുമില്ലാത്ത അസുഖം എനിക്ക് എങ്ങനെ വന്നു? ഞാന്‍ ഇന്‍ഹേലര്‍ ഉപയോഗിച്ചാല്‍ അതിനോട് അഡിക്ഷന് ആകുമോ?
ആസ്തമ മിക്കപ്പോഴും അലര്ജിയോടൊപ്പമാണ് പ്രകടമാകുക. ഇതിന്റെ ലക്ഷണങ്ങള്‍ വലിവ്, രാവിലെയുള്ള ചുമ, രാത്രി ചുമ/ശ്വാസതടസം മൂലം ഉറക്കത്തില്‍ നിന്ന് എഴുന്നേല്ക്കുക, കഫത്തോടു കൂടിയ ചുമ, ഇടയ്ക്കിടെ ഉണ്ടാകുന്ന കഫക്കെട്ട് എന്നിവയാണ്. ആസ്തമയുണ്ടാകാനുള്ള പ്രധാന കാരണം അലര്‍ജിയാണെങ്കിലും നോണ്‍ അലര്‍ജിക് ആസ്തമ, അഡല്‍റ്റ് ഓണ്‍സെറ്റ് ആസ്തമ, അമിതവണ്ണം മൂലമുണ്ടാകുന്ന ആസ്തമ എന്നീ വകഭേദങ്ങള്‍ ഉണ്ട്. ആസ്തമ ഒരു പാരമ്പര്യ രോഗം മാത്രമല്ല. ചുമ മാത്രമായും ആസ്തമ പ്രകടമാകാം. സ്പെറോമെട്രി പരിശോധന വഴിയാണ് ആസ്തമ സ്ഥിരീകരിക്കുന്നത്.
മറ്റ് പരിശോധനകള്‍ ബ്രോങ്കിയല്‍ പ്രൊവോക്കേഷന്‍ ടെസ്റ്റ്, അലര്‍ജി ടെസ്റ്റ് എന്നിവയാണ്.
ചികിത്സ
ബ്രോങ്കോ ഡയലേറ്റര്‍ മരുന്നുകളാണ് നല്‍കുന്നത്. ഇത് ഇന്‍ഹേലര്‍ രൂപത്തിലാണ് ഏറ്റവും സുരക്ഷിതവും ഫലപ്രദവും. മരുന്നുകള്‍ സാല്‍മെറ്ററോള്‍, ഫോര്മെറ്ററോള് എന്നിവയാണ്. മറ്റ് ഗുളികകള്‍ അസുഖം മൂര്‍ച്ഛിക്കുമ്പോള്‍ ഉപയോഗിക്കേണ്ടി വരാം. മരുന്നുകള്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ കഴിയുന്ന അസുഖമാണ് ആസ്തമ. ഈ നിയന്ത്രണം ചിലരില്‍ വളരെക്കാലം വരെ നീണ്ടുനില്‍ക്കാം. എന്നാല്‍ അണുബാധ, അമിത കാലാവസ്ഥാ വ്യതിയാനം എന്നിവ നിയന്ത്രണം കുറയാന്‍ കാരണമാകുന്നു.
ഇന്‍ഹേലര്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത് പോലെ ഉപയോഗിക്കുക. അത് അസുഖത്തിന്റെ നിയന്ത്രണം അനുസരിച്ചാണ് നിര്‍ദ്ദേശിക്കുക. മരുന്നുകള്‍ കഴിച്ചിട്ടും അസുഖം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ മറ്റ് നൂതന ചികിത്സാരീതികള്‍ ഇന്ന് സാധ്യമാണ് (ബയോളജിക്കല്‍സ്- ഒമലിസുമബ്, ബ്രോങ്കിയല്‍ തെര്മ്മോപ്ലാസ്റ്റി എന്നിങ്ങനെ). പെട്ടെന്ന് ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന മരുന്നുകളാണ് അസ്താലിന്‍/സല്ബുതമോള്. ഇവ കഴിച്ചിട്ടും അസുഖം നിയന്ത്രിക്കാന്‍ കഴിയുന്നില്ലെങ്കില്‍ പള്‍മനോളജിസ്റ്റിനെ കാണുക. ഇല്ലെങ്കില്‍ ശ്വാസകോശത്തിലെ ബീറ്റ റെസെപ്റ്റേസ് കുറയുകയും അസുഖം അനിയന്ത്രിതമാകുകയും ചെയ്യും.
സിഒപിഡി അഥവാ ക്രോണിക് ഒബ്ട്രക്റ്റീവ് പള്‍മണറി ഡിസീസ് എന്ന ദീര്‍ഘകാല ശ്വാസതടസ രോഗം പുകവലിയുളളവരില്‍ കണ്ടുവരുന്ന അസുഖമാണ്. മരണനിരക്കില്‍ മൂന്നാം സ്ഥാനത്ത് നില്ക്കുന്ന ഒരു വില്ലന്‍ രോഗമാണിത്. ശ്വാസനാളങ്ങള്‍ ചുരുങ്ങുകയും ഗ്രന്ഥികള്‍ക്ക് വീക്കം വരുകയും ചെയ്യുന്നതാണ് രോഗത്തിന്റെ അടിസ്ഥാന പ്രശ്നം.
രോഗകാരണങ്ങള്‍
1. പുകവലി - ഏറ്റവും പ്രധാന കാരണം. സെക്കന്റ് ഹാന്‍ഡ് സ്മോക്ക് അഥവാ പുകവലിക്കുന്നവരില്‍ നിന്ന് രണ്ടാം ശ്വാസം ശ്വസിക്കുന്നതും സിഒപിഡി ഉണ്ടാകാന്‍ കാരണമാകുന്നു.
2. സ്ത്രീകളിലും സിഒപിഡി ധാരാളം കാണുന്നു. ഇതിനുള്ള മുഖ്യ കാരണം സ്ത്രീകളിലെ വര്‍ദ്ധിക്കുന്ന പുകവലി ശീലവും അടുക്കളയില്‍ നിന്ന് കരിയും പുകവും ശ്വസിക്കുന്നതുമാണ്.
3. നഗരങ്ങളിലെ വര്‍ദ്ധിക്കുന്ന അന്തരീക്ഷ മലിനീകരണം, തിങ്ങിപ്പാര്‍ക്കല്‍, വീടുകളില്‍ ആവശ്യത്തിന് വായുസഞ്ചാരം ഇല്ലാത്തത് എന്നിവയും സിഒപിഡിക്ക് കാരണമാകും.
പ്രധാന ലക്ഷണങ്ങള്‍
വിട്ടുമാറാത്ത ചുമ, കഫക്കെട്ട്, ശ്വാസംമുട്ടല്‍, നടക്കുമ്പോള്‍ അല്ലെങ്കില്‍ വ്യായാമം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ശ്വാസം മുട്ടല്‍ എന്നിവയാണ്. വിന്റര്‍ ബ്രോങ്കൈറ്റിസ് അഥവാ തണുപ്പുകാലത്ത് വര്‍ദ്ധിക്കുന്ന ചുമയും കഫക്കെട്ടും ഈ അസുഖത്തിന്റെ സാധ്യത ഉയര്‍ത്തുന്നു.
ചികിത്സാ രീതികള്‍
പുകവലി നിര്‍ത്തുക, ബ്രോങ്കോ ഡയലേറ്റേഴ്സ് എന്നിവയാണ്. സിഒപിഡി രോഗികളുടെ പ്രതിരോധശേഷി പൊതുവെ കുറവായതിനാല്‍ അണുബാധ തടയാന്‍ വാക്സിനേഷനുകള്‍ എടുക്കണം. ഇന്‍ഫ്ലുവന്‍സ, ന്യുമോകോക്കല്‍ എന്നിവയാണ് എടുക്കേണ്ട വാക്സിനുകള്‍. അസുഖം കണ്ടുപിടിച്ചാലുടനെ ശ്വാസകോശങ്ങള്‍ക്ക് ചുറ്റുമുള്ള മസിലുകളുടെയും കൈകാലുകളുടെ മസിലുകളുടെയും ശക്തി നിലനിര്‍ത്താന്‍ പള്‍മനറി റീഹാബിറ്റേഷന് ആരംഭിക്കണം.
ഇന്റര്‍സ്റ്റീഷ്യല്‍ ലങ് ഡിസീസ്/ഐഎല്‍ഡി
ഇവ അനേകം രോഗങ്ങളുടെ ഒരു കൂട്ടായ്മയാണ്. സന്ധിവാതം മുതല്‍ പ്രത്യേക കാരണം കണ്ടുപിടിക്കാന്‍ കഴിയാത്ത തരം ഐഎല്‍ഡി വരെ ഇന്നുണ്ട്. ചെറിയ ശ്വാസതടസം, നടക്കുമ്പോള്‍ ശ്വാസംമുട്ടല്‍, വരണ്ട ചുമ എന്നിവയാണ് ആരംഭ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനക്ഷമതയും സ്കാനും (ഡോക്ടര്‍ ആവശ്യമുണ്ടെന്ന് നിര്‍ദ്ദേശിച്ചാല്‍) എടുക്കണം. രോഗം നിര്‍ണ്ണയിച്ച ശേഷം വര്‍ദ്ധിക്കുന്നത് തടയുകയാണ് പ്രധാന ലക്ഷ്യം. ഇതിനായി ആന്റീഫൈബ്രോട്ടിക് മരുന്നുകള്‍ ഇന്ന് ലഭ്യമാണ്. ശ്വാസകോശം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും ഈ അസുഖത്തിന് നിര്‍ദ്ദേശിക്കാം.
ന്യുമോണിയ
നിരവധി ആല്വിയോളൈകളെ ബാധിക്കുന്ന അണുബാധയാണ് ന്യുമോണിയ. കഠിനമായ പനി, കഫക്കെട്ട്, വിറയല്‍, ശ്വാസംമുട്ടല്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ലോവര്‍ ന്യുമോണിയ മുതല്‍ മള്‍ട്ടി ലോവര്‍ ന്യുമോണിയ വരെ ഉണ്ടാക്കാന്‍ ശക്തിയുള്ള അണുക്കള്‍ ഇന്ന് അന്തരീക്ഷത്തിലുണ്ട്. ഒരാളുടെ ശാരീരികഘടനയെ ആശ്രയിച്ചിരിക്കും ന്യുമോണിയയുടെ ശക്തി. പ്രമേഹം, സിഒപിഡി, വൃക്കരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവയുള്ളവരില്‍ തീവ്രമായ ന്യുമോണിയ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ആന്റീബയോട്ടിക്കുകള്‍ ആണ് മരുന്ന്. ബാക്ടീരിയ പോലെ വൈറസുകളും ന്യുമോണിയ ഉണ്ടാക്കുന്നു. തീവ്രമായ ന്യുമോണിയ ഉണ്ടായാല്‍ അണുബാധ രക്തത്തിലേക്ക് പടരാന്‍ സാധ്യത കൂടുതലാണ്. അതിനാല്‍ ലക്ഷണങ്ങള്‍ കാണുമ്പോള്‍ത്തന്നെ മരുന്ന് ചികിത്സിക്കുവാന്‍ സ്വീകരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ക്ഷയം
ആര്‍ക്കും ക്ഷയരോഗം വരാം. പ്രത്യേകിച്ച് ആരോഗ്യം ക്ഷയിക്കുമ്പോഴാണ് ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. ചുമ, പനി, ശരീരഭാരം കുറയുക, രക്തം തുപ്പുക, കഴലകള്‍ വരുക എന്നിവയാണ് രോഗലക്ഷണങ്ങള്‍. ചെസ്റ്റ് എക്സ്-റേ, കഫ പരിശോധന എന്നിവ നിര്‍ബന്ധമായും ചെയ്യണം. അണുക്കളെ കണ്ടെത്തിയാല്‍ ആന്റീടിബി ട്രീറ്റമെന്റ് 6 മാസം സ്വീകരിച്ചാല്‍ അസുഖം പൂര്‍ണ്ണമായും മാറ്റാം. ഇന്ന് എംഡിആര്‍-ടിബി അഥവാ മരുന്നുകളോട് പ്രതിരോധിക്കാത്ത അണുക്കള്‍ വര്‍ദ്ധിക്കുകയാണ്. രോഗനിര്‍ണ്ണയം നടത്തിയാല്‍ അണു എംഡിആര്‍-ടിബി ആണോ എന്ന് സ്ഥിരീകരിക്കാം. രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ചുമ, ക്ഷയരോഗ പരിശോധന ചെയ്യുവാനുള്ള പ്രാഥമിക സൂചനയാണ്. ചികിത്സയിലുള്ള രോഗികള്‍ ശരീരത്തിന്റെ പ്രതിരോധം കൂട്ടുകയും വേണം. ഇതിനായി നല്ല ആഹാരം, നിത്യ വ്യായാമം എന്നിവ ആവശ്യമാണ്.