പ്രമേഹരോഗിക്ക് റാഗി ഇഡ്ഡലിയും മസാല ഇലയടയും

By Rajesh Kumar.13 Nov, 2017

imran-azhar

 ശുഭശ്രീ പ്രശാന്ത്

ക്ലിനിക്കല്‍ ഡയറ്റീഷന്‍
ആറ്റുകാല്‍ ദേവി ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ്
മെഡിക്കല്‍ സയന്‍സസ്
തിരുവനന്തപുരം

 

കലോറി കുറച്ച്, കോംപ്‌ളക്‌സ് കാര്‍ബണും ധാരാളം നാരും ആവശ്യമായ മാംസ്യവും കുറഞ്ഞ കൊഴുപ്പും ധാരാളം വെള്ളവും ചേര്‍ന്ന സമ്പൂര്‍ണ്ണവും ആരോഗ്യദായകവും രുചികരവുമായ ഒരു ഭക്ഷണക്രമം ശീലമാക്കുന്നതിലൂടെ ഡയബറ്റിസ് ഒരു പ്രശ്‌നമല്ലാതാക്കാം. പ്രമേഹരോഗികള്‍ക്ക് രുചികരവും പോഷകസമൃദ്ധവുമായ ആറു വിഭവങ്ങള്‍

 

റാഗി ഇഡ്ഡലി

ചേരുവകള്‍
റാഗി -250 ഗ്രാം
ഉഴുന്ന് -100 ഗ്രാം
ഉലുവ -25 ഗ്രാം
ഇഞ്ചി (പൊടിയായി അരിഞ്ഞത്) -1 ടീസ്പൂണ്‍
മുളപ്പിച്ച പയര്‍ -1/2 കപ്പ്
പച്ചമുളക് (പൊടിയായി അരിഞ്ഞത്) - 2എണ്ണം
സവാള (പൊടിയായി അരിഞ്ഞത്) - 1 കപ്പ്
കറിവേപ്പില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
റാഗി, ഉഴുന്ന്, ഉലുവ ഇവ കുതിര്‍ത്ത് ഇഡ്ഡലി പരുവത്തിന് അരച്ച് പുളിക്കാന്‍ വയ്ക്കുക. (മിനിമം 5 മണിക്കൂര്‍). സവാള, ഇഞ്ചി, പച്ചമുളക് ഇവ ചെറുതായി വഴറ്റി പച്ചമണം മാറ്റി മുളപ്പിച്ച പയര്‍ ചേര്‍ത്ത് 3 മിനിറ്റ് അടച്ച് വച്ചശേഷം മാവില്‍ ചേര്‍ത്തിളക്കി ആവശ്യത്തിന് ഉപ്പും ചേര്‍ത്ത്, ഇഡ്ധലിത്തട്ടില്‍ ഒഴിച്ച് വേവിച്ചെടുക്കുക. സാമ്പാര്‍ കൂട്ടി കഴിച്ചാല്‍ സ്വാദേറും.

 

റാഗി അവല്‍ ഒനിയന്‍ ദോശ
ചേരുവകള്‍
റാഗി - 100 ഗ്രാം
അവല്‍ -100 ഗ്രാം
അരിപ്പൊടി -50 ഗ്രാം
ഉഴുന്ന് -100 ഗ്രാം
ഉലുവാപ്പൊടി -1/4 ടീസ്പൂണ്‍
സവാള (ചെറുതായി അരിഞ്ഞത്)-1 1/2കപ്പ്
തക്കാളി (ചെറുതായി അരിഞ്ഞത്)-1 കപ്പ്
ഇഞ്ചി (ചെറുതായി അരിഞ്ഞത്) -1 ടീസ്പൂണ്‍
പച്ചമുളക് (ചെറുതായി അരിഞ്ഞത്)-1 ടീസ്പൂണ്‍
കറിവേപ്പില (ചെറുതായി അരിഞ്ഞത്) -1 ടീസ്പണ്‍
എണ്ണ -1/4 ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
റാഗി, അവല്‍, അരിപ്പൊടി, ഉഴുന്ന് എന്നിവ കുതിര്‍ത്ത് അരച്ചെടുക്കുക. ഇതില്‍ ഉലുവാപ്പൊടിയും ഉപ്പും ചേര്‍ത്ത് പുളിക്കാന്‍ വയ്ക്കുക (മിനിമം 5 മണിക്കൂര്‍).
മണ്‍ചട്ടിയില്‍ 1/4 ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി, പച്ചമുളക് എന്നിവ വഴറ്റി, ഇളം ബ്രൗണ്‍ നിറം ആകുമ്പോള്‍ സവാള ചേര്‍ക്കുക. നിറം മാറിത്തുടങ്ങുമ്പോള്‍ തക്കാളിയുമിട്ട് ഉപ്പും ചേര്‍ത്ത് തീ കുറച്ച് അടച്ച് 3 മിനിട്ട് വയ്ക്കുക. മൂടി മാറ്റി കറിവേപ്പില ചേര്‍ത്തിളക്കി തണുക്കാന്‍ വയ്ക്കുക. ഈ മിശ്രിതം മാവില്‍ ചേര്‍ത്തിളക്കി ദോശകല്ലില്‍ ചുട്ടെടുത്ത് ചൂടോടെ കഴിക്കാം. സാമ്പാറോ ഉള്ളി ചട്‌നിയോ കൂട്ടി ഉപയോഗിക്കാം.

 

മസാല ഇലയട
ചേരുവകള്‍
ഓട്‌സ,് അവല്‍, പൊട്ടുകടല, ഗോതമ്പ് പൊടി, റാഗിപൊടി ഇവ തുല്യ അളവില്‍ (500 ഗ്രാം മുതല്‍) എടുക്കുക
സവാള (ചെറുതായി അരിഞ്ഞത്) -1 1/2 കപ്പ്
തക്കാളി (ചെറുതായി അരിഞ്ഞത്) -1 കപ്പ്
കാരറ്റ് (ചെറുതായി അരിഞ്ഞത്) -1/4 കപ്പ്
ഗ്രീന്‍പീസ് (വേവിച്ചത്) -1/2 കപ്പ്
വാഴയില - ആവശ്യത്തിന്
ഇഞ്ചി -1/4 ടീസ്പൂണ്‍
മല്ലിയില - 2 ടീസ്പൂണ്‍
കറിവേപ്പില -1 ടീസ്പൂണ്‍
വെളുത്തുള്ളി -1 ടീസ്പൂണ്‍
പച്ചമുളക് -1 ടീസ്പൂണ്‍
എണ്ണ -1/4 ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
ഓട്‌സ്, അവല്‍, പൊട്ടുകടല, റാഗി, ഗോതമ്പ് എന്നിവ പൊടിച്ച് ചപ്പാത്തിമാവിന്റ പരുവത്തില്‍ കുഴച്ചെടുക്കുക.
മണ്‍ചട്ടിയില്‍ 1/4 ടീസ്പൂണ്‍ എണ്ണ ഒഴിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ പച്ചമണം മാറും വരെ വഴറ്റുക. ഇതിലേക്ക് സവാളയും കാരറ്റും ചേര്‍ത്തിളക്കുക. സവാളയുടെ നിറം മാറി തുടങ്ങുമ്പോള്‍ തക്കാളിയും ചേര്‍ത്തിളക്കി ഉപ്പും മല്ലിയിലയും ചേര്‍ത്ത് മൂടിവയ്ക്കുക. 5 മിനിറ്റിനു ശേഷം മൂടി തുറന്ന് കറിവേപ്പിലയും ചേര്‍ത്ത് തണുക്കാന്‍ വയ്ക്കുക. കുഴച്ചുവച്ചിരിക്കുന്ന മാവ് വാഴയിലയില്‍ കനം കുറച്ച് പരത്തിയെടുത്ത് ഒരു വശത്ത് തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ചേര്‍ത്ത്, ഇലയോട് കൂടി മടക്കി ആവിയില്‍ വേവിച്ച് ഉപയോഗിക്കാം. ചായയ്ക്ക് പറ്റിയ ഒരു നാലുമണി പലഹാരമാണിത്.

 

എഗ് വട

ചേരുവകള്‍
മുട്ടവെള്ള -4 എണ്ണം
സവാള -1/2 കപ്പ്
തക്കാളി -1/2 കപ്പ്
പച്ചമുളക് -1 ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിന്
ഓട്‌സ് പൊടിച്ചത് -1/2 കപ്പ്
ഗോതമ്പ് പൊടി-1/2 കപ്പ്
എള്ള് -1 ടീസ്പൂണ്‍
ജീരകപ്പൊടി-1/4 കപ്പ്
ഉപ്പ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഓട്‌സ് പൊടി, ഗോതമ്പ് പൊടി, എള്ള്, ജീരകപ്പൊടി ഇവ ചപ്പാത്തിമാവിന്റെ പരുവത്തില്‍ കുഴച്ചുവയ്ക്കുക. മുട്ടവെള്ളയില്‍, തക്കാളിയും പച്ചമുളകും ചേര്‍ത്ത് നന്നായി ചിക്കി െയടുക്കുക. ഉരുട്ടിയ മാവില്‍ ചെറിയ കുഴികള്‍ ഉണ്ടാക്കി മുട്ട മിശ്രിതം നിറച്ച് ആവിയില്‍ പുഴുങ്ങിയെടുക്കാം. ബ്രേക്ക്ഫാസ്റ്റായും ടിന്നറായും ഉപയോഗിക്കാം.

 

 

ഗോതമ്പ് ബ്രെഡ് സാന്‍ഡ്‌വിച്ച്

ചേരുവകള്‍
ഗോതമ്പ് ബ്രെഡ് - 4 സൈ്‌ളസ്
തക്കാളി (വട്ടത്തില്‍ അരിഞ്ഞത്)-10 പീസ്
സവാള (വട്ടത്തില്‍ അരിഞ്ഞത്) -10 പീസ്
പച്ചമുളക് (ചെറുതായി അരിഞ്ഞത്) -1 ടീ സ്പൂണ്‍
സവാള (ചെറുതായി അരിഞ്ഞത്) -1/2 കപ്പ്
തക്കാളി (ചെറുതായി അരിഞ്ഞത്) -1/2 കപ്പ്
വെള്ളരിക്ക (വട്ടത്തില്‍ അരിഞ്ഞത്) -10 കഷ്ണം
മുട്ടവെള്ള -3 എണ്ണം
ഉപ്പ്, ബദാം, കുരുമുളകുപൊടി - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ബ്രെഡ് ദോശക്കല്ലില്‍ അടച്ചുവച്ച് ആവിയില്‍ മൊരിച്ച് സൈഡ് മുറിച്ച് മാറ്റി ത്രികോണാകൃതിയില്‍ മുറിച്ചുമാറ്റി വയ്ക്കുക. ഇങ്ങനെ രണ്ടു സൈ്‌ളസില്‍ നാലു പീസ് ബ്രെഡ് ലഭിക്കും. മുട്ടവെള്ളയില്‍ ചെറുതായി അരിഞ്ഞ തക്കാൡയും സവാളയും പച്ചമുളകും ചേര്‍ത്ത് ഓംലറ്റ് ഉണ്ടാക്കുക. ഇതിനെ നാലായി മുറിച്ചെടുക്കുക. ത്രികോണാകൃതിയിലുള്ള ഓരോ പീസുമെടുത്ത് വട്ടത്തില്‍ മുറിച്ച വെള്ളരി, തക്കാളി, സവാള ഇവ ഓരോന്ന് വീതം വയ്ക്കുക. അതിന് മുകളില്‍ മുട്ട ഓംലറ്റ് ഒരു പീസ് വച്ച് മുകളില്‍ ഒരു കഷണം തക്കാളിയും കൂടി വച്ച് മറ്റൊരു പീസ് ബ്രെഡ് കൊണ്ട് മൂടുക. റാപ്പിംഗ് പേപ്പറില്‍ റാപ്പ് ചെയ്ത് ഒന്ന് പ്രസ് ചെയ്തശേഷം പേപ്പര്‍ മാറ്റി ഉപയോഗിക്കുക.

 

മോരും വെള്ളം
പ്രമേഹക്കാര്‍ക്ക് രാവിലെ പ്രാതലിന് ശേഷം ഇടപ്പാനീയമായി ഉപയോഗിക്കാവുന്ന ഒന്നാണിത്.
പാട നീക്കിയ പാലില്‍ ഉറ ഒഴിച്ചുണ്ടാക്കിയ മോര് 1/2 കപ്പ്. ഇതില്‍ 2 ടീസ്പൂണ്‍ ഇഞ്ചി, വെളുത്തുള്ളി, 1/2 ടീസ്പൂണ്‍ ഉലുവാപ്പൊടി എന്നിവ മിക്‌സിയില്‍ നന്നായി അരച്ച് അല്പം ഉപ്പും ചേര്‍ത്ത് മോരില്‍ മിക്‌സ് ചെയ്ത് ഒന്നരക്കപ്പാക്കി ഉപയോഗിക്കാം (എരിവ് ആവശ്യമെങ്കില്‍ പച്ചമുളക് ചേര്‍ക്കുക).

 

 

 

 

 

OTHER SECTIONS