സ്ത്രീകള്‍ക്ക് സുരക്ഷിത ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍

By Rajesh Kumar.30 Nov, 2017

imran-azhar

ഗര്‍ഭനിരോധനോപാധികള്‍ രണ്ടു തരത്തിലുണ്ട്- താല്ക്കാലികമായതും സ്ഥിരമായതും. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമായി അവയെ വേര്‍തിരിക്കുകയും ചെയ്തിട്ടുണ്ട്. പുരുഷന്മാര്‍ക്കുള്ള താല്ക്കാലികമായത് ഗര്‍ഭനിരോധന ഉറകള്‍ ആണ്. ഗര്‍ഭനിരോധനോപാധി എന്നതിലുപരി ലൈംഗിക രോഗങ്ങള്‍ പകരാതിരിക്കാന്‍ സഹായിക്കുന്നു എന്ന ഉപയോഗം കൂടി ഗര്‍ഭനിരോധന ഉറകള്‍ക്കുണ്ട്. വാസെക്ടമി എന്ന ലഘുശാസ്ത്രക്രിയയാണ് പുരുഷന്മാര്‍ക്കുള്ള ഗര്‍ഭനിരോധനോപാധി.

 

സുരക്ഷിത ദിനങ്ങള്‍
സ്ത്രീകള്‍ക്ക് തിരഞ്ഞെടുക്കാന്‍ ഒട്ടനവധി ഗര്‍ഭനിരോധനോപാധികള്‍ നിലവിലുണ്ട്. അവയില്‍ ഏറ്റവും ലളിതവും അകൃത്രിമവുമായതാണ് നാച്വറല്‍ മെത്തേഡ് അഥവാ സേഫ് പീരീയഡ്. ക്രമമായി ആര്‍ത്തവചക്രമുള്ള ഒരു യുവതിയുടെ ഗര്‍ഭധാരണ സമയം അണ്‌ഡോല്പാദനത്തിന് ആറു ദിവസം തൊട്ട് രണ്ടു ദിവസം കഴിയുന്നതുവരെയാണ്. അതായത്, 28 ദിവസത്തിലൊരിക്കല്‍. ആര്‍ത്തവമുള്ള ഒരു സ്ത്രീക്ക് അണ്‌ഡോല്പാദനം നടക്കുന്നത്, ആര്‍ത്തവം തുടങ്ങി 14 ദിവസം ആകുമ്പോഴാണ്. അണ്‌ഡോല്പാദന സമയം കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഓവുലേഷന്‍ കിറ്റുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. ശരീരത്തിന്റെ താപനില അളക്കുന്നതിലൂടെ അണ്‌ഡോല്പാദനം നടന്നോ എന്നറിയുന്നതിന് പെര്‍സോണ എന്ന പേരില്‍ വിദേശരാജ്യങ്ങളില്‍ ലഭിച്ചുവരുന്ന മാര്‍ഗ്ഗങ്ങളും നമ്മുടെ നാട്ടിലും ഉടനെ തന്നെ ലഭ്യമാകാനുള്ള സാധ്യതയുമുണ്ട്. സേഫ് പിരീഡ് ആണ് ഗര്‍ഭനിരോധനോപാധിയായി കാണുന്നതെങ്കില്‍ അണ്‌ഡോല്പാദന സാധ്യതയുള്ള ദിനങ്ങളാണ് ഒഴിവാക്കേണ്ടത്. എന്നാല്‍, ക്രമംതെറ്റിയ ആര്‍ത്തവചക്രമുള്ള സ്ത്രീകള്‍ക്ക് സേഫ് പിരീഡ് ഒട്ടും സഹായകമാവില്ല.

 

ഹോര്‍മോണ്‍ ഗുളികകള്‍
ഗര്‍ഭനിരോധനത്തിനും അതോടൊപ്പം ആര്‍ത്തവചക്രം ക്രമീകരിക്കുന്നതിനും സഹായിക്കുന്ന മാര്‍ഗമാണ് കമ്പൈന്‍ഡ് പില്‍സ് എന്നറിയപ്പെടുന്ന ഹോര്‍മോണ്‍ ഗുളികകള്‍. ആര്‍ത്തവം തുടങ്ങി ഒന്നാം ദിവസം തൊട്ട് കൃത്യമായ രീതിയില്‍ മുടങ്ങാതെ കഴിക്കേണ്ട ഈ ഗുളികകളില്‍ ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ എന്നീ സ്ത്രീ ഹോര്‍മോണുകള്‍ അടങ്ങിയിരിക്കുന്നു. അണ്‌ഡോല്പാദനം താല്ക്കാലികമായി സ്തംഭനാവസ്ഥയിലാക്കി ഗര്‍ഭധാരണം തടയുകയാണ് ഈ ഗുളികകളുടെ പ്രവര്‍ത്തനരീതി.
ഗര്‍ഭനിരോധനത്തോടൊപ്പം ആര്‍ത്തവ ക്രമക്കേടുകള്‍ ഇല്ലാതാക്കുന്നതിനും ഇവ സഹായകമാകും. ഇവയുടെ ചെറിയ പാര്‍ശ്വഫലങ്ങളായ ഭാരം കൂടുക, സ്തനങ്ങള്‍ക്കു വേദന, മനംപിരട്ടല്‍ എന്നിവയൊഴിച്ചാല്‍ അമിത രക്തസമ്മര്‍ദ്ദം, രക്തം കട്ടപിടിക്കുന്ന അവസ്ഥ, ഹൃദയാഘാതം, മസ്തിഷ്‌കാഘാതം എന്നീ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ വിരളമാണ്. എങ്കിലും ഈ ഗുളികകള്‍ കഴിച്ചു തുടങ്ങുന്നതിനു മുന്‍പ് ഒരു ഗൈനക്കോളജിസ്റ്റിന്റെ വിദഗ്‌ദ്ധോപദേശം തേടണം.
കമ്പൈന്‍ഡ് പില്‍സിന്റെ ഒപ്പം കഴിച്ചാല്‍ അവയുടെ ഫലം കുറയ്ക്കുന്ന മരുന്നുകളായ ആന്റിബയോട്ടിക്‌സ്, ആന്റി കണ്‍വല്‍സന്‍സ് എന്നീ വിഭാഗത്തില്‍പ്പെട്ട മരുന്നുകള്‍ ഉപയോഗിക്കേണ്ടി വന്നാല്‍ മറ്റേതെങ്കിലും ഗര്‍ഭനിരോധനോപാധികള്‍ കൂടി (ഗര്‍ഭനിരോധന ഉറയാണ് അഭികാമ്യം) ഉപയോഗിക്കുന്നതാവും നല്ലത്.
ഈസ്ട്രജന്‍ ഹോര്‍മോണുകളുടെ പാര്‍ശ്വഫലങ്ങള്‍ കമ്പൈന്‍ഡ് പില്‍സ് കഴിക്കുന്നതിന് തടസ്‌സമാണെങ്കില്‍ പ്രൊജസ്റ്ററോണ്‍ മാത്രമടങ്ങിയ മിനി പില്‍സ് വിഭാഗത്തില്‍പ്പെടുന്ന മരുന്നുകള്‍ ഉപയോഗിക്കാം. അതുപോലെ തന്നെ ഇന്‍ജക്ഷന്‍ രൂപത്തിലും പ്രൊജസ്റ്ററോണ്‍ മരുന്നുകള്‍ ഗര്‍ഭനിരോധനത്തിനായി നല്‍കാവുന്നതാണ്, പ്രത്യേകിച്ചും മുലയൂട്ടുന്ന അമ്മമാര്‍ക്ക്.

 

ഇന്‍ട്രായൂട്രൈന്‍ കോണ്‍ട്രസെപ്റ്റീവ് ഡിവൈസ്
ഗര്‍ഭാശയത്തിനുള്ളില്‍ നിക്ഷേപിക്കുന്ന കോപ്പര്‍ റ്റി, മിറീന കോയില്‍ എന്നിങ്ങനെ ഇന്‍ട്രായൂട്രൈന്‍ കോണ്‍ട്രസെപ്റ്റീവ് ഡിവൈസ് വിഭാഗത്തില്‍പ്പെടുന്ന ഗര്‍ഭനിരോധന മാര്‍ഗങ്ങളും ഇന്ന് വളരെ പ്രചാരമുള്ളവയാണ്. ഇവയില്‍ മിറീന കോയില്‍ എന്ന ഐ.യു.സി.ഡി ഗര്‍ഭനിരോധനത്തോടൊപ്പം ആര്‍ത്തവക്രമക്കേടുകള്‍ തീര്‍ക്കാനും സ്ഥാനംതെറ്റിയുള്ള ഗര്‍ഭം അഥവാ എക്‌റ്റോപ്പിക് പ്രെഗ്‌നന്‍സി ഉണ്ടാവാതിരിക്കാനും സഹായിക്കുന്നു എന്നതാണ് എടുത്തു പറയേണ്ട പ്രത്യേകത. അഞ്ചു വര്‍ഷത്തേക്ക് മാറ്റേണ്ട ആവശ്യമില്ലെന്നതും ഇവയുടെ പ്രത്യേകതയാണ്. തൊലിക്കടിയില്‍ (കൈവണ്ണയുടെ) വയ്ക്കാവുന്ന പ്രൊജസ്റ്റ്‌റോണ്‍ ഇംപ്‌ളാന്റ് എന്നിവയും ഗര്‍ഭനിരോധനോപാധിയാണ്.

 

അത്യാഹിത ഗര്‍ഭനിരോധനം
എന്താണ് എമര്‍ജന്‍സി കോണ്‍ട്രസെപ്ഷന്‍ അഥവാ അത്യാഹിത ഗര്‍ഭനിരോധനം? യാതൊരു വിധത്തിലുള്ള ഗര്‍ഭനിരോധന മാര്‍ഗങ്ങളും ഉപയോഗിക്കാത്ത ഒരു യുവതി അണ്‌ഡോല്പാദന സമയത്ത് ബന്ധപ്പെടാനിടയായാല്‍, പിന്നീട് ഗര്‍ഭധാരണം തടയാനുള്ള മാര്‍ഗങ്ങളാണ് എമര്‍ജന്‍സി കോണ്‍ട്രസെപ്ഷന്‍. ഇത് ഗുളിക രൂപത്തിലോ (ബന്ധപ്പെട്ട് 72 മണിക്കൂറിനകം) ഇന്‍ട്രാ യൂട്രൈന്‍ കോണ്‍ട്രസെപ്റ്റീവ് ഡിവൈസ് ആയോ (5 ദിവസത്തിനകം ഉപയോഗിച്ചാല്‍) അബദ്ധത്തിലുള്ള ഗര്‍ഭധാരണം തടയാന്‍ കഴിയും. ലീവോനോര്‍ജസ്ട്രല്‍ എന്ന ഹോര്‍മോണ്‍ ഗുളികകള്‍ 'ഐ പില്‍' എന്ന പേരില്‍ വളരെ സുലഭമായതിനാല്‍ പലരും ഇത് ദുരുപയോഗപ്പെടുത്തുന്നതായാണ് കണ്ടുവരുന്നത്. എന്നാല്‍, ഇവ ഒരു അത്യാഹിത സഹായി എന്നല്ലാതെ സാധാരണ ഗര്‍ഭനിരോധന മാര്‍ഗമായോ, തുടര്‍ച്ചയായോ ഉപയോഗിക്കരുത്.

 

സ്ഥിരമായ ഗര്‍ഭനിരോധനം
സ്ഥിരമായ ഗര്‍ഭനിരോധനം അഥവാ പെര്‍മനെന്റ് കോണ്‍ട്രസെപ്ഷന്‍ പുരുഷന്മാരുടേതു പോലെ സ്ത്രീകള്‍ക്കും ആകാവുന്നതാണ്. അണ്ഡവാഹിനിക്കുഴലുകള്‍ ചെറിയൊരു ശസ്ത്രക്രിയയിലൂടെ (ലാപ്പറോസ്‌കോപ്പി വഴിയോ സിസേറിയന്‍ ശസ്ത്രക്രിയയോടൊപ്പമോ) ക്‌ളിപ്പ് ചെയ്യുകയോ മുറിച്ചു മാറ്റുകയോ ചെയ്യുക വഴിയാണ് സ്ത്രീകളുടെ സ്ഥിരമായ ഗര്‍ഭനിരോധനം നടപ്പിലാക്കുക. സുഖപ്രസവം കഴിഞ്ഞവരില്‍ ആറ് ആഴ്ചയ്ക്കുശേഷം ഈ ശസ്ത്രക്രിയ ചെയ്യുന്നതാണ് ഉത്തമം.
ഗര്‍ഭനിരോധന മാര്‍ഗങ്ങള്‍ വേണ്ടവിധത്തില്‍ ഉപയോഗിക്കുന്നതിലൂടെ അനാവശ്യമായ ഗര്‍ഭധാരണവും ഗര്‍ഭഛിദ്രവും ഒഴിവാക്കാന്‍ കഴിയും.

 

OTHER SECTIONS