ഗര്‍ഭകാലത്തെ സെക്‌സ്: ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

By Rajesh Kumar.04 Oct, 2017

imran-azhar

 

 

ഡോ. ഉല്ലാസ് പ്രസന്നന്‍
കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റ്
ആനാടിയില്‍ ഹോസ്പിറ്റല്‍
തിരുവനന്തപുരം


ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള കാലയളവിനെ മൂന്നുഘട്ടങ്ങളായാണ് തിരിക്കുന്നത്. ആദ്യത്തെ മൂന്നു മാസം ഇടയിലുള്ള മൂന്നുമാസം അവസാന മൂന്നു മാസം. ഇതില്‍ ആദ്യത്തെ മൂന്നു മാസം സാധാരണഗതിയില്‍ ദമ്പതികള്‍ ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് നല്ലത്. ഈ കാലയളവിലാണ് ബീജം ഭ്രൂണമായി മാറുന്നതും ഗര്‍ഭം ഉറച്ചുതുടങ്ങുന്നതും. അതുകൊണ്ടുതന്നെ, ഈ സമയങ്ങളില്‍ ശാരീരികബന്ധവും കഠിനാദ്ധ്വാനമുള്ള ജോലികളും ഒഴിവാക്കുന്നതാണ് അഭികാമ്യം. അവസാനത്തെ മൂന്നു മാസവും സെക്‌സ് ഒഴിവാക്കണം. യോനിയില്‍ അണുബാധയുണ്ടാകാനുള്ള സാധ്യത ഈ സമയത്ത് കൂടുതലായിരിക്കും. കൂടാതെ ഗര്‍ഭപാത്രത്തിന്റെ വലുപ്പക്കൂടുതല്‍ സുഗമമായ ലൈംഗികബന്ധത്തിനു തടസ്‌സമാകും. എന്നാല്‍, മൂന്നു മുതല്‍ ആറു വരെയുള്ള മാസങ്ങള്‍ പൊതുവെ 'റിസ്‌ക് ഫ്രീ ടൈം' ആണ്. ഈ സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതു കൊണ്ട് ശാസ്ത്രീയമായി ഒരു തകരാറുമില്ല. ഗര്‍ഭിണികള്‍, ഗര്‍ഭകാലത്ത് അനുഭവിക്കേണ്ടിവരുന്ന മാനസികസമ്മര്‍ദ്ദങ്ങളില്‍ നിന്ന് രക്ഷനേടാനും ദമ്പത്യത്തിന്റെ ഊഷ്മളത നിലനിര്‍ത്താനും ഗര്‍ഭകാല സെക്‌സ് സഹായിക്കും.

 

ഒഴിവാക്കേണ്ടവര്‍
സാധാരണ ഗര്‍ഭത്തില്‍ സെക്‌സ് ആകാമെങ്കിലും, മുമ്പ് ആവര്‍ത്തിച്ച് അബോര്‍ഷനുകള്‍ ഉണ്ടായിട്ടുള്ളവര്‍, മാസം തികയാതെ പ്രസവം നടന്നിട്ടുള്ളവര്‍, ഗര്‍ഭകാലത്ത് അടിയ്ക്കടി യൂറിനറി ഇന്‍ഫെക്ഷനും വജൈനല്‍ ഇന്‍ഫെക്ഷനും ഉണ്ടാകുന്നവര്‍, ഇരട്ടക്കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളവര്‍, ഗര്‍ഭപാത്രത്തില്‍ നിന്ന് വെള്ളം പൊട്ടിപ്പോയിട്ടുള്ളവര്‍, മുന്‍കാലങ്ങളില്‍ മറ്റു പ്രശ്‌നങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും പ്രസവം നേരത്തെ നടക്കാന്‍ സാധ്യതയുള്ളവര്‍ തുടങ്ങിയ ശാരീരികാവസ്ഥകളുള്ളവര്‍ ഗര്‍ഭധാരണം മുതല്‍ പ്രസവം വരെയുള്ള കാലയളവില്‍ പൂര്‍ണ്ണമായും ലൈംഗികബന്ധം, പ്രത്യേകിച്ച് ലിംഗയോനി ബന്ധം, ഒഴിവാക്കുന്നതാണ് കുഞ്ഞിന്റെ സുരക്ഷിതമായ ജനനത്തിനു നല്ലത്.

 

സെക്‌സ് ആസ്വാദ്യകരം
ഗര്‍ഭകാലത്തെ ലൈംഗികബന്ധം മാനസികപിരിമുറുക്കം ഒരുപരിധി വരെ ഒഴിവാക്കാന്‍ സഹായിക്കും. ഈ സമയത്ത് വജൈനയില്‍ ഡിസ്ചാര്‍ജ്ജ് സാധാരണയിലും കൂടുതലായിരിക്കും. ഇത് ലൈംഗികബന്ധം കൂടുതല്‍ ആസ്വാദ്യകരമാകാന്‍ സഹായിക്കും. പ്രസവത്തോടടുത്ത സമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ യോനിയിലെത്തുന്ന ബീജത്തില്‍ പ്രസവവേദനയുണ്ടാക്കാന്‍ സാധ്യതയുള്ള ഹോര്‍മോണുകള്‍ ഉള്ളതിനാല്‍ ലൈംഗികബന്ധത്തിനു ശേഷം പ്രസവവേദന പോലെ അനുഭവപ്പെടാനും ചില സാഹചര്യങ്ങളില്‍ പ്രസവം നടക്കുന്നതിലേക്കു നയിക്കാനും കാരണമാകും.
ഗര്‍ഭകാലത്തെ ലൈംഗികബന്ധത്തിലൂടെ ഗര്‍ഭസ്ഥ ശിശുവിനോ അമ്മയ്‌ക്കോ നേരിട്ടു ഗുണകരമാകുന്നതൊന്നുമില്ല.

 

തെറ്റിദ്ധാരണ വേണ്ട
ഗര്‍ഭകാലത്ത് സെക്‌സില്‍ ഏര്‍പ്പെട്ടാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ശരീരത്തില്‍ ബീജം വീഴുമെന്ന തെറ്റിദ്ധാരണ പലര്‍ക്കുമുണ്ട്. കുഞ്ഞ് ഗര്‍ഭപാത്രത്തിനുള്ളില്‍ അംമ്‌നിയോണ്‍, കോറിയോണ്‍ എന്നീ ആവണത്തിനുള്ളിലാണ് കിടക്കുന്നത്. മാത്രമല്ല, യോനിക്കുള്ളിലെ സെര്‍വിക്‌സ് ഗര്‍ഭകാലത്ത് അടഞ്ഞ നിലയിലാണ് കാണപ്പെടുക. അതിനാല്‍, ബീജം ഗര്‍ഭപാത്രത്തിനുള്ളില്‍ കടക്കില്ല.

 

OTHER SECTIONS