അറിയാം, പ്രതിരോധിക്കാം ഷിഗെല്ല

By Rajesh Kumar.24 Jul, 2018

imran-azhar

സാധാരണ വയറിളക്കം വൈറസ് വഴിയാണ് ഉണ്ടാകുന്നത്. എന്നാല്‍, ഷിഗെല്ല ബാക്ടീരിയ ഉണ്ടാകുന്ന വയറിളക്കമാണ്. മലത്തോടൊപ്പം രക്തവും പുറത്തുവരുന്നു. ഇതാണ് ഷിഗെല്ലയെ സാധാരണ വയറിളക്ക രോഗങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്.

 

രോഗപ്പകര്‍ച്ച

ജലത്തിലൂടെയാണ് പകര്‍ച്ച. രോഗബാധിതന്റെ വിസര്‍ജ്ജ്യത്തില്‍ നിന്നും രോഗാണുവെള്ളത്തിലെത്തി ആ വെള്ളം ഉപയോഗിക്കുന്നതിലൂടെ ബാക്ടീരിയ മറ്റൊരാളുടെ ശരീരത്തില്‍ എത്തുന്നു.

 

രോഗലക്ഷണങ്ങള്‍
ശക്തമായ വയറുവേദനയും വയറിളക്കവുമാണ് ഷിഗെല്ലയുടെ ആദ്യ ലക്ഷണങ്ങള്‍. ഒപ്പം പനി, ഛര്‍ദ്ദി, ഓക്കാനം എന്നിവയും പ്രത്യക്ഷപ്പെടുന്നു. പിന്നീട് മലത്തില്‍ രക്തം കാണപ്പെടുന്നു. അപൂര്‍വമായി മൂത്രത്തിലും രക്തം കാണപ്പെടാറുണ്ട്.
അതിശക്തമായ വയറുവേദനയാണ് ഷിഗെല്ലയുടെ പ്രത്യേകത. ഓരോ തവണ വയറിളകുമ്പോഴും വയറുവേദന കഠിനമാകും.

 

ചികിത്സ
തുടക്കത്തില്‍ തന്നെ ചികിത്സ തേടണം. ആദ്യ ഘട്ടത്തില്‍ കുറഞ്ഞ ഡോസിലുള്ള ആന്റിബയോട്ടിക്കാണ് നല്‍കുന്നത്. ചില ബാക്ടീരിയകള്‍ക്ക് പ്രതിരോധശേഷി കൂടുതലാണ്. അതിനാല്‍, ശക്തിയുള്ള ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടിവരും.
രോഗം മാരകമാകുന്നത് നിര്‍ജ്ജലീകരണം മൂലമാണ്. ബാക്ടീരിയ കുടല്‍ തുളച്ചുകയറുന്നതിനാല്‍ വെള്ളം കുടിച്ചാല്‍ പോലും ശരീരത്തിനു ആഗിരണം ചെയ്യാനാവാത്ത അവസ്ഥയുണ്ടാകുന്നു. ഈ അവസ്ഥയില്‍ രക്തത്തില്‍ നേരിട്ട് ഐവി ഫ്‌ളൂയിഡ് നല്‍കും.

 

പ്രതിരോധം

* വ്യക്തിശുചിത്വം പാലിക്കുക.

* കുടിക്കാനും പാത്രങ്ങള്‍ കഴുകാനും തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക.

* മലവിസര്‍ജ്ജനത്തിനു ശേഷം സോപ്പ് ഉപയോഗിച്ച് നന്നായി കൈകള്‍ കഴുകണം.

* രോഗബാധിതര്‍ ഉപയോഗിച്ച പാത്രങ്ങള്‍, ഗ്ലാസുകള്‍, സോപ്പ് എന്നിവ മറ്റുള്ളവര്‍ ഉപയോഗിക്കരുത്.

 

OTHER SECTIONS