സൂര്യതാപ മരണങ്ങള്‍ ഒഴിവാക്കാം

By online desk.22 02 2020

imran-azhar

 


കടുത്ത വേനല്‍ സംസ്ഥാനത്തെ ചുട്ടുപൊള്ളിച്ചുതുടങ്ങിയിരിക്കുന്നു. ഇത്തവണത്തെ വേനല്‍ രൂക്ഷമാകാനുള്ള സാദ്ധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നുമുണ്ട്. സൂര്യതാപമരണത്തിന്റെ ആദ്യവാര്‍ത്ത ഇന്നലെ മലപ്പുറത്തുനിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. നാല്‍പ്പത്തിമൂന്നുകാരനായ കര്‍ഷകനാണ് സൂര്യകോപത്തിന്റെ ആദ്യ ഇര. കഴിഞ്ഞ വേനല്‍ക്കാലയളവില്‍ കേരളത്തില്‍ ഏഴ് സൂര്യാഘത മാരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇത്തവണ ഇത്തരമൊരു ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ ബന്ധപ്പെട്ടവര്‍ സ്വീകരിക്കണം.

 

സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് പതിവിലും നേരത്തെ ബോധവത്കരണ പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞെങ്കിലും അത് എത്രത്തോളം ജനങ്ങളെ സ്വാധീനിക്കുന്നുണ്ട് എന്ന് നിശ്ചയിക്കുക പ്രയാസം. ഉദാഹരണത്തിന് ആദ്യഘട്ട നടപടി എന്ന നിലയില്‍ തൊഴില്‍ വകുപ്പ് എല്ലാ തൊഴില്‍ ദായകര്‍ക്കും പകല്‍ ജോലി സമയത്ത് നടപ്പില്‍വരുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഉച്ചയ്ക്ക് 12 മണി മുതല്‍ 3 മണി വരെ തൊഴിലാളികളെക്കൊണ്ട് വെയിലത്ത് പണിയെടുപ്പിക്കരുത് എന്നായിരുന്നു. ഒപ്പം കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ തൊഴിലിടങ്ങളില്‍ തൊഴില്‍ ദായകര്‍ സജ്ജമാക്കണമെന്നും നിര്‍ദ്ദേശം നല്‍കി.

 

എന്നാല്‍ ഏറ്റവും ദുഃഖകരമായ സത്യം ആദ്യ വ്യവസ്ഥ തന്നെ ഗുരുതരമായി ലംഘിക്കപ്പെടുന്നത് ഇപ്പോഴും തുടരുന്നു എന്നതാണ്. കേന്ദ്ര സംസ്ഥാന പദ്ധതികളുടെ ഭാഗമായി നിര്‍മ്മാണം നടക്കുന്ന ഹൈവേകളില്‍ ഈ സമയത്ത് പോലും അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ കഠിനമായി പണിയെടുക്കുന്നതിന്റെ വാര്‍ത്തകളും ചിത്രങ്ങളും മാദ്ധ്യമങ്ങള്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചു. നിര്‍ദ്ദേശങ്ങള്‍ കാറ്റില്‍പറത്തി പ്രലോഭിപ്പിച്ചും നിര്‍ബന്ധിച്ചും തൊഴിലാളികളെ റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലേക്ക് നിയോഗിക്കുന്ന കമ്പനികളുടെ നടപടി പൊതുസമൂഹത്തില്‍ വളരെ അസ്വാരസ്യം സൃഷ്ടിച്ചിരിക്കുകയാണ്. സ്ത്രീ തൊഴിലാളികള്‍ക്ക് പോലും തുച്ഛമായ കൂലിക്കായി പൊരിവെയിലത്ത് ജീവന്‍കളഞ്ഞ് പണിയെടുക്കേണ്ടി വരുന്ന അവസ്ഥ ദയനീയമാണ്.

 

തൊഴില്‍ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാത്രമല്ല തൊഴിലാളിയുടെ ജീവന്‍ സുരക്ഷാ നയങ്ങളിലും സര്‍ക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ടത് അത്യാവശ്യമായ സംഗതിയാണ്. സാമ്പത്തികമായി യാതൊരു ഭദ്രതയുമില്ലാത്ത വലിയൊരു വിഭാഗം തൊഴിലാളികളാണ് സംസ്ഥാനത്തെ നിര്‍മ്മാണ മേഖലയിലുള്ളത്. സ്വാഭാവികമായും ചെറിയ വേതന വര്‍ദ്ധന നല്‍കിയാല്‍ പോലും അവര്‍ മുതലാളിമാരുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസരണമായി ഏത് കഠിന ജോലിയും ഏതു സമയത്തും ചെയ്യാന്‍ തയാറായി മുന്നോട്ട് വരുന്നതാണ് സൂര്യതാപ മരണങ്ങളുടെ തോത് വര്‍ദ്ധിപ്പിക്കുന്നത്.

 

വടക്കേ ഇന്ത്യയിലെ സ്ഥിരം പ്രതിഭാസമായ ഈ രീതി കേരളത്തിലേക്കും ഇപ്പോള്‍ കടന്നുവന്നിരിക്കുന്നു കഴിഞ്ഞ പത്ത് വര്‍ഷത്ത് മുമ്പ് സൂര്യതാപ മരണം നമുക്ക് കേട്ടുകേള്‍വി മാത്രമായിരുന്നു. എന്നാല്‍ പാരിസ്ഥിതിക മാറ്റങ്ങള്‍ കേരളത്തെയും ഇപ്പോള്‍ കൊടുംചൂടിന്റെയും പ്രളയത്തിന്റെയുമൊക്കെ വലയത്തില്‍ കൊണ്ടുവന്നിരിക്കുകയാണ്. അതിന് ഇരകളാകുന്നവരാകട്ടെ തീരെ സാധാരണക്കാരായ മനുഷ്യരും. അവരെ സംരക്ഷിക്കേണ്ട ബാദ്ധ്യത സര്‍ക്കാരിന് തീര്‍ച്ഛയായും ഉണ്ട്. അതിനാല്‍ കാലാവസ്ഥ വ്യതിയാനങ്ങള്‍ക്കനുസൃതമായ തൊഴില്‍ നിയമങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ അത് തൊഴില്‍ ദായകന്‍ കൃത്യമായി നടപ്പില്‍ വരുത്തുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം.

 

 

 

 

OTHER SECTIONS