മുടിവളര്‍ച്ചയും ഉപയോഗിക്കുന്ന എണ്ണയും തമ്മില്‍ ബന്ധമില്ല

By online desk .16 10 2020

imran-azhar
ആരോഗ്യവാനായ ഒരാളുടെ 100 മുടി വരെ ദിവസവും കൊഴിയാം. മുടികൊഴിച്ചില്‍ ഉള്ളപ്പോള്‍ ഇതിന്റെ എണ്ണം കൂടും.സ്ത്രീകളിലും പുരുഷന്മാരിലും മുടികൊഴിച്ചിലിന്റെ കാരണങ്ങള്‍ വ്യത്യസ്തമാണ്. പുരുഷന്മാരില്‍ സാധാരണ കാണുന്നത് ആന്‍ട്രോജനറ്റിക് അലോപീഷ്യ അഥവാ കഷണ്ടിയാണ്. രണ്ടു കാരണങ്ങളാണ് ഇതിനുള്ളത്. ജീനുകളെ ആശ്രയിച്ച് ഉണ്ടാകുന്നതാണ് ഒന്നാമത്തേത്. ഹോര്‍മോണുകളെ ആശ്രയിച്ചുവരുന്നതാണ് രണ്ടാമത്തേത്. പുരുഷഹോര്‍മോണായ ടെസ്റ്റോസ്റ്റീറോണിന്റെ അളവിലുണ്ടാകുന്ന വ്യത്യാസമാണ് മുന്വശത്തെ മുടി കൊഴിയാന്‍ ഇടയാക്കുന്നത്.

 


സ്ത്രീകളില്‍ വൈറ്റമിന്‍ ഡി3 യുടെയും അയണിന്റെയും കുറവും തൈറോയ്ഡ് പ്രശ്‌നങ്ങളും മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്. 30 കഴിഞ്ഞവരില്‍ പി.സി.ഒ.ഡി.യും കാരണമാകുന്നു. ശസ്ത്രക്രിയകള്‍, അപകടം, ബന്ധുജനവിയോഗം തുടങ്ങി വ്യത്യസ്ത കാരണങ്ങളാല്‍ മാനസികസമ്മര്‍ദം നേരിടേണ്ടിവന്നാലും ആറുമാസത്തിനുള്ളില്‍ മുടികൊഴിച്ചിലിന് ഇടയാക്കും.

 


ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, ടൈഫോയ്ഡ് തുടങ്ങിയവ ബാധിച്ചാല്‍ സ്ത്രീ- പുരുഷ വ്യത്യാസമില്ലാതെതന്നെ മുടികൊഴിച്ചിലുണ്ടാകാറുണ്ട്. എങ്കിലും കൂടുതലായി കണ്ടുവരുന്നത് ആന്‍ട്രോജനറ്റിക് അലോപീഷ്യ മൂലമുള്ള മുടികൊഴിച്ചിലാണ്. പുരുഷന്മാരില്‍ നെറ്റികയറലായാണ് ഇതു കൂടുതല്‍ കണ്ടുവരുന്നത്.


മുടിയുടെ വളര്‍ച്ചയില്‍ മൂന്നു ഘട്ടമാണുള്ളത്. ഒരാളുടെ തലയില്‍ 85 ശതമാനം വളരുന്ന മുടികളും 15 ശതമാനം കൊഴിയുന്ന മുടികളുമുണ്ടാവും. ഈ തോതില്‍ വ്യത്യാസമുണ്ടാകുമ്പോഴാണ് മുടികൊഴിച്ചിലാകുന്നത്. ഗര്‍ഭകാലത്തും രോഗാവസ്ഥയിലും വളരാത്ത മുടികളുടെ എണ്ണം വര്‍ധിക്കുകയും അവ കൊഴിഞ്ഞുപോവുകയും ചെയ്യും.
മുടിവളര്‍ച്ചയും എണ്ണ ഉപയോഗിക്കുന്നതും തമ്മില്‍ ബന്ധമൊന്നുമില്ല. എന്നാല്‍ എണ്ണകള്‍ ഉപയോഗിക്കുന്നതിലൂടെ ബാക്ടീരിയ, ഫംഗസ് അണുബാധകള്‍ എന്നിവ ഒഴിഞ്ഞുനില്‍ക്കും. മുടി പൊട്ടിപ്പോകാതിരിക്കുന്നതിനും സഹായിക്കും. തല മൊട്ടയടിച്ചാല്‍ പുതിയ മുടി കൂടുതലായി ഉണ്ടാകുമെന്നത് മിഥ്യാധാരണയാണ്. ഹെല്‍മെറ്റ് ഉപയോഗിക്കുന്നത് കഷണ്ടിയുണ്ടാക്കുമെന്ന പ്രചാരണത്തിനും അടിസ്ഥാനമില്ല.

 

 

OTHER SECTIONS