അസിഡിറ്റിയെ പ്രതിരോധിക്കാന്‍...

By online desk.05 03 2020

imran-azhar

 


നമ്മളില്‍ പലരും അഭിമുഖീകരിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് അസിഡിറ്റി. അസിഡിറ്റിയും ഗ്യാസുമെല്‌ളാം വയറിന്റെ ആരോഗ്യത്തെയാണ് പ്രധാനമായും ബാധിക്കുന്നത്. അസിഡിറ്റിയുടെ പ്രധാന കാരണം ആഹാരരീതികള്‍ തന്നെയാണ്. വയറിന് യോജിക്കാത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നതും സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നതുമെല്ലാം ഇതിനുള്ള പ്രധാന കാരണങ്ങളാണ്. ദഹനപ്രക്രിയയ്ക്കായി വയറ്റില്‍ ആസിഡുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടാറുണ്ട്. ഇത്തരം ആസിഡുകള്‍ ഉല്‍പ്പാദിപ്പിക്കപ്പെടുമ്പോള്‍ ആ ആസിഡുകള്‍ക്ക് ദഹിപ്പിച്ച് കളയാനുള്ള ഭക്ഷണം ലഭിക്കാതെ വരുന്നതാണ് അസിഡിറ്റി വര്‍ദ്ധിക്കാന്‍ കാരണമാകുന്നത്.

 

സമയത്ത് ഭക്ഷണം കഴിക്കാത്തത് മാത്രമല്ല, പുകവലി, മദ്യപാനം, കഫീന്‍ ഉപയോഗം, വറുത്തതും പൊരിച്ചതും മസാലകളുടെ ആധിക്യവുമുള്ള ഭക്ഷണങ്ങള്‍, ആഹാരം കഴിക്കുന്നതില്‍ വരുന്ന നീണ്ട ഇടവേള, സമയത്ത് ഭക്ഷണം കഴിക്കാതിരിക്കുക എന്നിവയാണ് ഇതിനുള്ള പ്രധാന കാരണങ്ങള്‍. അസിഡിറ്റിക്ക് വിപണിയില്‍ പലതരം മരുന്നുകള്‍ ലഭ്യമാണ്. എന്നാല്‍, ഇവ നിരന്തരമായി ഉപയോഗിക്കുന്നത് ഇവയില്ലാതെ പറ്റില്ലെന്ന അവസ്ഥയ്ക്ക് അടിമപ്പൈട്ട് പോകാനും പാര്‍ശ്വഫലങ്ങള്‍ക്കും കാരണമാകാറുണ്ട്. എന്നാല്‍, അസിഡിറ്റി എന്ന പ്രശ്‌നത്തിനെ പരിഹരിക്കാന്‍ സഹായിക്കുന്ന പാര്‍ശ്വഫലമൊന്നുമില്ലാത്ത പ്രകൃതിദത്ത മാര്‍ഗ്ഗങ്ങളുണ്ട്. ഇത്തരം നാടന്‍ ഗൃഹവൈദ്യത്തെക്കുറിച്ച് അറിയൂ.


ജീരകം, പെരുഞ്ചീരകം ജീരകം: ജീരകം, പെരുഞ്ചീരകം, എന്നിവ അസിഡിറ്റിയെ ചെറുക്കാന്‍ സഹായിക്കുന്നു. ഇവയിട്ട് തിളപ്പിച്ച വെള്ളം ചൂടാറിയ ശേഷം കുടിക്കുക. ജീരകം വായിലിട്ട് ചവച്ചരയ്ക്കുന്നതും ഗുണം ചെയ്യും.

 

തണുത്ത പാല്‍: തണുത്ത പാല്‍ അസിഡിറ്റിക്ക് ഏറെ ഫലപ്രദമായ ഒന്നാണ്. തണുത്ത പാലില്‍ ഒരു സ്പൂണ്‍ നെയ്യ് ചേര്‍ത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്. പാലില്‍ മധുരം ചേര്‍ക്കാതെ വേണം, കുടിക്കാന്‍. അതുപോലെ വെറും വയറ്റില്‍ പാല്‍ കുടിക്കരുത്.

 

തുളസിയില: തുളസിയില ചവച്ചരച്ച് കഴിക്കുന്നത് അസിഡിറ്റിയെ തടയാന്‍ ഏറെ സഹായകമാണ്. ഇതിട്ട് തിളപ്പിച്ച വെള്ളവും കുടിക്കാം.

 

പുതിനയില: പുതിനയില അസിഡിറ്റിയെ ചെറുക്കാന്‍ ഏറെ നല്ലതാണ്. പുതിനയിലയിട്ട് തിളപ്പിച്ച വെള്ളം തണുപ്പിച്ച് കുടിക്കാം. അല്ലെങ്കില്‍ തിളപ്പിച്ച വെള്ളത്തില്‍ പുതിനയിലയിട്ട് കുടിക്കാം. വയറിന് തണുപ്പു നല്‍കാനും വായ്‌നാറ്റമകറ്റാനുമെല്ലാം ഇത് അത്യുത്തമമാണ്.

 

നെല്ലിക്ക: വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയ നെല്ലിക്കയ്ക്ക് ആമാശത്തിലെ ആസിഡ് ഉല്‍പ്പാദനത്തെ നിയന്ത്രിക്കാന്‍ സാധിക്കും. നെല്ലിക്ക കഴിക്കാം. അല്ലെങ്കില്‍ നെല്ലിക്ക ഉണക്കിപ്പൊടിച്ചത് രണ്ട് നേരം കഴിക്കാം.

 

ഗ്രാമ്പൂ: ഗ്രാമ്പൂ വയറ്റിലെ ആഹാരത്തെ പെട്ടെന്ന് തന്നെ ദഹിപ്പിക്കുന്നു. ദഹനരസങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന ഒന്നാണ് ഇത്. വായില്‍ ഒന്നോ രണ്ടോ ഗ്രാമ്പൂവിട്ട് ചവയ്ക്കുന്നത് ഗുണം ചെയ്യും.

 

തൈര്, പഴം: തൈര്, പഴം തുടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വയറിനെ തണുപ്പിച്ച് വയറ്റിലെ അസിഡിറ്റിയെ ചെറുക്കാന്‍ സഹായിക്കുന്നു. കരിക്കിന്‍വെള്ളവും തേങ്ങാവെള്ളവും: കരിക്കിന്‍ വെളളവും തേങ്ങാവെള്ളവും വയറ്റിലെ അസിഡിറ്റിക്കുള്ള പ്രകൃതിദത്ത പരിഹാരങ്ങളാണ്.ഇഞ്ചി: ഇഞ്ചി ചതച്ചതില്‍ അല്‍പ്പം ശര്‍ക്കര ചേര്‍ത്ത് കുറേശെ്ശ ഇടയ്ക്കിടെ കഴിക്കുന്നത് വയറ്റിലെ അസിഡിറ്റിയില്‍ നിന്ന് രക്ഷനേടാന്‍ സഹായകമാണ്.


ഏലയ്ക്ക: ഏലയ്ക്ക ചതച്ചിട്ട വെള്ളം കുടിക്കുന്നതും അസിഡിറ്റി ചെറുക്കാന്‍ സഹായിക്കുന്നു.

 

തണ്ണിമത്തന്‍: തണ്ണിമത്തന്‍ കഴിക്കുകയോ, ജ്യൂസടിച്ച് കുടിക്കുകയോ ചെയ്യുന്നത് അസിഡിറ്റിയെ പ്രതിരോധിക്കുന്നു.

 

 

OTHER SECTIONS