നടുവേദനയെ പ്രതിരോധിക്കാന്‍...

By online desk.10 03 2020

imran-azhar

 


പലപ്പോഴും സര്‍വ്വസാധാരണമായ നമ്മളില്‍ പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് നടുവേദന. ശരിയല്ലത്തവിധത്തിലുള്ള ഇരിപ്പ്, കിടപ്പ്, അമിത വണ്ണം, കൂടുതല്‍ സമയം ഇരുന്നുള്ള ജോലികള്‍, അധിക സമയം ഒരേ നില്‍പ്പില്‍ നിന്നുള്ള ജോലികള്‍ തുടങ്ങി നടുവേദനയുടെ കാരണങ്ങള്‍ നിരവധിയാണ്. നടുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങളെക്കുറിച്ച് അറിയൂ...

 

പുറംവേദന കുറയ്ക്കുന്നതിനായി തലയണ ഉപയോഗിക്കുമ്പോള്‍ ഒരെണ്ണം കഴുത്തിനും തലയ്ക്കും ബാലന്‍സ് കിട്ടുന്ന വിധത്തില്‍ തലയ്ക്ക് ചുവടെയായി വയ്ക്കുക. ഒരു തലയണ പുറംഭാഗത്തിന് അടിയിലായും വയ്ക്കുക. ഇനി ഒരുവശം ചെരിഞ്ഞുകിടക്കുന്ന ശീലമുണ്ടെങ്കില്‍ ഒരു തലയണ കാലുകള്‍ക്കിടയില്‍ വയ്ക്കുന്നതും നല്ലതാണ്. കമിഴ്ന്നുകിടക്കുന്നവര്‍ ഉദരഭാഗത്തിനും അരക്കെട്ടിനും ഇടയിലായി തലയണ വയ്ക്കണം.

 

ടെന്നീസ് ബോള്‍ ഉപയോഗിച്ചുള്ള മസാജിങ് നടുവേദനയ്ക്ക് ആശ്വാസമേകും. ട്യൂബ് സോക്കിനുള്ളില്‍ രണ്ട് ടെന്നീസ് ബോളുകള്‍ കടത്തി ബന്ധിക്കുക. അതിനുശേഷം അത് ചുമരിലോ തറയിലോ വച്ച് പുറംഭാഗം നല്ലവണ്ണം മസാജ് ചെയ്യുക. ഇത് പുറംവേദനക്ക് വലിയ ആശ്വാസം നല്‍കും.

 

ഹീറ്റ് പാഡുകള്‍ ഉപയോഗിച്ച് പുറംഭാഗത്തും കഴുത്തിലും കിഴിപിടിക്കുന്നത് പേശികള്‍ക്ക് അയവ് ലഭിക്കാനും വേദന ശമിപ്പിക്കാനും നല്ലതാണ്.

 

ഒരു ടബ് ചൂടുവെള്ളത്തില്‍ ഒന്നോ രണ്ടോ കപ്പ് ഇന്തുപ്പ് കലര്‍ത്തി ആ വെള്ളം കൊണ്ട് കുളിക്കുന്നത് ക്ഷീണം അകറ്റുന്നതോടൊപ്പം മസിലുകള്‍ക്ക് അയവും നല്‍കുന്നു. ഇപ്രകാരം പുറംഭാഗത്തേക്കുള്ള രക്തപ്രവാഹം സുഗമമാവുക മാത്രമല്ല, പുറംവേദനയ്ക്ക് ശമനവുമുണ്ടാകും.

 

ലാപ്‌ടോപ്പ് ഉപയോഗിക്കുന്നവര്‍ കഴുത്തിന് ആശ്വാസം ലഭിക്കുന്ന വിധത്തില്‍ ലാപ്‌ടോപ് ഉയര്‍ത്തി വയ്ക്കുക. മണിക്കൂറുകള്‍ ലാപ്‌ടോപിന് മുമ്പില്‍ ഇരിക്കുമ്പോഴും നട്ടെല്ല് നിവര്‍ന്നിരിക്കാന്‍ ഇത് സഹായകമാണ്.

 

ശരിയായ ബോഡി പൊസിഷനുകള്‍ പുറംവേദനയെ കുറയ്ക്കും എന്നുമാത്രമല്ല ഭാവിയില്‍ പുറംവേദന ഉണ്ടാവാനുള്ള സാദ്ധ്യതയെ തടയുകയും ചെയ്യും. ഇരുപ്പും നടപ്പുമെല്ലാം നിരീക്ഷണ വിധേയമാക്കാന്‍ വേണ്ടി ഐ പോസ്ചര്‍ എന്ന ഇലക്‌ട്രോണിക് ഉപകരണം ഉപയോഗിക്കാം. ഇത് ബോഡി പൊസിഷന്‍ ശരിയല്ലെങ്കില്‍ സിഗ്‌നലുകള്‍ പുറപ്പെടുവിച്ച് യഥാവിധി സഹായിക്കും.

 

കമ്പ്യൂട്ടറിന് മുമ്പില്‍ തുടര്‍ച്ചയായി ഇരിക്കേണ്ട വിധത്തിലുള്ള ജോലിയാണ് ചെയ്യുന്നതെങ്കില്‍ ഒരുമണിക്കൂര്‍ കൂടുമ്പോഴെങ്കിലും എഴുന്നേറ്റ് നടക്കുക. അല്പം ദൂരെ ഇരിക്കുന്ന സുഹൃത്തുക്കളുടെ അരികിലേക്ക് നടക്കുന്നത് ശീലിക്കുക. വീട്ടില്‍ തന്നെ ജോലി ചെയ്യുന്നവരാണെങ്കില്‍ ഇടയ്ക്കിടെ ബ്രേക്ക് എടുത്ത് ചെടികള്‍ക്ക് വെള്ളമൊഴിക്കുന്നതും മുറി വൃത്തിയാക്കുന്നതും പതിവാക്കുക.

 

ശരീരം ഊര്‍ജ്ജസ്വലമായി നിലനിര്‍ത്തുന്നതിനും മസിലുകള്‍ക്ക് ആവശ്യത്തിന് വഴക്കം ലഭിക്കുന്നതിനും യോഗയെക്കാള്‍ നല്ല വ്യായാമം വേറെയില്ല. ശരീരികാരോഗ്യത്തിന് മാത്രമല്ല, മാനസികാരോഗ്യത്തിനും യോഗ വളരെ നല്ലതാണ്. അതിനാല്‍ ദിവസേന യോഗ പരിശീലിക്കുക

 

 

 

OTHER SECTIONS