By online desk .08 10 2020
കാന്‍സര്‍, മനുഷ്യനെ ഇത്രയധികം വിഹ്വലപ്പെടുത്തുന്ന വേറെ വാക്കുകള്‍ വിരളമാണ്. കാന്‍സര്‍ എന്ന രോഗനിര്‍ണ്ണയം, ആരും ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത, മരണം എന്ന സത്യത്തെപ്പറ്റിയും ജീവിതത്തിന്റെ മൂല്യത്തെപ്പറ്റിയും നമ്മെ ഒരുനിമിഷം ഓര്‍മ്മപ്പെടുത്തുന്നു.ജീവിതശൈലിയിലെയും ഭക്ഷണശീലങ്ങളിലെയും വ്യതിയാനം മനുഷ്യരില്‍ അടിച്ചേല്‍പ്പിച്ച ഒരു 'ന്യൂജെന്‍’ രോഗമായിട്ടാണ് പൊതുവെ കാന്‍സര്‍ അറിയപ്പെടുന്നത്. പകര്‍ച്ചവ്യാധികളില്‍ വന്ന ഇടിവും ആയുസ്സിന്റെ ദൈര്‍ഘമേറിയതും ജോലിയില്‍ കായികാദ്ധ്വാനത്തിന്റെ ആവശ്യകത കുറഞ്ഞതും പരിശോധനാ സംവിധാനങ്ങളില്‍ വന്ന വികാസവുമെല്ലാം ഈ മാറ്റത്തിന് കാരണമായിട്ടുണ്ട്.
കാന്‍സറിന്റെ ഉത്ഭവം: മുപ്പത്തിയേഴ് ട്രില്യന്‍ കോശങ്ങളാല്‍ നിര്‍മ്മിതമാണ് മനുഷ്യശരീരം. ഇതില്‍ അതിവേഗം വിഘടിച്ചുകൊണ്ടിരിക്കുകയും പ്രത്യുല്പ്പാദനം ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്ന രക്ത, ബീജ, അന്നനാള കോശങ്ങള്‍ മുതല്‍ അപൂര്‍വ്വമായി മാത്രം വിഘടിക്കുന്ന നാഡീകോശങ്ങള്‍ വരെ ഉള്‍പ്പെടുന്നു. താളപ്പിഴകള്‍ക്ക് ഇടനല്‍കാത്ത വിധത്തിലുള്ള സുരക്ഷാസന്നാഹങ്ങളാല്‍ നിയന്ത്രിതമായിട്ടുള്ള കോശചക്രം, എന്നാല്‍, അപൂര്‍വ്വമായി ചില സമ്മര്‍ദ്ദങ്ങളുടെ ഫലമായി നേരിയ വ്യതിയാനങ്ങള്‍ക്ക് വഴിപ്പെടാറുണ്ട്. അവയില്‍, ശരീരത്തിന്റെ തിരുത്തല്‍ പ്രക്രിയയെ ചെറുക്കുന്ന ഒരു ചെറിയ ശതമാനം കോശങ്ങളാണ് കാന്‍സറിന്റെ ഉത്ഭവകേന്ദ്രം. അത്തരം കോശങ്ങളും അവയുടെ സന്തതിപരമ്പരയും നമ്മുടെ ശരീരത്തിന്റെ എല്ലാവിധ നിയന്ത്രണ സംവിധാനങ്ങളെയും പടിപടിയായി മറികടക്കുകയും വിദൂര അവയവങ്ങളിലേക്ക് പടരുകയും ചെയ്യുന്നു എന്നുള്ളതാണ് ചുരുക്കിപ്പറഞ്ഞാല്‍ കാന്‍സറിന്റെ ഒരു ലഘു ജീവചരിത്രം.
അമേരിക്കയില്‍ കാന്‍സര്‍ ചികിത്സാ വിദഗ്ദ്ധനായ സിദ്ധാര്‍ത്ഥ മുഖര്‍ജി അദ്ദേഹത്തിന്റെ വിഖ്യാതമായ 'ദ എംപറര്‍ ഒഫ് ഓള് മെലഡീസ്’ എന്ന പുസ്തകത്തില്‍ കാന്‍സറിനെ അതിശക്തനായ ഒരു പ്രതിനായകനായാണ് അവതരിപ്പിച്ചിട്ടുള്ളത്. തനിക്കുമുമ്പില്‍ വരുന്ന പ്രതിബന്ധങ്ങളെയെല്ലാം കൗശലത്തോടെ മറികടക്കുന്ന അതിശക്തനായ ഒരു വില്ലന്‍ കഥാപാത്രം. ഈ പ്രതിനായക കഥാപാത്രത്തിന്റെ ശേഷിപ്പുകള്‍ മനുഷ്യരാശിയുടെ ചരിത്ര താളുകളില്‍ 1600 ബിസി മുതലുള്ള ഏടുകളില്‍ പലയിടത്തും നമുക്ക് കാണാന്‍ സാധിക്കും. എന്നാല്‍ കാന്‍സറിനെതിരായ മനുഷ്യന്റെ ചെറുത്തുനില്‍പ്പിന് ഏതാണ്ട് ഒരു നൂറ്റാണ്ടിന്റെ ചരിത്രമേ പറയാനുള്ളൂ.