കോവിഡ് മരണം കുറയ്ക്കാന്‍ യുകെയില്‍ വിറ്റാമിന്‍ ഡി വിതരണം

By Rajesh Kumar.14 11 2020

imran-azhar

 

കോവിഡ് അപകട സാധ്യത കൂടുതലുള്ളവര്‍ക്ക് വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ വിതരണം ചെയ്യാനൊരുങ്ങി യുകെ. കോവിഡ് മരണങ്ങള്‍ കുറയ്ക്കുകയാണ് ലക്ഷ്യമെന്ന് യുകെയിലെ പ്രമുഖ മാധ്യമം ദ സണ്‍ഡേ ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 

കോവിഡ് ഗുരുതരമാവാന്‍ ഏറ്റവും സാധ്യതയുള്ള വയോജനങ്ങള്‍ക്ക് നേരിട്ട് വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ വിതരണം ചെയ്യും. സമാനമായ നടപടികളുമായി സ്‌കോട്ടിഷ് സര്‍ക്കാരും മുന്നോട്ടുവന്നിരുന്നു. കോവിഡ് പ്രതിരോധത്തില്‍ വിറ്റാമിന്‍ ഡിയുടെ പങ്കിനെപ്പറ്റി പരിശോധിക്കുകയാണെന്നും മറ്റു വിവരങ്ങള്‍ ഉടന്‍ അറിയിക്കുമെന്നുമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിറ്റാമിന്‍ ഡി സപ്ലിമെന്റുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഹൗസ് ഒഫ് കോമണ്‍സില്‍ മറുപടി പറഞ്ഞത്.

 

കോവിഡും വിറ്റാമിന്‍ ഡി അപര്യാപ്തതയും തമ്മിലുള്ള ബന്ധം പരിശോധിച്ചറിയാനായി ക്ലിനിക്കല്‍ ട്രയലിനും സര്‍ക്കാര്‍ മുന്‍കൈയെടുക്കും. കോവിഡ് പ്രതിരോധത്തില്‍ വിറ്റാമിന്‍ ഡിയുടെ സ്വാധീനം മനസിലാക്കാന്‍ ഗവേഷകരോട് ആവശ്യപ്പെട്ടതായി യുകെയിലെ ഹെല്‍ത്ത് സെക്രട്ടറി മാള്‍ട്ട് ഹോന്‍കോക്ക് കഴിഞ്ഞ മാസം എേംപിമാരെ അറിയിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ആഴ്ചകളില്‍ ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

 

ചില പഠനങ്ങള്‍ പറയുന്നത്, വിറ്റാമിന്‍ ഡിയുടെ കുറവും കോവിഡ് മരണസാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്നാണ്. എല്ലുകളുടെയും പല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിനായുള്ള കാത്സ്യത്തിന്റെയും ഫോസ്‌ഫേറ്റിന്റെയും ലെവല്‍ ശരീരത്തില്‍ നിലനിര്‍ത്താന്‍ വിറ്റാമിന്‍ ഡി സഹായിക്കും. സൂര്യപ്രകാശവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍, ശരീരത്തില്‍ സ്വാഭാവികമായി ഉല്പാദിപ്പിക്കപ്പെടുന്ന വിറ്റാമിനാണിത്.

 

അടുത്ത മാസം മുതല്‍ ഇംഗ്ലണ്ടിലാകമാനമുള്ള കെയര്‍ ഹോമുകളിലെ അപകട സാധ്യത കൂടുതലുള്ള രണ്ടു ദശലക്ഷത്തിലധികം ആളുകള്‍ക്ക് വിറ്റാമിന്‍ ഡി സപ്ലിമെന്റുകള്‍ ലഭ്യമാക്കും. യുകെയിലെ നാഷണല്‍ ഹെല്‍ത്ത് സര്‍വീസും വിറ്റാമിന്‍ സി കഴിക്കാനുള്ള നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

 

 

 

OTHER SECTIONS