ജാഗ്രത, മലയാളി തിന്നു മരിക്കുന്നു!

By Rajesh Kumar.05 01 2021

imran-azhar

മുരളി തുമ്മാരുകുടി


വീട്ടിലെ ഊണ്, മീന്‍ കറി, ചെറുകടികള്‍ അഞ്ചു രൂപ മാത്രം, ചട്ടി ചോറ്, ബിരിയാണി, പോത്തും കാല്, ഷാപ്പിലെ കറി, ബിരിയാണി, അല്‍ ഫാം
കുഴിമന്തി, ബ്രോസ്റ്റഡ് ചിക്കന്‍, ഫ്രൈഡ് ചിക്കന്‍... കേരളത്തില്‍ യാത്ര ചെയ്യുമ്പോള്‍ കാണുന്ന ബോര്‍ഡുകള്‍ ആണ്. മലയാളികളുടെ ഭക്ഷണ വിഭവങ്ങള്‍ നാടും മറുനാടും കടന്ന് വിദേശിയില്‍ എത്തി നില്‍ക്കുകയാണ്. വര്‍ക്ക് ഫ്രം ഹോമിന്റെ ഭാഗമായി ബാംഗ്‌ളൂരിലും ദുബായിലും ഉള്ള മലയാളികള്‍ നാട്ടിലെത്തിയതോടെ കേരളത്തിലെ ഗ്രാമങ്ങളില്‍ പോലും ബര്‍ഗറും പിസയും കിട്ടിത്തുടങ്ങിയിരിക്കുന്നു.


എന്റെ ചെറുപ്പകാലത്ത് പഞ്ഞമാസവും പട്ടിണിയും ഉണ്ടായിരുന്ന ഒരു സംസ്ഥാനത്തില്‍ ദേശിയും വിദേശിയുമായി ഭക്ഷണ ശാലകള്‍ ഉണ്ടാകുന്നതും അതിലൊക്കെ ആളുകള്‍ വന്നു നിറയുന്നതും ഏറെ സന്തോഷത്തോടെ നോക്കിക്കാണുന്ന ഒരാളാണ് ഞാന്‍. പക്ഷെ, ഭക്ഷണത്തെ പ്പറ്റിയുള്ള നമ്മുടെ അജ്ഞതയെപ്പറ്റി, അമിതമായി നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തെപ്പറ്റി എനിക്ക് ഒട്ടും സന്തോഷമില്ല. ഉദാഹരണത്തിന്, ഹോട്ട് ഡോഗ്, ഹാം, സോസേജ് എന്നിങ്ങനെയുള്ള പ്രോസെസ്സഡ് ആയിട്ടുള്ള ഇറച്ചി കാന്‍സര്‍ ഉണ്ടാക്കുമെന്ന് കൃത്യമായി തെളിവുള്ള ഗ്രൂപ്പ് 1 ല്‍ ആണ് ലോകാരോഗ്യ സംഘടന പെടുത്തിയിട്ടുള്ളത്. പുകവലിയും ആസ്‌ബെസ്റ്റോസും ഒക്കെ ഈ ഗ്രൂപ്പില്‍ തന്നെയാണ്. ബീഫ്, പോര്‍ക്ക്, മട്ടന്‍ എന്നിങ്ങനെയുള്ള റെഡ് മീറ്റ് കാന്‍സര്‍ ഉണ്ടാക്കാന്‍ സാധ്യതയുള്ള ഗ്രൂപ്പ് 2 വില്‍ ആണ് ലോകാരോഗ്യ സംഘടന പെടുത്തിയിട്ടുള്ളത്. പാറ്റ ശ്വസിക്കുന്നത് എങ്ങനെയെന്നും പശുവിന്റെ ആമാശയത്തിന് എത്ര അറകള്‍ ഉണ്ടെന്നും ഒക്കെ എന്നെ പഠിപ്പിച്ച ഒരു ബയോളജി ടീച്ചറും ഇതൊന്നും എന്നെ പഠിപ്പിച്ചില്ല. ഇപ്പോഴത്തെ കുട്ടികളെ ആരെങ്കിലും പഠിപ്പിക്കുന്നുണ്ടെന്ന് അവരുടെ തീറ്റ കണ്ടിട്ട് തോന്നുന്നില്ല.


ഞാന്‍ ഇപ്പോള്‍ മാംസാഹാരത്തിനെതിരെ തിരിഞ്ഞിരിക്കയാണെന്നൊന്നും ആരും വിചാരിക്കേണ്ട. പഞ്ചാബി ഡാബയില്‍ കിട്ടുന്ന അമിതമായ എണ്ണയും മസാലയും ഇട്ട വെജിറ്റേറിയന്‍ ഭക്ഷണവും മലയാളികള്‍ക്ക് കൂടുതല്‍ പരിചിതമായി വരുന്ന ബംഗാളി സ്വീറ്റ്സും ഒക്കെ ഓരോരോ രോഗങ്ങള്‍ നമുക്ക് സമ്മാനിക്കുവാന്‍ കഴിവുള്ളതാണ്. മറുനാടന്‍ ഭക്ഷണമാണ് എന്റെ ടാര്‍ഗറ്റ് എന്നും വിചാരിക്കേണ്ട.


ചെറുപ്പകാലത്ത് വീട്ടിലെ ചട്ടിയില്‍ ബാക്കി വന്ന മീന്‍കറിക്കുള്ളില്‍ കുറച്ചു ചോറിട്ട് ഇളക്കി കഴിച്ചതിന്റെ ഓര്‍മ്മയില്‍ ഇപ്പോള്‍ ബ്രാന്‍ഡ് ആയി മാറിയ 'ചട്ടിച്ചോറും' നാം കഴിക്കുന്നത് ചെറുപ്പകാലത്ത് നമുക്ക് ലഭിച്ച അളവിലല്ല. ചട്ടിച്ചോറാണെങ്കിലും വീട്ടിലെ ഊണാണെങ്കിലും കല്യാണ സദ്യ ആണെങ്കിലും ഭക്ഷണത്തിന്റെ ഗുണമല്ല, അളവാണ് നമുക്ക് ശത്രുവാകുന്നത്.


ഈ കൊറോണക്കാലത്ത് ലോകമെമ്പാടും ഒരു ബേക്കിങ്ങ് വിപ്ലവത്തിലൂടെ കടന്നു പോയി, കേരളവും അതിന് പുറത്തായിരുന്നില്ല. ഓരോ വീട്ടിലും കേക്കും പേസ്ട്രിയും ഉണ്ടാക്കുന്ന തിരക്കാണ്. ചെറിയ നഗരങ്ങളില്‍ കൂടി കേക്ക് മിക്സും ബേക്കിങ്ങിന് ഉള്ള പാത്രങ്ങളും ലഭിക്കുന്നു. പിറന്നാളിനും ക്രിസ്തുമസിനും മാത്രം കഴിച്ചിരുന്ന കേക്കുകള്‍ ഇപ്പോള്‍ ആഴ്ചയില്‍ ഒന്നോ അതിലും കൂടുതലും എന്ന നിലയിലേക്ക് വന്നിരിക്കുന്നു.


ഭക്ഷണ രംഗത്ത് ഉണ്ടായിരിക്കുന്ന ഈ മാറ്റങ്ങള്‍ ഞാന്‍ ഉള്‍പ്പെടുന്ന മലയാളികളെ രോഗങ്ങളുടെ പിടിയിലേക്കാണ് തള്ളിവിടുന്നത് എന്നതില്‍ ഒരു സംശയവും വേണ്ട. ഇപ്പോള്‍ത്തന്നെ ഇന്ത്യയിലെ ഏറ്റവും രോഗാതുരമായ സമൂഹമാണ് കേരളത്തിലേത്. മലയാളികള്‍ കൂടുതല്‍ കാലം ജീവിക്കുന്നു എന്നതും അസുഖം ഉണ്ടായാല്‍ ചികിത്സ തേടുന്നു എന്നതുമൊക്കെ ഈ കണക്കിന് അടിസ്ഥാനമാണെങ്കിലും ജീവിത രോഗങ്ങള്‍ നമ്മുടെ സമൂഹത്തെ കീഴടക്കുകയാണെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല.
കൊറോണയുടെ പിടിയില്‍ നിന്നും നാം മോചനം നേടുകയാണ്. രണ്ടായിരത്തി ഇരുപത്തി ഒന്നിന്റെ പകുതി കഴിയുമ്പോള്‍ കൊറോണ നമുക്കൊരു വിഷയമാകില്ല. പക്ഷെ, ജീവിത രോഗങ്ങള്‍ ഇവിടെ ഉണ്ടാകും. കൊറോണക്കാലത്ത് നമ്മള്‍ ഊട്ടിയുറപ്പിച്ച, ശീലിച്ചെടുത്ത ഭക്ഷണ ശീലങ്ങള്‍ അതിനെ ഏറെ വര്‍ധിപ്പിക്കും. ഇതിന് തടയിട്ടേ തീരൂ. നമ്മുടെ സര്‍ക്കാരും ഡോക്ടര്‍മാരുടെ സംഘടനകളും സാമൂഹ്യ സംഘടനകളും ഇക്കാര്യത്തില്‍ കൂടുതല്‍ താല്പര്യം കാണിക്കണം.

 

1. ശരിയായ ഭക്ഷണ ശീലത്തെപ്പറ്റിയുള്ള അറിവ് ഉണ്ടാക്കുക എന്നതാണ് ആദ്യത്തെ പടി. സ്‌കൂളുകളില്‍ തന്നെ ഈ വിഷയം പഠിപ്പിക്കണം. ഓരോ റെസിഡന്റ് അസോസിയേഷനിലും ഈ വിഷയം ചര്‍ച്ചാ വിഷയം ആക്കണം.


2. നമ്മുടെ ആശുപത്രികളില്‍ എല്ലാം ശരിയായ പരിശീലനം ഉള്ള ഡയറ്റീഷ്യന്മാരെ നിയമിക്കണം. ഉള്ള ഡയറ്റീഷ്യന്മാര്‍ക്ക് മറ്റു ജോലികള്‍ കൊടുക്കുന്നത് നിറുത്തി, സമൂഹത്തില്‍ ആരോഗ്യരംഗത്ത് അവബോധം ഉണ്ടാക്കാനുള്ള ഉത്തരവാദിത്തം നല്‍കണം. ഈ കൊറോണക്കാലത്ത് എങ്ങനെയാണോ നമ്മള്‍ ഹെല്‍ത്ത് ഇന്‍സ്പ്ക്ടര്‍മാരുടെ വില അറിഞ്ഞത് അതുപോലെ നമ്മുടെ ഡയറ്റീഷ്യന്മാരുടെ അറിവും കഴിവും നമ്മള്‍ ശരിയായി ഉപയോഗിക്കണം.


3. ഉഴുന്ന് വട മുതല്‍ കുഴിമന്തി വരെ നാം കഴിക്കുന്ന ഓരോ ഭക്ഷണത്തിന്റെയും കലോറി വിലയോടൊപ്പം മെനുവില്‍ ലഭ്യമാക്കുമെന്ന് നിയമ പൂര്‍വ്വം നിര്‍്ബന്ധിക്കണം
4. റസ്റ്റോറന്റുകള്‍ പ്‌ളേറ്റ് നിറയെ ഭക്ഷണം കൊടുക്കുന്നതിന് പകരം ആരോഗ്യകരമായി ഭക്ഷണം നല്കാന്‍, ആകര്‍ഷകമായി ഭക്ഷണം നല്കാന്‍ ശ്രമിക്കണം. ഇക്കാര്യത്തില്‍ ഹോട്ടല്‍, റെസ്റ്റോറന്റ്, കാറ്ററിങ് അസോസിയേഷനുകളെ വിശ്വാസത്തില്‍ എടുക്കണം.


5. ഓരോ മെനുവിലും 'ഹെല്‍ത്തി ഓപ്ഷന്‍' എന്ന പേരില്‍ കുറച്ചു ഭക്ഷണം എങ്കിലും ഉണ്ടാകണം എന്നത് നിര്‍ബന്ധമാക്കണം.
6. അനാരോഗ്യമായ ഭക്ഷണങ്ങള്‍ക്ക് 'ഫാറ്റ് ടാക്‌സ്' ഒക്കെ കേരളത്തില്‍ പരീക്ഷിച്ചതാണ്, പക്ഷെ ഇതിന്റെ തോത് കുറഞ്ഞതിനാല്‍ വേണ്ടത്ര ഫലം ഉണ്ടായില്ല. ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ ചിലവില്‍ ആളെക്കൊല്ലുന്ന അളവില്‍ ഭക്ഷണ വിഭവങ്ങള്‍ കിട്ടുന്ന നാടാണ് നമ്മുടേത്. ഇവിടെ അനാരോഗ്യകരമായ ഭക്ഷണത്തിനോ അനാരോഗ്യകരമായ അളവില്‍ കഴിക്കുന്ന ഭക്ഷണത്തിനോ വില പല മടങ്ങ് വര്‍ധിപ്പിച്ചേ പറ്റൂ.


7. നമ്മുടെ സാമൂഹ്യ ജീവിതത്തില്‍ സോഷ്യലിസിങ്ങിന് സമൂഹം അംഗീകരിച്ച ഒറ്റ മാര്‍ഗ്ഗമേ ഉള്ളൂ. തീറ്റ. ബന്ധുക്കളെയും സ്വന്തക്കാരെയും സുഹൃത്തുക്കളെയും തീറ്റിക്കൊല്ലാന്‍ നാം പരസ്പരം മത്സരിക്കുകയാണ്. ഇത് മാറ്റിയെടുക്കണം.


8. ഓരോ പഞ്ചായത്തിലും (മുനിസിപ്പാലിറ്റിയിലും കോര്‍പ്പറേഷനിലും) ഹാപ്പിനെസ്സ് ഡിപ്പാര്‍ട്ട്‌മെന്റ് ഉണ്ടാക്കണം. അവിടെ ഡയറ്റീഷ്യന്‍, ലൈഫ് കോച്ച്, ഫിസിക്കല്‍ ട്രെയിനര്‍ എന്നിവരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കണം. ആരോഗ്യകരമായ ശീലങ്ങള്‍ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്നത് ഒരു പൊതുജനാരോഗ്യ വെല്ലുവിളിയായി നാം ഏറ്റെടുക്കണം.
9 . കേരളത്തിലെ ഓരോ വാര്‍ഡിലും വ്യായാമത്തിനുള്ള ഒരു ഫെസിലിറ്റി എങ്കിലും ഉണ്ടായിരിക്കണം. വിദേശത്തൊക്കെ ജനപ്രിയമായിക്കൊണ്ടിരിക്കുന്ന ഓപ്പണ്‍ ജിം, അതും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഏത് സമയത്തും സുരക്ഷിതമായി വരാവുന്നത്, കേരളത്തില്‍ എല്ലായിടത്തും കൊണ്ടുവരണം. നന്നായി ഫാറ്റ് ടാക്‌സ് വാങ്ങിയാല്‍ തന്നെ ഇതിനുള്ള പണം കിട്ടും.


10. സമീപകാലത്തൊരിക്കലും ഉണ്ടായിട്ടില്ലാത്ത അത്രമാത്രം ജനപ്രിയത ഉള്ള ഒരു ആരോഗ്യമന്ത്രിയാണ് നമുക്കുള്ളത്. ആരോഗ്യ രംഗത്തെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനോടൊപ്പം ആരോഗ്യകരമായ ജീവിതരീതി നമ്മുടെ ജനങ്ങളെ പഠിപ്പിക്കാന്‍ ബഹുമാനപ്പെട്ട മന്ത്രി മുന്‍കൈ എടുക്കണം. പത്തുവര്ഷത്തിനകം നമ്മുടെ ആരോഗ്യ ബഡ്ജറ്റിന്റെ പകുതിയും ആരോഗ്യത്തോടെ ജീവിക്കാന്‍ ആളുകളെ പഠിപ്പിക്കാനും അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കാനും നമ്മള്‍ ചിലവാക്കണം.


ഇതൊന്നും ബുദ്ധിമുട്ടുള്ള കാര്യമല്ല. പക്ഷെ ഇതൊന്നും ചെയ്യാതെ മൂക്ക് മുട്ടെ കഴിച്ചിരിക്കാനാണ് നമുക്കെല്ലാവര്‍ക്കും ഇഷ്ടം. പക്ഷെ ഈ പോക്ക് പോയാല്‍ പത്തു വര്‍ഷത്തിനകം പുകവലിയുണ്ടാക്കുന്ന രോഗങ്ങളുടെ ചിത്രം ഇപ്പോള്‍ സിഗരറ്റ് പാക്കറ്റുകളില്‍ ഉള്ളതുപോലെ നമ്മുടെ ഭക്ഷണ വസ്തുക്കള്‍ ഉണ്ടാക്കുന്ന രോഗത്തിന്റെ പേടിപ്പിക്കുന്ന ചിത്രങ്ങള്‍ മെനു കാര്‍ഡില്‍ വരുന്ന കാലം വരും. അത് വേണ്ട. 

 

 

OTHER SECTIONS