സെക്‌സിനെ തകര്‍ക്കുന്ന സങ്കോചം

By Rajesh Kumar.04 Nov, 2017

imran-azhar

സ്ത്രീയും പുരുഷനും ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ബോധപൂര്‍വ്വമല്ലാതെ തന്നെ യോനിസങ്കോചം വരുകയും അങ്ങനെ ലൈംഗികബന്ധം സാധ്യമാകാത്തതുമായ അവസ്ഥയാണ് വജൈനിസ്മസ്.
ഇതുമൂലം വൈവാഹിക ജീവിതത്തില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുകയും അത് തകരാനുള്ള സാധ്യതയുമുണ്ട്. കൂടാതെ ഇത് വന്ധ്യതയ്ക്കും ഒരു കാരണമായിത്തീരുന്നു.
വളരെ അപൂര്‍വ്വമായെങ്കിലും ഒരു വര്‍ഷത്തെ വിവാഹജീവിതത്തിനു ശേഷവും ഒരിക്കല്‍പോലും ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ സാധിക്കാത്തവരെ കുറിച്ചാണ് പറയുന്നത്. ഇത്രയും നാളായിട്ടും താനൊരു കന്യകയായിട്ടു തുടരുന്ന കാര്യം വളരെ വ്യസനത്തോടുകൂടി പറയുന്നവരുണ്ട്. ഇതില്‍ പ്രശ്‌നം സ്ത്രീയുടേതാകാം. അതുപോലെ പുരുഷന്റേതും. വിശദമായി ചോദിക്കുന്നതിലൂടെ മാത്രമേ തീര്‍ത്തും പ്രശ്‌നം ആരുടേതാണെന്നും മനസ്‌സിലാക്കാന്‍ പറ്റുകയുള്ളൂ.

 

എത്രപേരെ ബാധിക്കുന്നു?
ഏകദേശം 2 ശതമാനം സ്ത്രീകളില്‍ ഇതു കാണപ്പെടുന്നു. എന്നാല്‍, ഇത് ശരിയായൊരു കണക്കല്ല. കാരണം പലരും ഇത് പുറത്തുപറയാറില്ല. അല്ലെങ്കില്‍ രോഗനിര്‍ണ്ണയം കൃത്യമാകാറില്ല.

 

എത്രതരം?
പ്രൈമറി ടൈപ്പ്:
പ്രത്യേകിച്ച് ഒരുകാരണം കൂടാതെ വിവാഹജീവിതത്തിന്റെ തുടക്കം മുതല്‍ ഇക്കൂട്ടര്‍ക്ക് യാതൊരു വിധത്തിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനേ പറ്റില്ല. ഗൈനക്കോളജിസ്റ്റ് പരിശോധിക്കാന്‍ ശ്രമിക്കുമ്പോഴും ആര്‍ത്തവ സമയത്ത് ടാംപൂണ്‍ ഉപയോഗിക്കുമ്പോഴും ഇതുതന്നെ സംഭവിക്കുന്നു.
ഉത്കണ്ഠ, സ്‌ട്രെസ്‌സ് എന്നിവ കൊണ്ടോ അല്ലെങ്കില്‍ ജനനേന്ദ്രിയത്തെപ്പറ്റി ശരിയായ ധാരണ ഇല്ലാത്തതോ ഇതിനു കാരണമാകുന്നു.

 

സെക്കന്‍ഡറി ടൈപ്പ്:
ഇക്കൂട്ടര്‍ വര്‍ഷങ്ങളോളം സാധാരണ രീതിയില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടവരായിരിക്കും. അതിനുശേഷം മറ്റേതെങ്കിലും കാരണത്താലാണ് ഇങ്ങനെ സംഭവിക്കുന്നത്. ഉദാഹരണത്തിന് , മാസമുറ നിന്നതിന് ശേഷമുള്ള സ്രവത്തിന്റെ കുറവ്, അണുബാധ, റേഡിയേഷന്‍, ലൈംഗികപീഡനം, എന്‍ഡോമെട്രിയോസിസ് എന്ന അസുഖം എന്നിവ. പ്രസവത്തിനുശേഷം വരുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങളും ഇതിന് കാരണമായിത്തീരാറുണ്ട്.

 

എങ്ങനെ ബാധിക്കുന്നു?
* സ്ത്രീയെ പറഞ്ഞുമനസ്‌സിലാക്കുന്നതോടുകൂടി പേശി സങ്കോചം മാറുന്നു.
* പറഞ്ഞു മനസ്‌സിലാക്കിയാലും യാതൊരു വ്യത്യാസവും കാണുന്നില്ല.
* നിതംബം ഉയര്‍ത്തിക്കൊണ്ടു പോവുക.
* നിതംബം ഉയര്‍ത്തുന്നതോടൊപ്പം ഇരുകാലുകളും കൂട്ടിപ്പിടിക്കുന്നു.
* രോഗി വിയര്‍ക്കുകയും, ശ്വാസഗതി, നെഞ്ചിടിപ്പ് എന്നിവ കൂടുകയും, വിറയ്ക്കുക, ഛര്‍ദ്ദിക്കുക, ബോധം നശിക്കുക എന്നിവയും സംഭവിക്കാം.


ചികിത്സാരീതികള്‍
കൂട്ടായ ഒരു ചികിത്സാ രീതിയാണ് ഇതിനുവേണ്ടത്. ഇതില്‍ ഗൈനക്കോളജിസ്റ്റ്, മനശ്ശാസ്ത്രജ്ഞന്‍, കൗണ്‍സലിംഗ് എന്നിവ ഉള്‍പ്പെടുന്നു. ഇത് പല ഘട്ടങ്ങളായിട്ട് മാത്രമേ സാധ്യമാവുകയുള്ളൂ.

* സ്ത്രീയുടെ ബാല്യകാലത്ത് സംഭവിച്ചിട്ടുള്ള ശാരീരിക മാനസിക പീഡനങ്ങള്‍, വളര്‍ന്നുവന്ന സാഹചര്യങ്ങള്‍ എന്നിവ ചോദിച്ചു മനസ്‌സിലാക്കുകയും കൗണ്‍സലിംഗ് ചെയ്യുകയും വേണം.

* എന്താണ് വജൈനിസ്മസ് എന്നും അത് എങ്ങനെ സംഭവിക്കുന്നുവെന്നും സ്ത്രീബോധവതിയായിരിക്കണം.

* സെക്‌സിനെക്കുറിച്ചുള്ള ഭയം, സെക്‌സ് ഒരു അപരാധമാണ് എന്നുള്ള ധാരണയും ലൈംഗികാവയവങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ എന്നിവയും വജൈനിസ്മസിന് കാരണമാകുന്നു. ഇത് സെക്‌സ് എഡ്യൂക്കേഷനിലൂടെ മാത്രമേ മാറ്റാന്‍ സാധിക്കുകയുള്ളൂ.

* കെഗല്‍ എക്‌സസൈസും പരിഹാരമാണ്. മൂത്രമൊഴിച്ചതിനുശേഷം യോനിയുടെ ചുറ്റുമുള്ള പേശികള്‍ 10 നിമിഷം സങ്കോചിപ്പിക്കുകയും 10 നിമിഷം റിലാക്‌സ് ചെയ്യുകയും വേണം. ഇങ്ങനെ ദിവസം 3 നേരം 10 തവണ വീതം ചെയ്യുക. ഇതിലൂടെ യോനിപേശികളെ കണ്‍ട്രോള്‍ ചെയ്യാനുള്ള കഴിവ് സാധ്യമാകുന്നു.

 

മരുന്നുകള്‍
മരുന്നുകള്‍ ഒന്നുംതന്നെ വജൈനിസ്മസിന് പ്രയോജനം ചെയ്യാറില്ല. വേണമെങ്കില്‍ വേദനാസംഹാരികള്‍ ഉപയോഗിക്കാം. ലൂബ്രിക്കേറ്റിംഗ് ജെല്‍ ഒരു പരിധിവരെ ഗുണം ചെയ്യാറുണ്ട്.
ശസ്ത്രക്രിയ ഗുണകരമല്ല. പക്ഷേ, കന്യാചര്‍മ്മത്തിന് കട്ടികൂടുതലാണെങ്കില്‍ ഒരു ചെറിയ ശസ്ത്രക്രിയയിലൂടെ യോനീദ്വാരം വലുതാക്കാന്‍ സാധിക്കും.
നാഡീപ്രവര്‍ത്തനത്തെ വ്യത്യാസപ്പെടുത്താന്‍ വേണ്ടി ബോട്ടുലിനം ടോക്‌സിന്‍ കുത്തിവച്ച് പേശിയുടെ സങ്കോചം തല്‍ക്കാലത്തേക്ക് കുറയ്ക്കാവുന്നതാണ്. പക്ഷേ, ഇതിനെക്കുറിച്ചുള്ള പരീക്ഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ.
സെക്കന്‍ഡറി വജൈനിസ്മസിന്റെ കാരണം കൃത്യമായി കണ്ടുപിടിച്ച് അണുബാധ, ഈര്‍പ്പമില്ലായ്മ എന്നിവ മരുന്നുകള്‍ കൊണ്ടും എന്‍ഡോമെട്രിയോസിസ് ശസ്ത്രക്രിയ കൊണ്ടും ചികിത്സിച്ചു ഭേദമാക്കാവുന്നതാണ്.
ഓര്‍ത്തിരിക്കുക വജൈനിസ്മസ് 100 ശതമാനവും ചികിത്സിച്ച് ഭേദമാക്കാവുന്ന ഒരു സെക്ഷ്വല്‍ ഡിസോര്‍ഡര്‍ ആണ്.

 

 

loading...

OTHER SECTIONS