വേരിക്കോസ് വെയിന്‍ നിയന്ത്രണം ഇങ്ങനെ

By Rajesh Kumar.08 Dec, 2017

imran-azhar

 

ഡോ. ടി. സുഗതന്‍

 

വെരിക്കോസ് വെയിന്‍ പലരേയും അലട്ടുന്ന പ്രശ്‌നമാണ്. തുടയിലും കാല്‍ വണ്ണയിലുമാണ് ഇത് പ്രധാനമായും കണ്ടുവരുന്നത്.ശരീരത്തിലെ, പ്രത്യേകിച്ച് കാലുകളിലെ ചില ഞരമ്പുകള്‍ അസാധാരണമാം വിധം തടിച്ചു വരുന്നതാണ് വെരിക്കോസ് വെയിന്‍. പ്രൊജസ്‌ട്രോണ്‍ എന്ന സ്ത്രീ ഹോര്‍മോണിന് സ്ത്രീകളില്‍ ഈ അവസ്ഥ ഉണ്ടാക്കുന്നതിന് പങ്കുണ്ട്. പ്രസവാനന്തരം മിക്കവാറും സ്ത്രീകളില്‍ ഈ രോഗം കണ്ടുവരുന്നു.

 

ശരീരകലകള്‍ക്ക് ഓക്‌സിജന്‍ നല്‍കിയ ശേഷം കലകളില്‍ നിന്ന് ലഭിക്കുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്ന മലിനവസ്തുവിനെ പുറന്തള്ളാനും വീണ്ടും ഓക്‌സിജന്‍ സമ്പുഷ്ടമാക്കാനും കലകളില്‍ നിന്ന് രക്തം ഹൃദയത്തിലേക്ക് തിരിച്ചെത്താന്‍ സഹായിക്കുന്ന രക്തക്കുഴലുകളാണ് സിരകള്‍ അഥവാ വെയിനുകള്‍.

 

സിരകള്‍ക്കകത്ത് മുന്നോട്ടുള്ള രക്തപ്രവാഹത്തെ സഹായിക്കുവാന്‍ നിരവധി സൂക്ഷ്മ വാല്‍വുകള്‍ കാണപ്പെടുന്നു. കാലിന്റെ അറ്റത്തു നിന്നും ഹൃദയം പോലൊരു പമ്പിംഗ് ഉപകരണമില്ലാതെ രക്തം മുകളിലേക്കൊഴുകിയെത്തുന്നതിനു കാരണം ഈ വാല്‍വുകളും സിരകളെ അമര്‍ത്തുന്ന പേശികളുമാണ്. ഈ വാല്‍വുകളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന തകരാറു മൂലം രക്തത്തിന്റെ ഒഴുക്കു തടസ്‌സപ്പെടുകയും സിരകള്‍ വളഞ്ഞ് വികസിക്കുകയും ചെയ്യുന്ന അവസ്ഥയാണ് വേരിക്കോസ് വെയിന്‍.

 

 

എന്നാല്‍, വാല്‍വുകളുടെ തകരാര്‍ മൂലമോ മറ്റു പല കാരണങ്ങള്‍ മൂലമോ കൂടുതല്‍ രക്തം കാലുകളില്‍ത്തന്നെ തങ്ങി നില്‍ക്കാനിടയുണ്ട്. അമിതവണ്ണമുള്ളവരും കൂടുതല്‍ സമയം നിന്നുകൊണ്ട് ജോലി ചെയ്യേണ്ടി വരുന്നവരിലും സിരകള്‍ വീര്‍ത്തു വളഞ്ഞ് വികൃതരൂപം പ്രാപിക്കുന്നു.

 

കാലുകളില്‍ അമിതമര്‍ദ്ദം വരാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ വേണം. അതുകൊണ്ടു തന്നെ കൂടുതല്‍ നേരം നില്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. അമിത ഭാരം തൂക്കിയെടുക്കാതിരിക്കുക. കൂടുതല്‍ നേരം ഇരുന്ന് ജോലി ചെയ്യുന്നത് ഒഴിവാക്കുക. ഇടയ്ക്കിടെ എഴുന്നേറ്റു നടക്കുക. ഇത് കാലുകളിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിക്കും.

 

ആധുനിക വസ്ത്രധാരണ രീതിയില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന ലെഗിന്‍സ് പോലുള്ള വല്ലാതെ ഇറുകിയ വസ്ത്രങ്ങള്‍ രക്തപ്രവാഹം തടസപ്പെടുത്തും. ഇതൊഴിവാക്കുക

 

വെരിക്കോസ് വെയിനുള്ളിടത്ത് ചൊറിച്ചില്‍ അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാല്‍, കൂടുതല്‍ ചൊറിയാതിരിക്കുക. കാരണം ചൊറിഞ്ഞു പൊട്ടുന്നത് മറ്റു പ്രശ്‌നങ്ങള്‍ക്കു വഴിയൊരുക്കും. വളരെക്കാലത്തേയ്ക്കു നീണ്ടു നില്‍ക്കുന്ന വേരിക്കോസില്‍ കാലുകഴപ്പ്, വ്രണങ്ങള്‍, നീര് എന്നിവയുണ്ടാക്കുന്നു. വേരിക്കോസ് വ്രണങ്ങള്‍ കരിയാന്‍ വളരെ ക്കൂടുതല്‍ കാലതാമസം വരുന്നതാണ്.

 

നാരുകളടങ്ങിയ ഭക്ഷണം
ധാരാളം നാരുകളടങ്ങിയ ഭക്ഷണം കഴിക്കുക. ഇത് കാലിന് കൂടുതല്‍ ശക്തി നല്‍കും, വെരിക്കോസ് വെയിന്‍ അസ്വസ്ഥതകള്‍ ഇല്ലാതാക്കും. അമിതവണ്ണം കുറയ്ക്കുന്നതും രോഗചികിത്സയ്ക്ക് അത്യന്താപേക്ഷിതമാണ്.

 

വ്യായാമങ്ങള്‍
അല്‍പ്പം ബുദ്ധിമുട്ടും വേദനയുമുണ്ടാകുമെങ്കിലും നടക്കുക, നീന്തുക, സൈക്കിളിംഗ് തുടങ്ങിയ വ്യായാമങ്ങള്‍ വെരിക്കോസ് വെയിനിനുള്ള നല്ലൊരു പരിഹാരമാണ്. ചിട്ടയായ വ്യായാമം ശീലിക്കുക വഴി കാലു വേദന കുറയാന്‍ ഇടവരുത്തും.

OTHER SECTIONS