വില്ലനാവില്ല ബി.പി

By Rajesh Kumar.07 Jan, 2017

imran-azhar

ബിപി നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

* ഭക്ഷണത്തില്‍ ഉപ്പു കൂടാതെ ശ്രദ്ധിക്കുക. ഒരു ദിവ സം ഒരു സ്പൂണിലധികം ഉപ്പു കഴിക്കാന്‍ പാടില്ല.
* കൊഴുപ്പ് കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങളും എണ്ണ യില്‍ വറുത്തുപൊരിച്ച പലഹാരങ്ങളും ബേക്കറി സാധനങ്ങളും അമിതമായി കഴിക്കരുത്.
3. മാനസിക സംഘര്‍ഷം കുറയ്ക്കുക. യോഗ, ധ്യാനം, പ്രാണായാമം എന്നിവ ശീലിക്കുക. സുഹൃത്തുക്കളോടൊപ്പവും കുടുംബാംഗങ്ങളോടൊപ്പവും ഇടക്കിടെ സന്തോഷകരമായി അല്‍പസമയം പങ്കിടുകയോ ഉല്ലാസയാത്രയ്ക്കു പോവുകയോ ചെയ്യാം.
* മദ്യപാനം, പുകവലി തുടങ്ങിയ ദുശ്ശീലങ്ങള്‍ ഒഴിവാക്കുക.
* അമിതവണ്ണം കുറയ്ക്കുക.
* കൃത്യമായി വ്യായാമം ചെയ്യുക
* പോഷകാംശങ്ങളും നാരുമടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ നിത്യവും കഴിക്കുക (പഴങ്ങള്‍, പച്ചക്കറികള്‍, നട്ട്‌സ്, ധാന്യങ്ങള്‍ തുടങ്ങിയവ)
* നന്നായി ഉറങ്ങുക. ഉറക്കക്കുറവ് കൊണ്ട് ബി.പി. കൂടാം.
* കാപ്പി അധികം കുടിക്കരുത്.
* ബി.പിക്ക് ഡോക്ടര്‍ നിര്‍ദ്ദേശിച്ച മരുന്നുകള്‍ കൃത്യമായി കഴിക്കണം. മാസത്തില്‍ ഒരിക്കല്‍ ബി.പി. പരിശോധിക്കുക.. ബി.പി. കുറഞ്ഞിട്ടുണ്ടാവുമെന്നു കരുതി സ്വയം മരുന്നു നിര്‍ത്തുകയോ ഫാര്‍മസിയില്‍ നിന്ന് സ്വയം മരുന്നു വാങ്ങി കഴിക്കുകയോ ചെയ്യരുത്. ബി.പിക്കുള്ള മരുന്നുകള്‍ ജീവിതാവസാനം വരെ കഴിക്കണമെന്നൊന്നുമില്ല. ബി.പി. നിയന്ത്രിക്കപ്പെട്ടുകഴിഞ്ഞാല്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മരുന്നിന്റെ ഡോസ് കുറയ്ക്കുകയോ താല്‍ക്കാലികമായി നിര്‍ത്തുകയോ ചെയ്യാം.
* ജീവിതശൈലിയില്‍ മാറ്റം വരുത്തുകയാണ് ഏറ്റവും പ്രധാനം. ആരോഗ്യകരമായ ഭക്ഷണരീതി, വ്യായാമം, അമിതവണ്ണം കുറയ്ക്കുക എന്നിവയ്ക്കു പുറമേ ദേഷ്യം, അമിതമായ ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ദം എന്നിവ ഒഴിവാക്കുകയും വേണം.

 

മരുന്നുകള്‍
ബി.പി. നിയന്ത്രിക്കാന്‍ പലതരം മരുന്നുകള്‍ ഉണ്ട്. കുടുംബചരിത്രം, രോഗലക്ഷണങ്ങള്‍ എന്നിവ മനസ്‌സിലാക്കി ശരീരപരിശോധനയും മറ്റു പരിശോധനകളും നടത്തിയശേഷം പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന കൊളസ്‌ട്രോള്‍ എന്നീ പ്രശ്‌നങ്ങള്‍ കൂടിയിട്ടുണ്ടോ എന്ന കാര്യവും കണക്കിലെടുത്താണ് ഡോക്ടര്‍ ചികിത്സ നിര്‍ദ്ദേശിക്കുന്നത്.ഡോക്ടര്‍ ബി.പിയുടെ തോതനുസരിച്ച് ഒന്നോ അതിലധികമോ മരുന്നുകള്‍ നല്‍കുന്നു. ചില മരുന്നുകള്‍ രാത്രിയില്‍ ഉറങ്ങുന്നതിനു മുമ്പ് കഴിക്കാനായി നിര്‍ദ്ദേശിച്ചാല്‍ അതുപോലെത്തന്നെ കഴിക്കണം.
മരുന്നുകള്‍ക്ക് പല പാര്‍ശ്വഫലങ്ങളും ഉണ്ടാവാം. വൃക്കയുടെ പ്രവര്‍ത്തനങ്ങളില്‍ വ്യത്യാസം, രക്തത്തിലെ പൊട്ടാസ്യം, സോഡിയം എന്നിവയുടെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുക. കാലില്‍ നീരുണ്ടാകുക, ചുമ എന്നിങ്ങനെ പലതും. ഇത്തരം പാര്‍ശ്വഫലങ്ങള്‍ മനസ്‌സിലാക്കാനും മരുന്നിന്റെ ഡോസ് നിയന്ത്രിക്കാനുമായി ഡോക്ടറെ ഇടയ്ക്കിടെകണ്ട് പരിശോധിപ്പിക്കേണ്ടത് വളരെ അത്യാവശ്യമാണ്. മരുന്നുകളുടെ തോത്, സമയം, എത്ര നാള്‍ കഴിക്കണം എന്നെല്ലാം ഡോക്ടറോട് ചോദിച്ചു മനസ്‌സിലാക്കി അതുപ്രകാരം ചെയ്യുക. പ്രത്യേകിച്ചും പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന കൊളസ്‌ട്രോള്‍, അമിതവണ്ണം എന്നിവയും കൂടിയുള്ള രക്താതിസമ്മര്‍ദ്ദരോഗികള്‍ .

 

കുറഞ്ഞ രക്തസമ്മര്‍ദ്ദം (ഹൈപ്പോടെന്‍ഷന്‍)
രക്താതിസമ്മര്‍ദ്ദം 100/70 മി.മീ മെര്‍ക്കുറിയില്‍ നിന്നും കുറയുന്നതിനെയാണ് ഹൈപ്പോടെന്‍ഷന്‍ എന്നു പറയുന്നത്. ഇതു വളരെ അപകടകാരിയാണ്. ബി.പി. 90/60 മി.മീ മെര്‍ക്കുറിയില്‍ കുറഞ്ഞാല്‍ അത് മെഡിക്കല്‍ എമര്‍ജന്‍സിയാണ്.
കാരണങ്ങള്‍
രക്തസ്രാവം, ശരീരത്തില്‍ നിന്ന് ഉപ്പും ജലാംശവും നഷ്ടപ്പെടുക (വയറിളക്കം, ചര്‍ദ്ദി എന്നിവകൊണ്ട്) ഹൃദയത്തിന്റെയും തലച്ചോറിന്റെയും തകരാറുകള്‍, കഠിനമായ അണുബാധ, ചില മരുന്നുകളുടെ അലര്‍ജി. ചില ഹോര്‍മോണ്‍ തകരാറുകള്‍, ഹൃദയമിടിപ്പിന്റെ താളംതെറ്റല്‍, മാനസികസമ്മര്‍ദ്ദം, അമിത മദ്യപാനം എന്നിങ്ങനെ പലകാരണങ്ങള്‍ കൊണ്ടും രക്താതിസമ്മര്‍ദ്ദത്തിനുവേണ്ടി കഴിക്കുന്ന മരുന്നുകളുടെ ഡോസ് കൂടിയാലും ഹൈപ്പോടെന്‍ഷന്‍ ഉണ്ടാവാം. കൂടുതല്‍ നേരം നില്‍ക്കേണ്ടിവന്നാലും രക്തസമ്മര്‍ദ്ദം കുറയാറുണ്ട്.


ലക്ഷണങ്ങള്‍
തലചുറ്റല്‍, കണ്ണിലിരുട്ട് കയറുക, ശ്വാസവേഗത കൂടുക, തലയ്ക്കു ഭാരക്കുറവ്, കുഴഞ്ഞുവീഴുക, അമിതദാഹം, ക്ഷീണം, നെഞ്ചിടിപ്പു കൂടുക, വിളര്‍ച്ച, തണുപ്പ് തോന്നുക, വിയര്‍പ്പ്, ബോധക്ഷയം എന്നിവ ഉണ്ടാവാം.

 

പ്രഥമശുശ്രൂഷ:
ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ ഉടനെ ഇരിക്കുകയോ, കിടക്കുകയോ ചെയ്യണം. ഡ്രൈവ് ചെയ്യുകയാണെങ്കില്‍ ഉടനെ വണ്ടിനിര്‍ത്തുക.
• ഹൈപ്പോടെന്‍ഷന്‍ ഉണ്ടെന്നു സംശയം തോന്നിയാല്‍
രോഗിയെ ഉടന്‍ തന്നെ കിടക്കയിലോ നിലത്തോ കിടത്തുക.
• ഇറുക്കമുള്ള വസ്ത്രങ്ങള്‍ അയച്ചുവിടുക
• വായു സഞ്ചാരം വര്‍ദ്ധിപ്പിക്കാന്‍ ഫാനിടുകയോ ജനലുകള്‍ തുറന്നിടുകയോ ചെയ്യുക.
• അല്‍പനേരം കഴിഞ്ഞ് വെള്ളം കുടിക്കാന്‍ കൊടുക്കാം.
വെള്ളത്തിനു പുറമേ കരിക്കിന്‍വെള്ളം, കഞ്ഞിവെള്ളം, ഉപ്പും പഞ്ചസാരയും ചേര്‍ത്ത നാരങ്ങാവെള്ളം, മോര് എന്നിവയും കുടിക്കാന്‍ നല്‍കാം. .
• രോഗിയുടെ നാഡിമിടിപ്പ്, ശ്വാസോച്ഛാസം, ബോധനില എന്നിവ നിരീക്ഷിക്കുക. ആവശ്യമെങ്കില്‍ പുനരുജ്ജീവനം നല്‍ക്കുക.
• ഉടനെ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നല്‍കണം.

 

OTHER SECTIONS