കേരളത്തില്‍ എന്തുകൊണ്ട് കോവിഡ് കേസുകള്‍ കുറയുന്നില്ല? കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതു കൊണ്ടാണോ?

By Web Desk.10 07 2021

imran-azhar

 


രാജ്യത്ത് കോവിഡ് കേസുകള്‍ കുത്തനെ കുറയുമ്പോഴും കേരളത്തില്‍ രോഗികളുടെ എണ്ണം കാര്യമായി കുറയുന്നില്ല. രാജ്യത്തെ പ്രതിദിന ടിപിആര്‍ 2.42 ശതമാനമാണ്. എന്നാല്‍, കേരളത്തില്‍ കുറച്ചുദിവസങ്ങളായി ടിപിആര്‍ 10 ശതമാനത്തില്‍ നില്‍ക്കുകയാണ്.

 

ഏതാണ്ട് ഒരു മാസമായി കേരളത്തില്‍ 11,000 നും 13,000 നും ഇടയില്‍ പ്രതിദിന കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതേ കാലയളവില്‍ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം പകുതിയോളം കുറഞ്ഞു. രാജ്യത്ത് 80,000 ത്തോളം പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതിന്റെ സ്ഥാനത്ത് പ്രതിദിന കോവിഡ് കേസുകള്‍ 40,000 ത്തോളമായി താഴ്ന്നു. ഈ കാലയളവില്‍ മറ്റു സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി.

 

ജൂണ്‍ പകുതി മുതല്‍ രോജ്യത്തെ കോവിഡ് രോഗികളില്‍ ഒരു വലിയ ശതമാനം കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളില്‍ മൂന്നിലൊന്നും കേരളത്തില്‍ നിന്നാണ്. രാജ്യത്തെ കോവിഡ് കേസുകള്‍ താഴുകയും കേരളത്തിലെ കോവിഡ് കേസുകളില്‍ വര്‍ദ്ധിക്കുകയും ചെയ്യുന്ന സാഹചര്യമാണുള്ളത്.

 

നിലവില്‍ രാജ്യത്തെ കോവിഡ് കേസുകളില്‍ പത്തു ശതമാനത്തോളം കേരളത്തില്‍ നിന്നാണ് എന്നത് ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ഈ വര്‍ഷം ജനുവരിയിലെ കണക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നതാണിത്. കോവിഡ് രണ്ടാം തരംഗത്തിന്റെ തുടക്കത്തില്‍, ചില ദിവസങ്ങളില്‍ രാജ്യത്തെ കോവിഡ് കേസുകളില്‍ 60 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരുന്നത് കേരളത്തില്‍ നിന്നായിരുന്നു.

 

ഇതുവരെ കേരളത്തില്‍ 30 ലക്ഷത്തിലധികം പേര്‍ കോവിഡ് ബാധിതരായി. അതായത്, മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏറ്റവും അധികം കോവിഡ് കേസുകളില്‍ റിപ്പോര്‍ട്ട് ചെയ്തത് ഇവിടെയാണ്. താരതമ്യേന കേരളത്തില്‍ 3.5 കോടി എന്ന കുറഞ്ഞ ജനസംഖ്യയാണുള്ളത്. അതിനാല്‍, ജനസംഖ്യാ ആനുപാതികയായി നോക്കുമ്പോള്‍, മഹാരാഷ്ട്രയെക്കാള്‍ എത്രയോ അധികം കോവിഡ് കേസുകളാണ് കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ദശലക്ഷത്തിന് 90,000 കേസുകളാണ് കേരളത്തില്‍. രാജ്യത്തിന്റെ ശരാശരിയായ 24,000 വുമായി തട്ടിച്ചുനോക്കുമ്പോള്‍ മനസ്സിലാക്കും കേരളത്തിലെ കോവിഡ് വ്യാപനം എത്രമാത്രം ഗൗരവമുള്ളതാണെന്ന്.

 

മഹാമാരിയുടെ തുടക്കത്തില്‍ താരതമ്യേന കുറഞ്ഞ കോവിഡ് മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. മഹാമാരിയെ ശരിയായി പിടിച്ചുകെട്ടിയതിന്റെ തെളിവായി കുറഞ്ഞ മരണസംഖ്യയെ ഉയര്‍ത്തിക്കാട്ടിയിരുന്നു. കോവിഡ് മരണത്തിന്റെ ദേശീയ ശരാശരി 1.32 ആയിരുന്നപ്പോള്‍, ഇവിടെ അത് 0.47 ആയിരുന്നു.

 

14,157, 13,772 എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിലെ സംസ്ഥാനത്തെ കോവിഡ് കണക്കുകള്‍. ഇതില്‍, 14,157 എന്നത് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള കേസുകളില്‍ എട്ടാം സ്ഥാനത്ത് നില്‍ക്കുന്നതാണ്. സിക്കിം, പുതുച്ചേരി, മണിപ്പൂര്‍, ഗോവ, ഹിമാചല്‍ പ്രദേശ് പോലുള്ള ചെറിയ സംസ്ഥാനങ്ങളില്‍ കേരളത്തിനേക്കാള്‍ മരണസംഖ്യ കൂടുതലാണ് എന്നത് ശരിതന്നെ. എന്നാല്‍, ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോള്‍, സംസ്ഥാനത്തേത് എത്രയോ അധികമാണ്. ദശലക്ഷം ജനസംഖ്യയ്ക്ക് കേരളത്തില്‍ 424 മരണമാണ്. രാജ്യത്ത് ഇത് 311 ആണ്.

 

കേരളത്തില്‍ എന്തുകൊണ്ടാണ് ഇത്രയും അധികം കോവിഡ് കേസുകള്‍? കോവിഡ് കേസുകള്‍ കൃത്യമായി റിപ്പോര്‍ട്ട് ചെയ്യുന്നു എന്ന ഉത്തരം നല്‍കാം. സീറോസര്‍വെകള്‍ ഈ വാദം ശരിവയ്ക്കുന്നുമുണ്ട്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന ഒരോ കേസിനും 25 എണ്ണം വീതം റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു എന്നാണ് സീറോസര്‍വെ പറയുന്നത്. എന്നാല്‍, കേരളത്തില്‍ ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യാതെ പോകുന്നത് വെറും അഞ്ച് കേസുകള്‍ മാത്രമാണ്. എന്നാല്‍, സംസ്ഥാനത്ത് കുതിച്ചുയരുന്ന കോവിഡ് കേസുകള്‍ക്ക് കാരണം ഇതിലേക്കുമാത്രമായി ചുരുക്കാനാവില്ല. കേരളത്തില്‍ 100 സാമ്പിളുകള്‍ പരിശോധിക്കുമ്പോള്‍, 13 എണ്ണം പോസിറ്റീവാകുന്നു. ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ഇത് മൂന്നിനു താഴെയാണ് എന്ന് ചിന്തിക്കണം.

 

വാക്‌സിനേഷനില്‍ കേരളം ഏറെ മുന്നോട്ടുപോകുമ്പോഴും രോഗികളുടെ എണ്ണം പിടിച്ചുനിര്‍ത്താനാവുന്നില്ല എന്നത് അതിശയിപ്പിക്കുന്നതാണ്. സംസ്ഥാനത്തെ ഏതാണ് 45 ശതമാനം ജനങ്ങള്‍ക്കും കുറഞ്ഞത് ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കിയിട്ടുണ്ട്. ഏകദേശം 10 ശതമാനത്തിന് രണ്ട് ഡോസ് വാക്‌സിനും നല്‍കിക്കഴിഞ്ഞു. മഹാരാഷ്ട്ര, തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ഇക്കാര്യത്തില്‍ കേരളം.

 

നിലവില്‍ രാജ്യത്ത് സജീവ കേസുകള്‍ കൂടുന്ന ഏക സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഒരാഴ്ച സജീവ കേസുകൡ 7000 ന് മുകളില്‍ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ബുധനാഴ്ച 1.08 സജീവ കേസുകളാണ് കേരളത്തിലുള്ളത്. 1.14 കേസുകളുമായി മുന്നില്‍ മഹാരാഷ്ട്ര മാത്രം. എന്നാല്‍, കേരളത്തിലേതില്‍ നിന്ന് വിഭിന്നമായി മഹാരാഷ്ട്രയില്‍ സജീവ കേസുകളില്‍ കുറവാണ് ഇപ്പോള്‍ രേഖപ്പെടുത്തുന്നത്.

 

ത്രിപുര, അരുണാചല്‍ പ്രദേശ് പോലുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും സജീവ രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ട്. എന്നാല്‍, കേരളവും മഹാരാഷ്ടയുമായി തുലനം ചെയ്യുമ്പോള്‍, എണ്ണം വളരെ കുറവാണ്.

 

 

 

OTHER SECTIONS