ഹൃദയാഘാത ചികിത്സയിലെ ഗോള്‍ഡന്‍ അവര്‍

By Rajesh Kumar.28 Sep, 2017

imran-azhar

 

 

ഡോ.എന്‍. പ്രതാപ് കുമാര്‍
ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ്
മെഡിട്രിന ഹോസ്പിറ്റല്‍
തിരുവനന്തപുരം

 


ഹൃദയം ശരീരത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട അവയവം ആകുമ്പോള്‍ തന്നെ ഹൃദയസ്തംഭനം, ഹൃദയാഘാതം തുടങ്ങിയവ മൂലം മരണം സംഭവിക്കാന്‍ കാരണമാകുന്നതുമായ അവയവവുമാണ്. ഹൃദയാഘാതവും ഹൃദയത്തിന്റെ പ്രവര്‍ത്തന സ്തംഭനവും പലപ്പോഴും മരണത്തിന് വഴിയൊരുക്കും. അതുകൊണ്ടു തന്നെ ഹൃദയസംരക്ഷണം ജീവിതത്തിന്റെ ഏറ്റവും പ്രധാന ഘടകമായി അല്ലെങ്കില്‍ ജീവന്‍ നിലനിര്‍ത്തുന്നതിന്റെ ഭാഗമായി മാറുന്നു. ഹൃദയ സംരക്ഷണം പവര്‍ ഒഫ് ലൈഫ് അല്ലെങ്കില്‍ ജീവന്‍ രക്ഷിക്കാനുള്ള പ്രധാന ഉപാധിയായി, ജീവനാഡിയായി മാറുന്നു.

ഹൃദയം സംരക്ഷിക്കാം
ഹൃദയം സംരക്ഷിക്കാന്‍ പല മാര്‍ഗ്ഗങ്ങളുമുണ്ട്.
* രോഗം നേരത്തെ കണ്ടെത്തുക. കണ്ടെത്തുന്ന രോഗത്തെ നേരത്തെ ചികിത്സിക്കുക
* സമയബന്ധിതമായി ചികിത്സ ലഭ്യമാക്കുക

നേരത്തെ എങ്ങനെ കണ്ടെത്താം?
പല വികസിത രാജ്യങ്ങളിലും വര്‍ഷത്തിലൊരിക്കല്‍ അല്ലെങ്കില്‍ രണ്ടുവര്‍ഷത്തില്‍ വ്യക്തികളുടെ ആരോഗ്യ പരിശോധനകള്‍ നടത്തുന്നു. അതില്‍ ഏറ്റവും പ്രധാനം ഹൃദയത്തിന്റെ പ്രവര്‍ത്തന ക്ഷമത പരിശോധിക്കുന്ന പരിശോധനകളാണ്. ഹൃദയത്തിന്റെ മാത്രമല്ല മറ്റ് അവയവങ്ങളുടെ പ്രവര്‍ത്തനവും പരിശോധിക്കാറുണ്ട്.

ഹൃദയപരിശോധനകള്‍

ഇലക്‌ട്രോകാര്‍ഡിയോഗ്രാം
ഹൃദയത്തിന്റെ രക്തചംക്രമണത്തെ വൈദ്യുതി തരംഗങ്ങളുമായി ഘടിപ്പിച്ച് അതിനകത്തുള്ള വ്യതിയാനങ്ങള്‍ നോക്കിയാണ് ഹൃദയപ്രവര്‍ത്തനം മനസിലാക്കുന്നത്. ഹൃദയവുമായി ഘടിപ്പിച്ച വൈദ്യുതി തരംഗങ്ങളുടെ വ്യതിയാനങ്ങള്‍ ഹൃദയപ്രവര്‍ത്തനത്തെ മനസിലാക്കാനുള്ള ഉപാധിയായി മാറുന്നു. ഇലക്‌ട്രോകാര്‍ഡിയോഗ്രാം (ഇസിജി) വ്യതിയാനങ്ങള്‍ പലപ്പോഴും ഹൃദയാഘാതത്തിന്റെ തീവ്രതയെ സൂചിപ്പിക്കുന്നു; ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളെയും കാട്ടിത്തരുന്നു. ഹൃദയാഘാതം മൂലമുണ്ടാകുന്ന പ്രതികൂല അവസ്ഥയെ മനസിലാക്കാനും ഇതു സഹായിക്കുന്നു.
ഹൃദയാഘാതത്തിന്റെ ആദ്യ സൂചനകള്‍ മനസിലാക്കുമ്പോള്‍ രോഗി ആശുപത്രിയില്‍ ഒരു മണിക്കൂറിനകത്തു തന്നെ എത്തുകയും ഇസിജിയില്‍ ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങള്‍ കാണുകയും ചെയ്താല്‍ ഹൃദയാഘാത ചികിത്സ എളുപ്പമാകും. ഹൃദയാഘാത ചികിത്സ എളുപ്പമാക്കാന്‍ ഹൃദയാഘാതത്തിന്റെ തുടക്കത്തില്‍ തന്നെയുള്ള ഇസിജി പരിശോധന സഹായിക്കുന്നതാണ്.
ഹൃദയാഘാതം വന്നാല്‍ ആശുപത്രിയിലെത്തുമ്പോള്‍ ഹൃദയാഘാതത്തിലുണ്ടാകുന്ന പ്രത്യാഘാതങ്ങളുടെ വ്യതിയാനങ്ങള്‍ ഇസിജി മുഖേന മനസിലാക്കാം. ഇസിജി ലീഡുകളിലെ വ്യതിയാനങ്ങള്‍ക്കനുസരിച്ച് ഹൃദയാഘാതത്തിന്റെ തീവ്രതയും കൂടുന്നു. നെഞ്ചിടിപ്പുകള്‍ കൂടുകയോ കുറയുകയോ ചെയ്യുന്ന അവസ്ഥയില്‍ പരിശോധിച്ചാല്‍ ഹൃദയാഘാതത്തിന്റെ തീവ്രത മാത്രമല്ല, അതനുസരിച്ചുണ്ടാകുന്ന മറ്റു പ്രത്യാഘാതങ്ങളും അറിയാം.

ബിഎന്‍പി പരിശോധന
ഹൃദയത്തിന്റെ ഏതെങ്കിലും രക്തധമനിക്കുണ്ടാകുന്ന അടവ് ബിഎന്‍പി പരിശോധനയിലൂടെ മനസിലാക്കാം. ബിഎന്‍പി പരിശോധന പോസിറ്റീവാണെങ്കില്‍ 70 മുതല്‍ 90 ശതമാനം പേരിലും ഹൃദയത്തില്‍ ബ്ലോക്ക് അല്ലെങ്കില്‍ ഹൃദയരക്തധമനികളില്‍ അടവ് ഉണ്ടെന്ന് അനുമാനിക്കാം. ഈ പരിശോധന പോസിറ്റീവായവര്‍ക്കെല്ലാം അടവ് ഉണ്ടാകണമെന്ന് നിര്‍ബന്ധമില്ല. ഇത് നെഗറ്റീവ് ആണെങ്കിലും ബ്ലോക്കിനുള്ള സാധ്യത 10 മുതല്‍ 30 ശതമാനം പേര്‍ക്കാണ്. രക്തസമ്മര്‍ദ്ദമോ ഹൃദയത്തിന്റെ മാംസപേശികള്‍ക്ക് വളര്‍ച്ച കൂടുകയോ വാല്‍വുകള്‍ അടയുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ പലപ്പോഴും ബിഎന്‍പി പോസിറ്റീവ് ആകുകയും രക്തധമനികളില്‍ അടവ് ഇല്ലാത്ത അവസ്ഥയും കാണാറുണ്ട്. ഈ പരിശോധന ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയെ മനസിലാക്കാനും ഹൃദയരക്തധമനികളിലെ അടവുകളുടെ സൂചന നല്‍കുന്നതിനും സഹായിക്കുന്നു.

എക്കോകാര്‍ഡിയോഗ്രാം
ഹൃദയത്തിന്റെ മാംസപേശികളുടെ അള്‍ട്രാസൗണ്ട് സ്‌കാന്‍ ആണിത്.
* ഹൃദയത്തിന്റെ മാംസപേശികളുടെ പ്രവര്‍ത്തന ക്ഷമത ഹൃദയാഘാതം മൂലം കുറയുക
* ഹൃദയത്തിനു ചുറ്റുമുള്ള പെരികാര്‍ഡിയല്‍ അറയ്ക്കുള്ളില്‍ വെള്ളം കെട്ടി നില്‍ക്കുക
* ഹൃദയത്തിന്റെ വാല്‍വുകള്‍ക്ക് സാരമായ തകരാറുസംഭവിക്കുക
* ഹൃദയത്തിന്റെ വാല്‍വുകള്‍ക്ക് വീക്കമുണ്ടായി ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുക
* ഹൃദയത്തിന്റെ ഭിത്തികള്‍ക്ക് വിടവുകളുണ്ടാകുകയോ ദ്വാരമുണ്ടാവുകയോ ചെയ്യുക
ഇവ മനസിലാക്കാന്‍ എക്കോകാര്‍ഡിയോഗ്രാം സഹായിക്കുന്നു
പലപ്പോഴും എക്കോകാര്‍ഡിയോഗ്രാമും ബി എന്‍ പി ടെസ്റ്റും നോര്‍മലായി കാണുന്നുണ്ടെങ്കില്‍ 90 ശതമാനം ഹൃദയാഘാത സാധ്യതയില്ലെന്നു പറയാം. പക്ഷേ, 100 ശതമാനം ഉറപ്പിച്ചു പറയാന്‍ കഴിയില്ല.

24 മണിക്കൂര്‍ ഇസിജി പരിശോധന
ഈ പരിശോധനയിലൂടെ ഹൃദയമിടിപ്പിന്റെ വ്യതിയാനങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്നതാണ്. ഹൃദയമിടിപ്പിന്റെ വ്യതിയാനങ്ങള്‍ മനസിലാക്കിയാല്‍, രോഗിയുടെ നെഞ്ചിടിപ്പ് കൂടുകയോ കുറയുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ബ്ലോക്കിന്റെ സൂചനകള്‍ ലഭിക്കും. മാത്രമല്ല പേസ്‌മേക്കര്‍ ചികിത്സയ്‌ക്കോ മറ്റു ചികിത്സകള്‍ക്കോ രോഗിയെ വിധേയമാക്കേണ്ടതുണ്ടോ എന്നു മനസിലാക്കാനും ഈ പരിശോധന സഹായിക്കും

ന്യൂക്ലിയര്‍ സ്‌കാന്‍
ഹൃദയത്തിന്റെ മാംസപേശികളുടെ പ്രവര്‍ത്തനം അല്ലെങ്കില്‍ രക്തധമനികളിലെ ബ്ലോക്ക് അറിഞ്ഞതിനു ശേഷം, മാംസപേശികളുടെ പ്രവര്‍ത്തനക്ഷമത കുറഞ്ഞിരിക്കുമ്പോള്‍ ബ്ലോക്ക് നീക്കം ചെയ്താല്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത വീണ്ടെടുക്കാനാവുമോ എന്നറിയാന്‍ ന്യൂക്ലിയര്‍ സ്‌കാന്‍ സഹായിക്കും. ബ്ലോക്കുള്ളവര്‍ക്ക് മാംസപേശികളിലേക്ക് രക്തം എത്താത്തതുമൂലം പ്രവര്‍ത്തനം കുറയുന്നതാണ്. പ്രവര്‍ത്തനം കുറയുക രണ്ടു വിധത്തിലാണ്.

* ജീവനുള്ള കോശങ്ങളുടെ പ്രവര്‍ത്തനക്ഷമത കുറയുക.
* ജീവനാശം വന്ന കോശങ്ങളില്‍ പ്രവര്‍ത്തനക്ഷമത കുറയുക.

ജീവനാശം സംഭവിച്ച കോശങ്ങളിലെ പ്രവര്‍ത്തനക്ഷമത കുറഞ്ഞാല്‍, അവയിലെ ബ്ലോക്ക് മാറ്റിയാല്‍ പോലും രോഗി പൂര്‍ണ്ണമായി സുഖം പ്രാപിക്കില്ല. എന്നാല്‍, ജീവനുള്ള കോശങ്ങള്‍ക്ക് പ്രവര്‍ത്തനക്ഷമത കുറഞ്ഞാല്‍ രക്തധമനികളിലെ ബ്ലോക്ക് നീക്കം ചെയ്താല്‍ രോഗി പൂര്‍വ്വാവസ്ഥയിലെത്തും. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ബൈപാസ് ശസ്ത്രക്രിയയും ആന്‍ജിയോപ്ലാസ്റ്റിയും രോഗിക്കു ഗുണമുണ്ടാക്കുമോ എന്നു മനസിലാക്കാന്‍ ന്യൂക്ലിയര്‍ സ്‌കാന്‍ പരിശോധന സഹായിക്കുന്നു.

ആന്‍ജിയോഗ്രാം
രക്തധമനികളിലെ ബ്ലോക്ക് അറിയാനുള്ള പരിശോധനയാണ് ആന്‍ജിയോഗ്രാം. ഇത് രണ്ടു രീതിയില്‍ ചെയ്യാം.

* സിടി സ്‌കാനിന്റെ സഹായത്തോടെ സിരകളിലൂടെ മഷി കുത്തിവച്ച് നടത്താവുന്നതാണ്. ഇതിനെ സിടി ആന്‍ജിയോഗ്രാം എന്നു പറയുന്നു.
* രക്തധമനികളിലൂടെ മഷി കുത്തിവച്ച് നടത്താവുന്നത്. ഇതിനെ കോറോണറി ആന്‍ജിയോഗ്രാം എന്നു പറയുന്നു.
സിടി ആന്‍ജിയോഗ്രാം ഡയഗ്‌നോസിസ് ലാബുകളില്‍ ചെയ്യുന്നതും കൊറോണറി ആന്‍ജിയോഗ്രാം കാത്ത് ലാബിന്റെ സഹായത്തോടെ ആശുപത്രിയില്‍ ചെയ്യുന്നതുമാണ്. കുത്തിവയ്ക്കുന്ന മഷിയുടെ അളവ് കൊറോണറി ആന്‍ജിയോഗ്രാമിനു കുറവും സി ടി ആന്‍ജിയോഗ്രാമിനു കൂടുതലുമാണ്. കൊറോണറി ആന്‍ജിയോഗ്രാമിന് മഷിയുടെ അളവ് 2040 മി.ലി. മതിയാവും എന്നാല്‍, സിടി ആന്‍ജിയോഗ്രാമിന് 80 മി.ലി. എങ്കിലും വേണം. സിടി ആന്‍ജിയോഗ്രാം പലപ്പോഴും രോഗികള്‍ പേടിക്കാതെ വെറും സിടി സ്‌കാന്‍ ടെസ്റ്റ് എന്ന നിലയിലാണ് ചെയ്യുന്നതെങ്കിലും മഷിയുടെ അളവ് കൂടുമ്പോള്‍ വൃക്കയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. അതുമാത്രമല്ല സിടി ആന്‍ജിയോഗ്രാമിന് കൊറോണറി ആന്‍ജിയോഗ്രാമിനേക്കാള്‍ റേഡിയേഷന്റെ അളവ് കൂടുതലായിരിക്കും.
ബ്ലോക്കുണ്ടെങ്കില്‍ കൊറോണറി ആന്‍ജിയോഗ്രാം നേരിട്ട് ചെയ്യുന്നതാണ് നല്ലത്. ചികിത്സയ്ക്കാവശ്യമായ ആന്‍ജിയോപ്ലാസ്റ്റിയും അങ്ങനെ മാത്രമേ ചെയ്യാന്‍ കഴിയൂ എന്നതുകൊണ്ടാണിത്. അതേസമയം ആരോഗ്യമുള്ളയാള്‍ക്ക് ബ്ലോക്ക് ഉണ്ടോ എന്നറിയാന്‍ സിടി ആന്‍ജിയോഗ്രാമായിരിക്കും നല്ലത്. എന്നാല്‍ ബ്ലോക്ക് ഉണ്ടെന്ന് ഡോക്ടര്‍ക്ക് സംശയമുണ്ടെങ്കില്‍ നേരിട്ട് കൊറോണറി ആന്‍ജിയോഗ്രാം ചെയ്യുന്നതാണ് ഉത്തമം.

ലക്ഷണങ്ങള്‍ ഡോക്ടറോടു പറയാം
രോഗലക്ഷണങ്ങള്‍ ഡോക്ടര്‍ അപഗ്രഥിക്കുന്നതിലും രോഗിയും ബന്ധുക്കളും രോഗലക്ഷണങ്ങള്‍ ഡോക്ടറോടു പറഞ്ഞു ഫലിപ്പിക്കുന്നതിലുമാണ് ചികിത്സയുടെ പ്രധാന വഴിത്തിരിവ്. പരിശോധനകള്‍ പലപ്പോഴും ചികിത്സയെ സഹായിക്കുന്ന ഉപാധികള്‍ മാത്രമാണ്. രോഗലക്ഷണങ്ങളാണ് ചികിത്സയില്‍ കാതലായ മാറ്റമുണ്ടാക്കുന്ന പ്രധാന ഘടകം. രോഗലക്ഷണത്തിന്റെ അപഗ്രഥനവും രോഗി രോഗലക്ഷണങ്ങള്‍ ഡോക്ടറോടു പറയുന്നതും അനുസരിച്ചാണ് ചികിത്സയില്‍ മാറ്റം വരുത്തുന്നത്.
രക്തധമനികള്‍ക്ക് ബ്ലോക്കുണ്ടാകുന്നതിന്റെ ലക്ഷണമായ നെഞ്ചുവേദന, ശ്വാസമുട്ടല്‍, തലകറക്കം, ബോധമില്ലായ്മ, അധിക വിയര്‍പ്പ് ഇവയിലെന്തെങ്കിലും അനുഭവപ്പെടുന്ന വ്യക്തി എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിയാലേ ചികിത്സ ലഭ്യമാകൂ. എത്തുന്നതിനുള്ള കാലതാമസം ആദ്യത്തെ മൂന്നു മണിക്കൂറിനുള്ളിലാണെങ്കില്‍ ഹൃദയാഘാതം വന്നാലും രക്ഷപ്പെടാനുള്ള സാധ്യത 98 ശതമാനമാണ്. പക്ഷേ, രോഗി എത്തുന്നത് താമസിക്കുന്തോറും ഹൃദയാഘാതം മൂലം മരണം സംഭവിക്കുന്നവരുടെ നിരക്ക് 10 ശതമാനം വരെയാണ്. ഹൃദയാഘാതംമൂലം മാംസപേശികളുടെ പ്രവര്‍ത്തനക്ഷമത നഷ്ടപ്പെട്ട് സ്ഥിതി മോശമാകുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

അറിയാതെ പോകുന്നത്
* രോഗി ലക്ഷണങ്ങള്‍ പറയാതിരിക്കുക
* ബന്ധുക്കള്‍ രോഗലക്ഷണങ്ങള്‍ കേട്ടാലും വലിയ ശ്രദ്ധകൊടുക്കാതിരിക്കുക. ഗ്യാസ് പോലുള്ള ചെറിയ അസുഖങ്ങളാണെന്ന് കരുതി അവഗണിക്കുക.
* രോഗലക്ഷണങ്ങളുമായി രോഗി ആശുപത്രിയിലെത്തിയാലും ഡോക്ടര്‍ക്ക് രോഗം അപഗ്രഥിക്കാന്‍ സാധിക്കാതിരിക്കുക. ഇസിജി അപഗ്രഥനത്തില്‍ ഡോക്ടര്‍ മികവു പുലര്‍ത്താതിരിക്കുക.
* ഇസിജി അപഗ്രഥനം കഴിഞ്ഞാലും രോഗിക്ക് ഹൃദ്രോഗവിദഗ്ദ്ധന്റെ സേവനവും ചികിത്സയും ലഭിക്കാതിരിക്കുക.
* ഹൃദ്രോഗ ചികിത്സയ്ക്ക് എത്തുന്ന രോഗിക്ക് ഏറ്റവും ആവശ്യമായ പ്രൈമറി ആന്‍ജിയോപ്‌ളാസ്റ്റി അല്ലെങ്കില്‍ ബലൂണ്‍ ശസ്ത്രക്രിയ ചെയ്യാന്‍ സാഹചര്യമില്ലാത്ത ആശുപത്രിയില്‍ രോഗി ചികിത്സ തേടുക.
* ഈ സാഹചര്യമെല്ലാമുണ്ടായിരുന്നാലും സാമ്പത്തിക ബുദ്ധിമുട്ടുകൊണ്ട് രോഗിക്ക് വേണ്ട വിധം ചികിത്സ സമയത്ത് കിട്ടാതിരിക്കുക.
ഹൃദയാഘാതമുണ്ടായി യഥാസമയം രോഗിക്ക് ചികിത്സ കിട്ടാതിരുന്നാല്‍ മരണം വരെ സംഭവിക്കാന്‍ സാധ്യതയുണ്ട്.

ചികിത്സയെന്ത്?
ഹൃദയാഘാതമുണ്ടാകുന്ന രോഗിയെ രോഗലക്ഷണങ്ങള്‍ കണ്ട് ഒരു മണിക്കൂറിനകം ആശുപത്രിയിലെത്തിക്കുകയാണെങ്കില്‍, രോഗി 75 വയസിനു താഴെ പ്രായമുള്ള ആളാണെങ്കില്‍ പലപ്പോഴും മരുന്നു ചികിത്സ പോലും ഗുണം ചെയ്യാറുണ്ട്. മൂന്നുമണിക്കൂറിനു ശേഷം എത്തുകയും 75 വയസിനു മുകളില്‍ പ്രായമുള്ള രോഗിയുമാണെങ്കില്‍ ബലൂണ്‍ ശസ്ത്രക്രിയയാണ് ഏറ്റവും ഉത്തമം. ഇതിനു കാരണം ഹൃദയാഘാത ചികിത്സയ്ക്കു ഉപയോഗിക്കുന്ന മരുന്നുകള്‍ 75 വയസിനു മുകളിലുള്ളവരില്‍ 5 ശതമാനം ആളുകളിലെങ്കിലും പക്ഷാഘാതം ഉണ്ടാക്കുന്നു എന്നതാണ്. അതുപോലെ മരുന്നു ചികിത്സ 40 ശതമാനത്തോളം പേര്‍ക്കു മാത്രമേ പൂര്‍ണ്ണമായ ഫലമുണ്ടാക്കൂ. ഹൃദയാഘാത മരുന്നു കൊണ്ടുള്ള ചികിത്സ 60 ശതമാനം പേര്‍ക്കും ഫലവത്താകാതിരിക്കുകയും ആന്‍ജിയോപ്ലാസ്റ്റി പോലുള്ള ചികിത്സ വിദഗ്ദ്ധനായ ഡോക്ടറും നല്ല സാഹചര്യങ്ങളുള്ള ആശുപത്രിയില്‍ നടത്തിയാല്‍ 95 മുതല്‍ 98 ശതമാനം വരെ സുഖം പ്രാപിക്കുന്നതിനാല്‍ ഈ ചികിത്സയെ ഹൃദയാഘാതത്തിന്റെ സുവര്‍ണ്ണ ചികിത്സ എന്നറിയപ്പെടുന്നു.

 

OTHER SECTIONS