ഒരു മണിക്കൂര്‍ മാത്രം ഇയര്‍ ഫോണ്‍ ഉപയോഗിക്കാം

By online desk .14 01 2020

imran-azhar

 

 

ഇയര്‍ഫോണ്‍ ഉപയോഗിച്ച് പാട്ടു കേള്‍ക്കുന്നവരുടെ ശീലം ഇന്ന് കൂടി വരികയാണ്. സ്ഥിരമായി ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നത് ചെവിക്ക് ദോഷം ചെയ്യും. ഇയര്‍ഫോണില്‍ പാട്ടു കേള്‍ക്കുന്ന ശീലമുള്ളവര്‍ 10 മിനിട്ടു പാട്ടു കേട്ട ശേഷം അഞ്ചു മിനിട്ടെങ്കിലും ചെവിക്കു വിശ്രമം നല്‍കണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ഇയര്‍ഫോണ്‍ വയ്ക്കാതെ പാട്ടു കേള്‍ക്കുന്നതാണ് ഏറ്റവും നല്ലത്. അല്ലെങ്കില്‍ ക്രമേണ കേള്‍വിശക്തിയെ ബാധിക്കും. ദിവസം ഒരു മണിക്കൂര്‍ മാത്രമേ ഇയര്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇയര്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ അമിത ശബ്ദം രക്തക്കുഴലുകളെ ചുരുക്കി രക്തസമ്മര്‍ദം വര്‍ധിപ്പിക്കും. ചെവിക്കുള്ളിലെ പ്രഷര്‍ കൂടുന്ന മെനിയേഴ്‌സ് സിന്‍ഡ്രോം ഉള്ളവര്‍ക്കു തലചുറ്റല്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്നും ഡോക്ടര്‍മാര്‍ പറയുന്നു. അമിതശബ്ദം ശരീരത്തിലെ അസിഡിറ്റി വര്‍ധിപ്പിക്കും. പ്രമേഹ രോഗികള്‍ അമിതശബ്ദം കേട്ടാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു വര്‍ദ്ധിക്കും.


അമിതശബ്ദം മൂലം ഏകാഗ്രത കുറയും. കുട്ടികളെയാണ് ഇതു കൂടുതല്‍ ബാധിക്കുക. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നാഷനല്‍ ഇനിഷ്യേറ്റിവ് ഫോര്‍ സേഫ് സൗണ്ടിലെ (ഐഎംഎ നിസ്) വിദഗ്ധ ഡോക്ടര്‍മാരുടേതാണ് ഈ മുന്നറിയിപ്പുകള്‍. ഗര്‍ഭിണികള്‍ ഒരിക്കലും ഇയര്‍ ഫോണ്‍ ഉപയോഗിച്ച് പാട്ട് കേള്‍ക്കരുത്. അത് കുഞ്ഞിനാണ് കൂടുതല്‍ ദോഷം ചെയ്യുന്നത്. ലോകത്താകമാനം 110 കോടിയോളം കൗമാരക്കാരും യുവജനങ്ങളുമാണ് കേള്‍വികുറവെന്ന ഭീഷണി നേരിടുന്നത്. 80–85 ഡെസിബെല്ലാണ് സുരക്ഷിതമായ ശബ്ദത്തിന്റെ തോത്. ഇതിനു മുകളിലുള്ള ശബ്ദം ദിവസവും എട്ടുമണിക്കൂറോ നൂറ് ഡെസിബെല്ലിന് മുകളിലുള്ള ശബ്ദം ദിവസം തുടര്‍ച്ചയായി 15 മിനിറ്റോ കേള്‍ക്കുന്നത് കേള്‍വിത്തകരാറിന് ഇടയാക്കുന്നു.


ചെവിയില്‍ പതിക്കുന്ന ശബ്ദം ഇയര്‍ കനാല് വഴി ഇയര്‍ ഡ്രമ്മിലേക്കാണ് എത്തുന്നത്. ഇയര്‍ഡ്രം ശബ്ദത്തെ കമ്പനങ്ങളായി മാറ്റുന്നു. ഈ കമ്പനങ്ങള്‍ മധ്യ കര്‍ണത്തിലുള്ള മാലിയസ്, ഇന്‍കസ്, സ്റ്റേപ്പീസ് എന്നീ ചെറിയ മൂന്ന് അസ്ഥികളിലൂടെ കടന്ന് കോക്‌ളിയയിലേക്ക് എത്തുന്നു. ഇവിടെ വച്ച് ഈ കമ്പനങ്ങളെ സെന്‍സറി കോശങ്ങള്‍ ഇലക്ര്ടിക്കല്‍ നെര്‍വ് സിഗ്‌നലുകളാക്കി മാറ്റുന്നു. ഓഡിറ്ററി നെര്‍വ് ഇവയെ മസ്തിഷ്‌കത്തിലേക്ക് അയക്കുന്നു. ഇത് മസ്തിഷ്‌കം തിരിച്ചറിയുമ്പോഴാണ് അത് ശബ്ദമായി നാം കേള്‍ക്കുന്നത്. ഇയര്‍ഫോണ്‍ ഉപയോഗിക്കുമ്പോള്‍ വലിയ തോതിലുള്ള ശബ്ദം ശക്തിയോടെ നേരിട്ടാണ് ഇയര്‍ഡ്രമ്മിലേക്കെത്തുന്നത്. അങ്ങനെ അവ ശക്തിയേറിയ കമ്പനങ്ങളായി ആന്തരകര്‍ണത്തിലെത്തുന്നു. ഇത് സെന്‍സറി കോശങ്ങള്‍ക്ക് നാശമുണ്ടാക്കുന്നു. ഇത് ആവര്‍ത്തിക്കപ്പെടുമ്പോള്‍ സെന്‍സറി കോശങ്ങള്‍ നശിക്കാന്‍ തുടങ്ങുന്നു. 30–40 ശതമാനത്തോളം നാശമുണ്ടാവുമ്പോഴേ കേള്‍വിക്കുറവ് തിരിച്ചറിയാനാകൂ. ഒരാള്‍ ജനിക്കുമ്പോള്‍ തന്നെ ഏകദേശം 16000 ഓളം സെന്‍സറി കോശങ്ങള്‍ ഉണ്ടായിരിക്കും. ഇവ ഒരിക്കല്‍ നശിച്ചാല്‍ വീണ്ടും ഉണ്ടാവില്ല.

 

OTHER SECTIONS