എല്ലാവര്‍ക്കും മാനസികാരോഗ്യം; ഇതൊക്കെ അറിയാം; ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനം

By RK.09 10 2021

imran-azhar

 

ഡോ. ജിതിന്‍ ടി ജോസഫ്
ഇന്‍ഫോക്ലിനിക്


ഒക്ടോബര്‍ 10 ലോക മാനസികാരോഗ്യ ദിനമായി ലോകാരോഗ്യ സംഘടനയും വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്തും (WFMH) ആചരിക്കുന്ന ദിവസമാണ്. മാനസികാരോഗ്യത്തിന്റെ പ്രാധാന്യം, മാനസികാരോഗ്യ മേഖല നേരിടുന്ന വെല്ലുവിളികള്‍, മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ഇവയെ കുറിച്ച് ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്തുകയും, മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ വേണ്ട നടപടികള്‍ തുടങ്ങാന്‍ അവരെ പ്രേരിപ്പിക്കുകയുമാണ് ഇത്തരം ഒരു ദിനാചരണം കൊണ്ട് ലക്ഷ്യംവെക്കുന്നത്.

 

ഈ വര്‍ഷത്തെ മാനസികാരോഗ്യ ദിനത്തിന്റെ പ്രവര്‍ത്തന വിഷയമായി ലോകാരോഗ്യ സംഘടന മുന്നോട്ട് വെക്കുന്നത് ''എല്ലാവര്‍ക്കും മാനസികാരോഗ്യ സേവനങ്ങള്‍ എന്നത് യാഥാര്‍ഥ്യമാക്കാം' എന്നതാണ്. വേള്‍ഡ് ഫെഡറേഷന്‍ ഓഫ് മെന്റല്‍ ഹെല്‍ത്ത് പക്ഷെ കുറച്ചുംകൂടി സ്‌പെസിഫിക് ആയ ഒരു വിഷയമാണ് തിരഞ്ഞെടുത്തത്. 'അസമത്വം നിറഞ്ഞ ലോകത്തെ മാനസികാരോഗ്യം' mental health in an unequal world എന്നതാണ് ആ വിഷയം.

 

വിദ്യാഭ്യാസം, ഭക്ഷ്യ സുരക്ഷ തുടങ്ങി എല്ലാ സേവന മേഖലയിലും പലതരത്തിലുള്ള വേര്‍തിരിവുകള്‍ നിലനില്‍ക്കുന്നതായി നമ്മള്‍ക്ക് അറിയാമല്ലോ. ആരോഗ്യ മേഖലയിലെ സേവനങ്ങളിലും ഈ വേര്‍തിരിവുകള്‍ കാണാന്‍ സാധിക്കും. കഴിഞ്ഞ രണ്ടു വര്‍ഷമായി നമ്മള്‍ നേരിടുന്ന കോവിഡ് പാന്‍ഡെമിക് ഈ വേര്‍തിരിവുകള്‍ എത്ര ശക്തമാണ് എന്ന് മറനീക്കി പുറത്തു വരാന്‍ കാരണമായിട്ടുണ്ട്. രോഗ പ്രതിരോധം, ചികിത്സ, വാക്‌സിന്‍ വിതരണം തുടങ്ങി വിവിധ മേഖലകളില്‍ അസമത്വങ്ങളും, വേര്‍തിരിവുകളും ലോകമെങ്ങും പ്രകടമായിരുന്നു.


ആരോഗ്യ മേഖലയില്‍ തന്നെ സേവനങ്ങള്‍ സ്വീകരിക്കുന്നതിലും നല്‍കുന്നതിലും ഏറ്റവുമധികം അന്തരം നിലനില്‍ക്കുന്നത് മാനസികാരോഗ്യ മേഖലയിലാണ് എന്ന് പറയാം. മാനസികാരോഗ്യത്തിനു നല്‍കുന്ന പ്രാധാന്യം, മാനസിക രോഗങ്ങളോടും, രോഗികളോടുമുള്ള വേര്‍തിരിവുകള്‍, മാനസികാരോഗ്യ സേവനങ്ങളുടെ കുറവ്, സാമൂഹിക രാഷ്ട്രീയ വെല്ലുവിളികള്‍ ഇവയൊക്കെ ഈ അസമത്വത്തിനു കാരണമാണ്.


മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അതിന് ഉടന്‍ തന്നെ പരിഹാരം തേടുക എന്ന രീതി വികസിത രാജ്യങ്ങളില്‍ പോലും കുറവാണ്. അവികസിത രാജ്യങ്ങളിലാകട്ടെ മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവരില്‍ 75% ത്തിലധികം ആളുകള്‍ക്കും ആവശ്യമായ സേവനങ്ങള്‍ ലഭിക്കുന്നില്ല എന്നാണ് പഠനങ്ങള്‍ പറയുക. സേവനങ്ങള്‍ ലഭിക്കുന്നവര്‍ക്ക് തന്നെ ചിലപ്പോള്‍ രോഗാവസ്ഥയില്‍ നീണ്ട വര്‍ഷങ്ങള്‍ പിന്നിട്ടതിനു ശേഷം മാത്രമാണ് ചികിത്സയും മറ്റും ലഭിക്കുക. ചികിത്സ ലഭിക്കുന്നവരില്‍ തന്നെ ലഭിക്കുന്ന സേവനങ്ങളില്‍ വലിയ അന്തരമുണ്ട്. പ്രത്യേകിച്ച് സ്ത്രീകള്‍, ജാതിയുടെയും, നിറത്തിന്റെയും, വര്‍ഗ്ഗത്തിന്റെയും പേരിലുള്ള വേര്‍തിരിവുകള്‍ നേരിടുന്നവര്‍, ഘഏആഠഝകഅ സമൂഹം, പ്രായമായവര്‍, മറ്റ് ശാരീരിക- ബൗദ്ധിക വൈകല്യങ്ങള്‍ ഉള്ള വ്യക്തികള്‍ ഇവര്‍ക്കൊക്കെ പലപ്പോഴും പൊതുസമൂഹത്തെ അപേക്ഷിച്ച് വേണ്ട പരിഗണന മാനസികാരോഗ്യ സേവനങ്ങളില്‍ ലഭിക്കാറില്ല, ഇവരില്‍ പലര്‍ക്കും മാനസികാരോഗ്യ സേവനങ്ങള്‍ക്ക് എത്തുമ്പോള്‍ വേര്‍തിരിവുകള്‍ നേരിടേണ്ടി വരുന്നുണ്ട് എന്നുമാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുള്ളത്.

 

ഈ തിരിച്ചറിവില്‍ നിന്നാണ് ഈ വര്‍ഷത്തെ പ്രവര്‍ത്തന വിഷയം രൂപംകൊണ്ടത്. മാനസികാരോഗ്യ സേവനങ്ങളുടെ കാര്യത്തില്‍ നിലനില്‍ക്കുന്ന വേര്‍തിരിവുകളും, അസമത്വവും നമ്മള്‍ പരിഹരിക്കേണ്ടതുണ്ട്. ഈ അസമത്വങ്ങളിലേക്ക് നയിക്കുന്ന ഘടകങ്ങളെ കണ്ടെത്തുകയും അവക്ക് ഉത്തരം കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്. വേര്‍തിരിവുകള്‍ കൂടുതലായി അനുഭവിക്കുന്ന സമൂഹങ്ങളെയും വ്യക്തികളെയും കണ്ടെത്തുകയും അവര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ എങ്ങനെ നല്‍കാന്‍ സാധിക്കും എന്നത് ചിന്തിക്കുകയും ചെയ്യേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ഈ വര്‍ഷത്തെ വിഷയത്തിന് വളരെ പ്രത്യേകതകളും പ്രാധാന്യവുമുണ്ട്.


മാനസികാരോഗ്യ സേവനങ്ങളുടെ കാര്യത്തില്‍ വിവിധ സമൂഹങ്ങള്‍ നേരിടുന്ന അസമത്വങ്ങളും വേര്‍തിരിവുകളും എന്തൊക്കെയാണെന്ന് നമ്മള്‍ക്ക് ഒന്ന് പരിശോധിക്കാം

 

ജാതി- വര്‍ഗ്ഗ ന്യൂനപക്ഷങ്ങള്‍ - racial and ethnic minoritise

 

ഈ സമൂഹങ്ങളുടെ മാനസികാരോഗ്യത്തെ കുറിച്ച് പഠനങ്ങള്‍ നമ്മുടെ നാട്ടില്‍ നന്നേ കുറവാണ്. എന്നാല്‍ മറ്റു വികസിത രാജ്യങ്ങളില്‍ നിന്നുള്ള പഠനങ്ങളില്‍ കണ്ടെത്തിയ വിവരങ്ങള്‍ ഇവയാണ്.

 

പൊതു സമൂഹത്തെ അപേക്ഷിച്ച് മാനസിക രോഗാവസ്ഥ ഉണ്ടാകാനുള്ള സാധ്യത ഇവര്‍ക്ക് കൂടുതല്‍ അല്ലെങ്കിലും, രോഗാവസ്ഥ ഉണ്ടായാല്‍ സമയോചിതമായ പരിചരണം ഇവര്‍ക്ക് ലഭിക്കുന്നില്ല.

 

അമേരിക്കയില്‍ നടന്ന പഠനങ്ങളില്‍ മാനസികരോഗം ഉണ്ടായാല്‍ 48% വെളുത്ത വര്‍ഗ്ഗക്കാര്‍ക്ക് മാനസികാരോഗ്യ സേവനങ്ങള്‍ ലഭിക്കുമ്പോള്‍, കറുത്ത വര്‍ഗ്ഗക്കാരില്‍ 32%ത്തിനും, ഏഷ്യാക്കാരില്‍ 22% ത്തിനും മാത്രമേ ഈ സേവനങ്ങള്‍ ലഭിക്കുന്നുള്ളൂ.

 

മാനസികാരോഗ്യത്തെയും, മാനസിക രോഗങ്ങളെയും കുറിച്ചുള്ള അറിവ് ഈ സമൂഹങ്ങളില്‍ കുറവാണ്. ഇത് കൃത്യ സമയത്ത് സഹായം തേടുന്നതില്‍ തടസമായി മാറാറുണ്ട്.

 

കിടത്തിയുള്ള ചികിത്സ, കൂടുതല്‍ കാലം നീണ്ടു നില്‍ക്കുന്ന ചികിത്സ ഇവയൊക്കെ കൂടുതലും ലഭിക്കുന്നതും, രോഗം മൂര്‍ച്ഛിച്ചു അത്യാഹിത വിഭാഗത്തില്‍ ചികിത്സക്ക് എത്തുന്നവരില്‍ കൂടുതലും ഈ സമൂഹത്തില്‍ നിന്നുള്ളവരാണ്. സമയോചിതമായി പരിചരണം ലഭിക്കാത്തത് കൊണ്ടാണ് ഇങ്ങനെയുള്ള സാഹചര്യം ഉണ്ടാകുന്നത്.

 

ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും, ചികിത്സകരില്‍ നിന്നുമുള്ള വേര്‍തിരിവിന് ഇവര്‍ ഇരയാകുന്നതും കൂടുതലാണ്.

 

ഇവരുടെ പ്രത്യേക ആവശ്യങ്ങള്‍ മനസിലാക്കാന്‍ സാധിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും കുറവാണ്. ഈ സമൂഹങ്ങളില്‍ നിന്നുള്ള ആരോഗ്യ പ്രവര്‍ത്തകരും കുറവാണ്.

 

ഇന്‍ഷുറന്‍സ് പരിരക്ഷ, സാമൂഹിക ആരോഗ്യ പദ്ധതികളിലുള്ള പ്രാതിനിത്യം ഇവയൊക്കെ ഈ സമൂഹത്തില്‍ പെട്ടവര്‍ക്ക് ലഭിക്കുന്നത് നന്നേ കുറവാണ്.

 

ഈ അന്തരങ്ങള്‍ കൊണ്ട് ഈ സമൂഹത്തിനു ആരോഗ്യ മേഖലയെ കുറിച്ച് വിശ്വാസവും പ്രതീക്ഷയും കുറയുന്നതിനും, അതുമൂലം ചികിത്സ തേടുന്നതില്‍ വിമുഖതയും ഉണ്ടായിട്ടുണ്ട്.

 

ഇന്ത്യയില്‍ ഈ മേഖലയില്‍ പഠനങ്ങള്‍ വളരെ കുറവാണ്. ഇതുവരെ നടന്ന പഠനങ്ങളില്‍ പട്ടികജാതി പട്ടിക വര്‍ഗ്ഗ സമൂഹങ്ങള്‍, മത ന്യൂന പക്ഷങ്ങള്‍ ഇവരൊക്കെ മാനസികാരോഗ്യത്തിന്റെ കാര്യത്തിലും, സേവനങ്ങള്‍ തേടുന്നതിലും പിന്നിലാണ് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഈ മേഖലയില്‍ കൂടുതല്‍ വിശദമായ പഠനങ്ങള്‍ ആവശ്യമുണ്ട്.

 

 സ്ത്രീകള്‍

 

സ്ത്രീകളുടെ ശാരീരിക സവിശേഷതകള്‍, ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എന്നിവ കൊണ്ടും, അതിലുപരി അവര്‍ നേരിടുന്ന സാമൂഹിക വെല്ലുവിളികള്‍ മൂലവും, മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് എന്നാണ് പഠനങ്ങള്‍ പറയുന്നത്.

 

വിഷാദം, ഉത്കണ്ഠ രോഗം, ഇവയൊക്കെ ഉണ്ടാകാനുള്ള സാധ്യത സ്ത്രീകളില്‍ കൂടുതലാണ്. ഒപ്പം ശാരീരികവും മാനസികവും, ലൈംഗികവുമായ പീഡനങ്ങള്‍ കൂടുതലായി അനുഭവിക്കേണ്ടി വരുന്നത് സ്ത്രീകള്‍ക്കാണ്. ഇതും മാനസികരോഗ സാധ്യത കൂട്ടുന്നുണ്ട്.

 

സാഹചര്യം ഇതാണെങ്കില്‍ കുടി ഇന്ത്യയില്‍ മാനസികാരോഗ്യ സേവനങ്ങള്‍ തേടുന്ന സ്ത്രീകളുടെ എണ്ണം കുറവാണ്. മൂന്നു പുരുഷന് ഒരു സ്ത്രീ എന്ന കണക്കിലാണ് ഇന്ത്യയിലെ അവസ്ഥ.

 

ആശുപത്രി കിടക്കകളുടെ എണ്ണത്തില്‍ പോലും ഈ വേര്‍തിരിവ് ഉണ്ട്. മിക്ക മാനസികാരോഗ്യ ആശുപത്രികളിലും കൂടുതല്‍ കിടക്കകള്‍ പുരുഷന്മാര്‍ക്ക് വേണ്ടിയാണ് മാറ്റി വെച്ചിരിക്കുന്നത്.

 

ഗര്‍ഭകാല മാനസികാരോഗ്യ പ്രശ്‌നങ്ങള്‍, അതുപോലെ ആര്‍ത്തവത്തോടു അനുബന്ധിച്ച മാനസികാരോഗ്യ ബുദ്ധിമുട്ടുകള്‍ ഇവ സ്ത്രീകള്‍ നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നങ്ങള്‍ ആണെങ്കില്‍ കുടി, 50% ത്തില്‍ താഴെ ആളുകള്‍ മാത്രമേ ഇതിനായി ശരിയായ സഹായം തേടുന്നുള്ളു.

 

ഈ മാനസികാരോഗ്യ വിഷയങ്ങള്‍ കൈകാര്യം ചെയ്യാനുള്ള പ്രത്യേക സേവനങ്ങളും, കൃത്യമായ പരിശീലനം ലഭിച്ച ആരോഗ്യ പ്രവര്‍ത്തകരും നമ്മുടെ ഇടയില്‍ കുറവാണ്.

 

ഇത്തരത്തില്‍ സ്ത്രീകളുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തില്‍ വലിയ അസമത്വം ലോകം മുഴുവനും നിലനിക്കുന്നുണ്ട്.

 

LGBTQIA സമൂഹം

 

* ഒരുപക്ഷെ പൊതുസമൂഹത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ വേര്‍തിരിവും, അതിക്രമങ്ങളും അനുഭവിക്കേണ്ടി വരുന്നവരാണ് ക്വീര്‍ വ്യക്തികള്‍.* അതുകൊണ്ടു തന്നെ പലതരത്തിലുള്ള മാനസികാരോഗ്യ പ്രശ്‌നങ്ങളും ഇവര്‍ നേരിടുന്നുണ്ട്. ഉദാഹരണത്തിന് വിഷാദരോഗം വാരാനുള്ള സാധ്യത പൊതു സമൂഹത്തെ അപേക്ഷിച്ചു ഇവരില്‍ 2-3 മടങ്ങു കൂടുതലാണ്. അതുപോലെ ഉത്കണ്ഠ രോഗം, ലഹരി ഉപയോഗ രോഗം, ജഠടഉ, ആത്മഹത്യ പ്രവണത ഇവയും ഈ സമൂഹത്തില്‍ കൂടുതലായി കാണപ്പെടുന്നുണ്ട്. ഈ കൂടിയ രോഗസാധ്യതയുടെ പ്രധാന കാരണം ഇവര്‍ നേരിടുന്ന സാമൂഹിക വേര്‍തിരിവുകളാണ്.

 

* നോണ്‍ ബൈനറി ആയി ജീവിക്കുന്നതും, നോണ്‍ ഹെറ്ററോ സെക്ഷ്വല്‍ ഓറിയന്റേഷന്‍ ഉള്ളതും മാനസിക രോഗമാണ് എന്ന് കരുതുകയും അതിന് ചികിത്സകള്‍ നല്‍കുകയും ചെയ്തിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ചിലരെങ്കിലും ഈ അശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്.

 

* മാനസികാരോഗ്യ സേവനത്തിനായി സമീപിക്കുമ്പോള്‍ തങ്ങളുടെ ജന്‍ഡര്‍ ഐഡന്റിറ്റി/ സെക്ഷ്വല്‍ ഓറിയന്റേഷന്‍ മൂലം ഇവര്‍ക്ക് പലതരത്തിലുള്ള വേര്‍തിരിവുകള്‍ നേരിടേണ്ടി വരുന്നുണ്ട് എന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിട്ടുളളത്. ഇതേ കാരണംകൊണ്ട് പലരും ആവശ്യമായ ചികിത്സ തേടാത്ത സാഹചര്യം ഉണ്ട്.

 

* ക്വീര്‍ വ്യക്തികളുടെ പ്രത്യേകതകളെ കുറിച്ച് അറിവ് ഇല്ലാത്ത, ക്വീര്‍ അഫര്‍മേറ്റിവ് അല്ലാത്ത മാനസികാരോഗ്യ വിദഗ്ദ്ധരാണ് പലപ്പോഴും ഇവരുടെ ചികിത്സക്ക് എത്തുക. ഇതും കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു.

 

* ഈ സമൂഹത്തിന്റെ പ്രത്യേക ആവശ്യങ്ങള്‍ പരിഗണിച്ചുകൊണ്ടുള്ള മാനസികാരോഗ്യ സംവിധാനങ്ങള്‍ നമ്മള്‍ക്കില്ല എന്നത് ഒരു സത്യമാണ്.

 

പ്രായമായവര്‍

 

പ്രായമായവര്‍ക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍, അത് വയസ്സായതുകൊണ്ട് സ്വാഭാവികമായി തോന്നുന്നതാണ് എന്ന് കരുതുകയും, അതുമൂലം അവര്‍ക്ക് ആവശ്യമായ പരിചരണം കൃത്യ സമയത്ത് കിട്ടാതെ വരികയും ചെയ്യുന്ന സാഹചര്യമുണ്ട്.

 

വിഷാദം, ഉറക്ക പ്രശ്‌നങ്ങള്‍, ഓര്‍മ്മ കുറവ് തുടങ്ങി നിരവധി മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ പ്രായമായവര്‍ നേരിടുന്നുണ്ട്. ശാരീരിക രോഗങ്ങള്‍, ഒറ്റപ്പെടല്‍, ഇവയും മാനസിക രോഗ സാധ്യത കൂട്ടുന്നുണ്ട്.

 

പ്രായമായവരിലെ വിഷാദം കൂടുതല്‍ തീവ്രവും, തിരിച്ചറിയാന്‍ ബുദ്ധിമുട്ടുളളതുമാണ്. മാനസിക ബുദ്ധിമുട്ടുകളുമായി സേവനങ്ങള്‍ക്ക് സമീപിക്കുമ്പോള്‍, ഇവരുടെ ബുദ്ധിമുട്ടുകളെ കുറച്ചു കാണാനും, തിരിച്ചറിയാതെ പോകാനും, കൃത്യമായ ചികിത്സ ലഭിക്കാതെ പോകാനുമുള്ള സാധ്യത കൂടുതലാണ്.

 

മേധാക്ഷയത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ ഒന്ന് ഓര്‍മ്മക്കുറവാണ്. പക്ഷെ പലപ്പോഴും ഇത് പ്രായം കൂടിയതുകൊണ്ടു സ്വാഭാവികമായി ഉണ്ടാകുന്നതാണ് എന്ന് പറഞ്ഞു തള്ളിക്കളയുന്ന രീതി ആരോഗ്യ രംഗത്തുമുണ്ട്. മേധാക്ഷയ രോഗത്തിന് ശരിയായ ചികിത്സ ആദ്യം മുതലേ കിട്ടുക വളരെ പ്രധനാമാണ്. ഇത് നിരസിക്കാന്‍ ഇത്തരത്തിലുള്ള മുന്‍ധാരണകള്‍ കാരണമാകും.


ഇങ്ങനെ വിവിധ തലങ്ങളിലുള്ള സമൂഹങ്ങള്‍ക്ക് മാനസികാരോഗ്യ സേവങ്ങളുടെ കാര്യത്തില്‍ അസമത്വവും, വേര്‍തിരിവും ഇന്ന് അനുഭവിക്കേണ്ടി വരുന്നുണ്ട്. ആ സത്യം തിരിച്ചറിയുകയും അതിനു മാറ്റം വരുത്തുവാന്‍ മാനസികാരോഗ്യ മേഖലയില്‍ കാര്യമായ ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്യേണ്ടതുണ്ട്. അതിനുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമാകാന്‍ ഈ മാനസികാരോഗ്യ ദിനം കാരണമാകും എന്ന് നമുക്ക് പ്രതീക്ഷിക്കാം.

 

ഇന്ത്യയില്‍ ഈ പ്രശ്‌നങ്ങള്‍ കുറയെങ്കിലും പരിഹരിക്കാന്‍ സഹായിക്കുന്ന മാനസികാരോഗ്യ സേവന നിയമം (MHCA 2017) 2018 തൊട്ട് നടപ്പില്‍ വന്നു എങ്കിലും ഇതിലെ പല അടിസ്ഥാന സേവനങ്ങളും ഇതുവരെ ആരംഭിച്ചിട്ടില്ല. സര്‍ക്കാരുകള്‍ കൂടുതല്‍ തുക മാനസികാരോഗ്യ സേവനങ്ങള്‍ക്ക് മാറ്റി വെച്ചാല്‍ മാത്രമേ ഈ നിയമം അതിന്റെ പൂര്‍ണ്ണമായ രീതിയില്‍ നടപ്പിലാക്കാന്‍ സാധിക്കൂ. അതിനായി ഉള്ള നടപടികളും തുടങ്ങേണ്ടതുണ്ട്.

 

ഇത്തരത്തില്‍ കൂട്ടായുള്ള പരിശ്രമം വഴി എല്ലാവര്‍ക്കും പക്ഷപാതരഹിതമായ മാനസികാരോഗ്യ സേവനങ്ങള്‍ നമ്മള്‍ക്ക് ഉറപ്പാക്കാന്‍ സാധിക്കും എന്ന് കരുതാം.

 

 

 

 

 

 

OTHER SECTIONS