കവിളിലൊരു നുണക്കുഴി, താരങ്ങളുടെ മൂക്ക്, ഇനി മുഖവും മാറ്റിവയ്ക്കാം!

By Web Desk.15 07 2022

imran-azhar

 

 

ഡോ. രാമകൃഷ്ണന്‍ നായര്‍
പ്ലാസ്റ്റിക് സര്‍ജന്‍
അനന്തപുരി ആശുപത്രി
തിരുവനന്തപുരം

 


ഡോ. മനോജ് ജി.
പ്ലാസ്റ്റിക് സര്‍ജന്‍
പി.ആര്‍.എസ്. ആശുപത്രി
തിരുവനന്തപുരം

 

 


ലാറ്റിന്‍ പദം പ്ലാസ്റ്റിക്കോസില്‍ നിന്നാണ് പ്ലാസ്റ്റിക് സര്‍ജറി എന്ന വാക്ക് ഉണ്ടായത്. 'രൂപപ്പെടുത്തുക' എന്നാണ് പ്ലാസ്റ്റിക്കോസിന്റെ അര്‍ത്ഥം. പ്ലാസ്റ്റിക് സര്‍ജറിയുടെ തുടക്കം ഇന്ത്യയിലാണ്. 600 ബിസിയില്‍ ശുശ്രുതനാണ് ആദ്യമായി പ്ലാസ്റ്റിക് സര്‍ജറി ചെയ്തത്. ലോക മഹായുദ്ധത്തിനു ശേഷം ഇന്ത്യയില്‍ വീണ്ടും എത്തി. മലയാളിയായ ഡോ. ബാലകൃഷ്ണനാണ് ആധുനിക പ്ലാസ്റ്റിസ് സര്‍ജറി ഇന്ത്യയില്‍ ചെയ്തുതുടങ്ങിയത്.

 

തെറ്റിദ്ധാരണകള്‍ നിരവധി

 

ചെലവേറിയതാണ്, എല്ലാ സര്‍ജറിയിലും പ്ലാസ്റ്റിക് മെറ്റീരിയല്‍ ഉപയോഗിക്കുന്നു, സാധാരണക്കാരന് ഈ ചികിത്സ താങ്ങാനാവില്ല, സര്‍ജറി ചെയ്ത ഭാഗത്ത് പാടുകളൊന്നും ഉണ്ടാവില്ല എന്നിങ്ങനെ പ്ലാസ്റ്റിക് സര്‍ജറിയെക്കുറിച്ച് നിരവധി തെറ്റിദ്ധാരണകളുണ്ട്.

 

ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ചാണ് സര്‍ജറിക്കുശേഷം പാട് കാണപ്പെടുന്നത്. നമ്മുടെ ചര്‍മ്മത്തില്‍ പാടുകള്‍ നിലനില്‍ക്കുമ്പോള്‍, വിദേശികളുടെ ചര്‍മ്മത്തില്‍ പാടുകള്‍ ഉണ്ടാകാറില്ല. ഇരുണ്ട, കട്ടിയുള്ള ചര്‍മ്മമാണ് നമ്മുടേത്.

 

കോസ്മറ്റിക് ചികിത്സ മാത്രമല്ല

 

പ്ലാസ്റ്റിക് സര്‍ജറിയില്‍ പല വിഭാഗങ്ങളുണ്ട്. മുറിച്ചുണ്ട് പോലുള്ള ജന്മനാലുള്ള വൈകല്യങ്ങള്‍ പരിഹരിക്കുന്ന വിഭാഗം. കോസ്മറ്റിക് ചികിത്സയാണ് മറ്റൊന്ന്. രൂപത്തില്‍ മാറ്റവും ഭംഗിയും വരുത്തുകയെല്ലാം ഈ വിഭാഗത്തില്‍ വരുന്നു.

 

ഒരു കോസ്മറ്റിക് ചികിത്സ മാത്രമായി പ്ലാസ്റ്റിക് സര്‍ജറിയെ കരുതുന്നവരുണ്ട്. എന്നാല്‍, തെറ്റിദ്ധാരണയാണിത്. ഉദാഹരണത്തിന്, കുടവയറിനു പരിഹാരം കാണല്‍. ഭംഗിവരുത്തല്‍ മാത്രമല്ല ഉത്തരം ചികിത്സകളുടെ ഉദ്ദേശം.

 

റീകണ്‍സ്ട്രക്ടീവ് സര്‍ജറിയാണ് പ്ലാസ്റ്റിക് സര്‍ജറിയുടെ മറ്റൊരു വിഭാഗം. കാന്‍സര്‍ സര്‍ജറിക്കു ശേഷം റീകണ്‍സ്ട്രീവ് ചികിത്സ ചെയ്യാറുണ്ട്. നീക്കം ചെയ്ത ഭാഗത്തിനു പകരം പുതിയവ പുനര്‍നിര്‍മ്മിക്കും.

 

ഹാന്‍ഡ് സര്‍ജറി

 

ഹാന്‍ഡ് സര്‍ജറിയാണ് പ്ലാസ്റ്റിക് സര്‍ജറിയിലെ മറ്റൊരു പ്രധാന വിഭാഗം. ഇതില്‍ അറ്റുപോയ വിരലുകള്‍, കൈകള്‍ എന്നിവ വച്ചുപിടിപ്പിക്കും. കൈയോ കാലോ മുറിഞ്ഞുപോയാല്‍, അത് ശരിയായി ആശുപത്രില്‍ എത്തിക്കണം. എങ്കില്‍ മാത്രമേ മുറിഞ്ഞുപോയ ഭാഗം തിരിച്ചുവച്ചുപിടിപ്പിക്കുമ്പോള്‍ മികച്ച ഫലം ലഭിക്കുകയുള്ളൂ. രക്തയോട്ടമില്ലാത്ത അവയവഭാഗം രണ്ടു മുതല്‍ നാലു മണിക്കൂറിനുള്ളില്‍ വച്ചുപിടിപ്പിക്കണം. അവയവം കൃത്യമായി ആശുപത്രിയില്‍ എത്തിക്കുകയും വേണം. മുറിഞ്ഞുപോയ ഭാഗം വൃത്തിയുള്ള പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ്, അതിനു പുറത്ത് ഐസ് വയ്ക്കണം. അവയവത്തില്‍ നേരിട്ട് ഐസ് വയ്ക്കാന്‍ പാടില്ല.

 

ട്രാന്‍സ്പ്ലാന്റുകള്‍ ഇപ്പോള്‍ വ്യാപകമായി ചെയ്യുന്നുണ്ട്. കൈ അറ്റുപോയാല്‍, മറ്റൊരാളിന്റെ കൈവച്ചുപിടിപ്പിക്കുന്ന രീതിയാണിത്.

 


ചര്‍മ്മം വച്ചുപിടിപ്പിക്കാം

 

സ്‌കിന്‍ ഗ്രാഫ്റ്റിംഗ് പ്ലാസ്റ്റിക് സര്‍ജറിയിലെ ഒരു പ്രധാന ചികിത്സയാണ്. പൊള്ളലേറ്റോ മറ്റോ നഷ്ടപ്പെട്ട സ്‌കിന്‍ വച്ചുപിടിപ്പിക്കുന്ന ചികിത്സയാണിത്. ശരീരത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്നാണ് ഇതിനായി സ്‌കിന്‍ ശേഖരിക്കുന്നത്. എന്നാല്‍, ശരീരമാസകലം പൊള്ളലേറ്റാല്‍ ഇത് അസാധ്യമാകും. അങ്ങനെ വരുമ്പോള്‍, പന്നിയുടെ സ്‌കിന്‍ സര്‍ജറിക്കായി ഉപയോഗിക്കുന്നു. പന്നിയുടെ ചര്‍മ്മത്തിന്റെ ഘടന മനുഷ്യന്റേതിനു സമാനമാണ്. മറ്റൊരാളിന്റെ ചര്‍മ്മവും സ്വീകരിക്കാം. എന്നാല്‍, താല്‍ക്കാലികമായേ ഈ ചര്‍മ്മം നിലനില്‍ക്കൂ; മൂന്നാഴ്ച കഴിയുമ്പോള്‍ ശരീരം തിരസ്‌കരിക്കും. അപ്പോഴേക്കും രോഗിയുടെ ചര്‍മ്മം വന്നുമൂടും.

 

രോഗിയുടെ ശരീരത്തില്‍ നിന്ന് ചര്‍മ്മം ശേഖരിച്ച് കൃത്രിമമായി ലാബില്‍ വളര്‍ത്തിയെടുക്കുന്നതാണ് ഏറ്റവും പുതിയ രീതി. ഇന്ത്യയില്‍ ഇത് പ്രചാരത്തിലായി വരുന്നതേയുള്ളൂ.

 

കവിളിലൊരു നുണക്കുഴി

 

ഘടന, മൂക്ക്, കണ്ണിന്റെ ആകൃതി, വായയുടെ ആകൃതി ഇതെല്ലാം ചേരുന്നതാണ് ഒരു വ്യക്തിയുടെ മുഖം. മുഖത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന്റെ രൂപമാറ്റത്തിനു വേണ്ടിയാണ് എത്തുന്നത്. കണ്ണിനെ വിടര്‍ത്തുക, നുണക്കുഴികള്‍ ഇതൊക്കെയാണ് ഏറ്റവും അധികം ആളുകള്‍ ആവശ്യപ്പെടുന്നത്. ഇതിലേതെങ്കിലും മാറ്റുന്നതിലൂടെ മാത്രം മുഖത്തിന് വലിയ മാറ്റമൊന്നും ഉണ്ടാകുന്നില്ല.

 

സൗന്ദര്യവര്‍ദ്ധവിനു വേണ്ടിയുള്ള ചികിത്സയാണ് പ്ലാസ്റ്റിക് സര്‍ജറി എന്ന ധാരണയാണ് പ്രബലം. എന്നാല്‍, മന്തുരോഗത്തിനു പോലും പ്ലാസ്റ്റിക് സര്‍ജറി ചികിത്സയുണ്ട്.

 

റിസ്‌ക്ക് ഉണ്ട്

 

എല്ലാ സര്‍ജറിക്കും ഉള്ളതുപോലെ പ്ലാസ്റ്റിക് സര്‍ജറിക്കും റിസ്‌ക്ക് ഉണ്ട്. എന്നാല്‍, പ്ലാസ്റ്റിക് സര്‍ജറിക്കിടെ എന്തെങ്കിലും അപകടം സംഭവിച്ചാല്‍ അത് ഉള്‍ക്കൊള്ളാന്‍ ആളുകള്‍ക്ക് പ്രയാസമാണ്. വയര്‍ കുറയ്ക്കാനുള്ള ലൈപ്പോസക്ഷനു പോലും അപകടമുണ്ട്. എന്നാല്‍, എല്ലാ സൗകര്യങ്ങളുമുള്ള ആശുപത്രിയാണ് ചികിത്സയ്ക്കായി തിരഞ്ഞെടുക്കേണ്ടത്. ഹെയര്‍ ട്രാന്‍സ്പ്ലാന്റ് പോലും ഏറെ ശ്രദ്ധയോടെ ചെയ്യേണ്ട ചികിത്സയാണ്. ഇപ്പോള്‍ ഏറ്റവും അധികം ആളുകള്‍ എത്തുന്ന ചികിത്സയാണിത്.

 

ഫില്ലറുകള്‍ ജനപ്രിയം

 

സര്‍ജറിയെ ഭയമുള്ളതിനാല്‍, ഇപ്പോള്‍ കൂടുതല്‍ പേരും ഫില്ലറുകളാണ് തിരഞ്ഞെടുക്കുന്നത്. കവിളുകളുടെ വണ്ണം കൂട്ടാം, മൂക്കിന്റെ ആകൃതി പോലും ഇതിലൂടെ മാറ്റിയെടുക്കാം. ഒരുതരം ലിക്വിഡാണ് ഫില്ലര്‍. ഒരാളുടെ വിവാഹത്തിന് നല്ല ഭംഗി വരുത്തണം. ഇതിനായി ഫില്ലര്‍ കുത്തിവയ്ക്കാം. ചര്‍മ്മത്തിന്റെ നിറം മാറ്റാനായി ടാറ്റൂ ചെയ്യുന്ന രീതിയും ഇപ്പോള്‍ പ്രചാരത്തിലുണ്ട്. ആറേഴുമാസം നിലവില്‍ക്കുന്നതാണിതെല്ലാം.

 


താരങ്ങളുടെ മൂക്കു വേണം!

 

പ്ലാസ്റ്റിക് സര്‍ജറിയുടെ തുടക്കത്തില്‍ 25 ശതമാനം മാത്രമായിരുന്നു കോസ്മറ്റിക് സര്‍ജറി. 75 ശതമാനവും റീകണ്‍സ്ട്രക്ടീവ് സര്‍ജറിയും മറ്റുള്ളവയുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍, ഇപ്പോള്‍ രീതി മാറി. നിലവില്‍ ഭൂരിഭാഗവും കോസ്മറ്റിക് സര്‍ജറിയാണ് തിരഞ്ഞെടുക്കുന്നത്. ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും അതുമതി എന്ന അവസ്ഥയാണ്.

 

താരങ്ങളുടെ ചിത്രങ്ങള്‍ കാട്ടി അതുപോലെ മൂക്കും മറ്റും രൂപമാറ്റം വരുത്താന്‍ ആവശ്യപ്പെടുന്നവരുണ്ട്. കുറേയൊക്കെ മാറ്റം വരുത്താം എന്നല്ലാതെ, പൂര്‍ണമായും മാറ്റിയെടുക്കാനൊന്നും സാധിക്കില്ല.

 

മുഖം പൂര്‍ണമായി മാറ്റിവയ്ക്കുന്ന ഫേസ് ട്രാന്‍സ്പ്ലാന്റ് പോലുള്ള സര്‍ജറികളുടെ കാലമാണിപ്പോള്‍. ശവശരീരത്തിന്റെ മുഖം എടുത്ത്, മറ്റൊരാളില്‍ വച്ചുപിടിപ്പിക്കുന്ന രീതിയാണിത്. എന്നാല്‍, ഈ സര്‍ജറി വ്യാപക പ്രചാരത്തിലായിട്ടില്ല.

 

 

 

 

OTHER SECTIONS