നടുവേദനയുടെ കാരണം കൃത്യമായി കണ്ടെത്താം

By Online Desk .07 08 2019

imran-azhar

 

 

നട്ടെല്ല് നിവര്‍ത്തി മണിക്കൂറോളം ഇരുന്നു ജോലി ചെയ്യുന്നവരാണ് മനുഷ്യന്‍. നട്ടെല്ല് ശരിക്കും വളയാതിരിക്കണമെങ്കില്‍, നാം നിത്യേന ചില വ്യായാമങ്ങള്‍ ചെയ്യുകയും നിഷ്ഠകള്‍ പാലിക്കുകയും വേണം. ശരീരത്തിന്റെ അരയ്ക്കുമുകളിലുള്ള ഭാരം മുഴുവന്‍ താങ്ങുന്ന അരക്കെട്ടിനെ നാം ശരിക്കും പരിപാലിക്കാതിരുന്നാല്‍ നടുവേദന ഉറപ്പ്. ഉടലും കാലുകളും ചേരുന്ന ഇടുപ്പെല്ല് എന്ന അസ്ഥി സന്ധി ശരീരത്തിലെ പ്രധാന ചലന സന്ധിയാണ്. അതിനു കൃത്യമായ വ്യായാമം വേണം. അവിടെയുള്ള മാംസപേശികള്‍ക്കു ആയാസം കൊടുക്കേണ്ടതും അത്യാവശ്യം. അതേസമയം ഇതൊന്നും അധികമാവരുത്. ജിമ്മില്‍പോയി അമിതഭാരം പൊക്കുന്നവരൊക്കെ പിന്നീട് ദുഃഖിക്കേണ്ടിവരും. ഒരു വ്യായാമവും അധികമാവരുത്. ഇതൊക്കെ അധികമായാലും നടുവേദന വരാം. സാധാരണ 30 വയസിനു മുകളിലുള്ളവരാണ് ഇതുമൂലം കഷ്ടപ്പെടാറ്. മണിക്കൂറോളം നടുനിവര്‍ത്തിയിരുന്നു ജോലി ചെയ്യുന്നവര്‍ക്കാണ് നടുവേദന അധികവും വരാറ്. ഒന്നര മണിക്കൂറിലേറെ ആരും ഒറ്റയിരിപ്പിലിരിക്കരുത്. സിനിമാ തിയേറ്ററില്‍ ഇടവേള വച്ചതുപോലും ഈ തത്വം വച്ചാണ്. അതു മറക്കരുത്.

 

കാരണങ്ങള്‍

 

നട്ടെല്ലിന്റെ ചതവോ ഒടിവോ തേയ്മാനമോ, നട്ടെല്ല് അവസാനിക്കുന്നഭാഗത്തെ ഘടന, തുടയുടെ എല്ലും ഇടുപ്പിന്റെ എല്ലും ചേരുന്ന ഭാഗത്തെ പ്രശ്‌നങ്ങള്‍, മാംസപേശികളുടെ തകരാറുകളും ബലക്ഷയവും, നട്ടെല്ലില്‍നിന്നു കാലിലേക്കു പോകുന്ന ഞരമ്പുകളുടെ തകരാറുകള്‍, ഹൃദയത്തില്‍നിന്ന് അരക്കെട്ടിന്റെ താഴേക്കു പോകുന്ന സിരകളുടെ പോരായ്മകള്‍ എന്നിങ്ങനെ അതു നീളുന്നു.
അടിവയറ്റില്‍ കിടക്കുന്ന അവയവങ്ങളായ വന്‍കുടല്‍, മലാശയം, മൂത്രസഞ്ചി, ഗര്‍ഭാശയം, അണ്ഡാശയം, പുരുഷഗ്രന്ഥി (പ്രോസ്റ്റേറ്റ്), മൂലക്കുരു, ഫിസ്റ്റുല, മലാശയത്തിന്റെ വക്കുകള്‍ വീണ്ടുകീറി രക്തം പോക്കുണ്ടാക്കുന്ന ഫിഷര്‍ രോഗം, മലബന്ധം, മൂത്രാശയത്തിലെ കല്ലുകള്‍, വൃക്കസംബന്ധമായ രോഗങ്ങള്‍, നട്ടെല്ലില്‍ ബാധിക്കുന്ന ക്ഷയം, വന്‍കുടലിലും മലാശയത്തിലും വരുന്ന കാന്‍സര്‍, വിവിധതരം ഹെര്‍ണിയ, അപന്റൈറ്റിസ്, മൂത്രച്ചൂട്, മൂത്രത്തിനു വരുന്ന അണുബാധ, വെള്ളപോക്ക്, ലൈംഗിക തകരാറുകള്‍, ഗര്‍ഭപാത്രവും മൂത്രാശയവും പുറത്തേക്കുതള്ളല്‍, ഗര്‍ഭാശയത്തിലും അണ്ഡാശയത്തിലും വരുന്ന മുഴകള്‍, ചിലര്‍ക്ക് ആര്‍ത്തവം, പ്രസവശുശ്രൂഷയുടെയും ഗര്‍ഭശുശ്രൂഷയുടെയും അഭാവം, പ്രമേഹവും പുകവലിയും മൂലമുള്ള രക്തക്കുഴലുകളുടെ ചുരുങ്ങല്‍ എന്നിവയും വേദനയ്ക്കു കാരണം തന്നെ

 

പ്രതിരോധം

 

ഇരിപ്പിടങ്ങളില്‍ കുഷ്യന്‍ ആവാം. കസേരയിലിരുന്നാല്‍ കാലുനിലത്തുതൊടണം. അധികനേരം ഇരിക്കുന്ന കസേരയ്ക്ക് ചാരിയിരിക്കാനുള്ള സംവിധാനം വേണം. കിടക്ക നന്നേ കട്ടി കുറഞ്ഞതാകരുത്. കിടക്കകള്‍ വല്ലാതെ കുഴിഞ്ഞുപോകുന്നതുമാകരുത്. രാത്രി കിടക്കുംമുമ്പ് തണുത്ത വെള്ളം കുടിക്കരുത്. രാത്രി എട്ടുമണി കഴിഞ്ഞുള്ള വ്യായാമം വേണ്ട. നടുവേദന വന്നാല്‍ വിശ്രമമാണ് ആദ്യം വേണ്ടത്. മലര്‍ന്നുകിടക്കുക. ഇടയ്ക്കിടെ ചൂടുവെള്ളം കഴിക്കാം. മസില്‍ പ്രശ്‌നമാണെങ്കില്‍ അതോടെ മാറും. ചിലര്‍ക്കു ധന്വന്തരം തൈലം പുരട്ടി ഉഴിഞ്ഞാല്‍ അസുഖം പോകും. പ്രായം ചെന്നവര്‍ക്കു കൊട്ടം ചുക്കാദി, സഹജരാദി തൈലങ്ങളാവാം. അധിക തണുപ്പ് (എസി/ഫാന്‍) വേണ്ടെന്നുവയ്ക്കാം. നടുവേദനയ്ക്ക് മലബന്ധവും കാരണമാകാം. മലബന്ധമുള്ളവര്‍ അവിപത്തി ചൂര്‍ണം രണ്ടര സ്പൂണ്‍ ചൂടുവെള്ളത്തില്‍ കലക്കി പുലര്‍ച്ചെ അഞ്ചിനു കഴിക്കുക. ഏഴരയോടെ വയറു ശുദ്ധിയാകും. തൃവൃത്ത് ലേഹ്യം രാത്രി കിടക്കാന്‍ നേരത്ത് 20 ഗ്രാം കഴിച്ചാലും വയറുക്‌ളീനാകും. രണ്ടിലൊന്നു മതി. അള്‍ട്രാസൗണ്ട് സ്‌കാനിങ്ങിനു വലിയ ചെലവില്ല. അതു ചെയ്താല്‍ മൂത്രാശയത്തിലെ കല്ല്, അണ്ഡാശയത്തിലെ മുഴ, ഗര്‍ഭാശയപ്രശ്‌നങ്ങള്‍, പുരുഷ ഗ്രന്ഥിയിലെ കുഴപ്പങ്ങള്‍, മലാശയത്തില്‍ വന്ന രോഗാവസ്ഥ എന്നിവയൊക്കെ അറിയാനാവും. ഏതു വേദന നീണ്ടുനിന്നാലും ഡോക്ടറെ കാണണം


ചികിത്സ

 

വേദന കുറയ്ക്കാനായി ഉപയോഗിക്കുന്ന വേദനസംഹാരി മരുന്നുകള്‍, പേശികളെ അയവുള്ളതാക്കിമാറ്റുന്ന മരുന്നുകള്‍, ആവശ്യമെങ്കില്‍ ശസ്ത്രക്രിയ തുടങ്ങിയവയാണ് പ്രധാന ചികിത്സാമാര്‍ഗമങ്ങള്‍. ആവശ്യത്തിന് വിശ്രമമെടുക്കുക എന്നതാണ് നടുവേദനവന്നാല്‍ ആദ്യം ചെയ്യേണ്ട നടപടി. പരിപൂര്‍ണ വിശ്രമമെടുത്താല്‍തന്നെ മിക്കപ്പോഴും സാധാരണ നടുവേദനകള്‍ക്കെല്ലാം ആശ്വാസം ലഭിക്കും. കാരണം നടുവിന്റെ പേശികളുടെ ഉളുക്കും ചലനവള്ളികളുടെ വലിച്ചിലുമാണ് നടുവേദനയുടെ പ്രധാന കാരണങ്ങള്‍. നട്ടെല്ലിനും അനുബന്ധ പേശികള്‍ക്കും വിശ്രമം ലഭിക്കുമ്പോള്‍തന്നെ പേശികളുടെ സമ്മര്‍ദം കുറഞ്ഞ് നടുവേദനയ്ക്ക് ആശ്വാസം ലഭിക്കും.

 

ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം വേദനസംഹാരികള്‍ ഉപയോഗിക്കുന്നതും ആശ്വാസമേകും. അതോടൊപ്പം പേശികള്‍ക്ക് അയവുവരുത്താനായി ഉപയോഗിക്കുന്ന മരുന്നുകളും (മസില്‍ റിലാക്‌സന്റ്‌സ്) ഗുണംചെയ്യും. നടുവേദനയുടെ ചികിത്സയില്‍ ഏറ്റവും അവസാനം മാത്രം പരിഗണിക്കുന്നതാണ് ശസ്ത്രക്രിയ. മരുന്നുകള്‍ ഉപയോഗിച്ചിട്ടും വേദന തീവ്രമാവുക, കാലുകളിലേക്ക് വേദന വ്യാപിക്കുക, കാലിന് തരിപ്പും മരവിപ്പും ഉണ്ടാവുക, മലമൂത്രവിസര്‍ജനത്തില്‍ തടസ്‌സമുണ്ടാവുക, നട്ടെല്ലിനെ ബാധിക്കുന്ന അര്ബുദം എന്നിവയൊക്കെ സര്‍ജറി ആവശ്യമായിവരുന്ന ഘടകങ്ങളാണ്. ഡിസ്‌കൈറ്റമി, ഹെമിലാമിനക്ടമി തുടങ്ങിയ ശസ്ത്രക്രിയാ മാര്‍ഗങ്ങള്‍ രോഗിയുടെ ആവശ്യത്തിനനുസരിച്ച് ചെയ്യാറുണ്ട്. എന്‍ഡോകസ്‌കോപ്പി ഉപയോഗിച്ച് തീരെ ചെറിയ മുറിവിലൂടെ ഡിസ്‌ക് സര്‍ജറി ചെയ്യാനും ഇന്നു സാധിക്കും.

OTHER SECTIONS