നിങ്ങള്‍ക്ക് രാത്രി ഉറങ്ങാന്‍ കഴിയുന്നില്ലേ? ഈ വഴികള്‍ ശീലമാക്കൂ

By priya.13 08 2022

imran-azhar

 

മാനസിക, ശാരീരിക ആരോഗ്യത്തെ സംബന്ധിച്ച് എല്ലാവര്‍ക്കും പ്രധാനമായും വേണ്ടത് ഉറക്കമാണ്. കൃത്യ സമയത്ത് ഉറങ്ങാന്‍ കഴിയാതിരിക്കുന്നതും ആവശ്യമായ ഉറക്കം ലഭിക്കാത്തതും ശരീരത്തില്‍ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കും. കൃത്യസമയത്ത്, കൃത്യമായ രീതിയില്‍, ആവശ്യത്തിന് ഉറങ്ങാന്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

 

എളുപ്പം ഉറങ്ങാന്‍ കഴിയാത്തവര്‍ ശീലമാക്കേണ്ട വഴികള്‍:

 

ഉറങ്ങാന്‍ സമയം മാറ്റിവെക്കുക

 

ദിവസേന എട്ട് മണിക്കൂറില്‍ കൂടുതല്‍ ഉറക്കത്തിനായി സമയം മാറ്റിവെക്കുക.കുറഞ്ഞത് ഏഴ് മണിക്കൂര്‍ ഉറക്കമാണ് ആരോഗ്യമുള്ള ഒരു മുതിര്‍ന്ന വ്യക്തിക്ക് ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്യുന്നത്.നല്ല വിശ്രമം ലഭിക്കാന്‍ മിക്കവര്‍ക്കും എട്ട് മണിക്കൂറോളം ഉറങ്ങേണ്ടിവരും.

 

അവധി ദിവസങ്ങളും മറ്റും ഉള്‍പ്പെടെ എല്ലാ ദിവസവും ഒരേ സമയത്ത് എഴുന്നേല്‍ക്കുക. സ്ഥിരത പുലര്‍ത്തുന്നത് നിങ്ങളുടെ ശരീരത്തിന്റെ ഉറക്ക-ഉണര്‍വ് ചക്രത്തെ ശക്തിപ്പെടുത്തുന്നു.

 

ഉറങ്ങാന്‍ കിടന്നിട്ടും 20 മിനിറ്റിനുള്ളില്‍ നിങ്ങള്‍ക്ക് ഉറക്കം വന്നില്ലെങ്കില്‍ നിങ്ങളുടെ കിടപ്പുമുറി വിട്ട് മറ്റെന്തെങ്കിലും ചെയ്യുക. പാട്ട് കേള്‍ക്കുക, വായിക്കുക അങ്ങനെ എന്തെങ്കിലും. ഇത് ക്ഷീണം മൂലം പെട്ടന്ന് ഉറങ്ങാന്‍ നിങ്ങളെ സഹായിക്കും.

 

ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

 

പട്ടിണി കിടന്നോ വയറുനിറയെ ഭക്ഷണം കഴിച്ചോ കിടക്കാന്‍ പോകരുത്. രാത്രികാലങ്ങളില്‍ ലഘുവായ ആഹാരം കഴിക്കാന്‍ ശ്രദ്ധിക്കുക.. പുകവലി, മദ്യപാനം, കഫീന്‍ എന്നിവ നിങ്ങളുടെ ശാന്തമായ ഉറക്കത്തെ ബാധിക്കും. മദ്യം കഴിച്ച് കിടക്കുന്നവര്‍ ക്ഷീണം മൂലം ആദ്യം ഉറങ്ങുമെങ്കിലും രാത്രി പലപ്പോഴും ഇതുറക്കത്തെ തടസപ്പെടുത്തും.

 

ഉറങ്ങുന്ന മുറി ശാന്തമാക്കുക

 

നിങ്ങളുടെ മുറി ഇരുണ്ടതും ശാന്തവുമാക്കുക. ഉറങ്ങുന്നതിന് തൊട്ടുമുമ്പ് ലൈറ്റ് എമിറ്റിംഗ് സ്‌ക്രീനുകള്‍ ദീര്‍ഘനേരം ഉപയോഗിക്കുന്നത് ഒഴിവാക്കുക. വലിയ ബഹളങ്ങളും വെളിച്ചവുമില്ലാതെയുള്ള മുറിയില്‍ കിടക്കുമ്പോള്‍ ക്രമേണ നിങ്ങള്‍ ഉറങ്ങിപ്പോകും.


പകല്‍ ഉറക്കം കുറയ്ക്കാം

 

പകല്‍ നന്നായി ഉറങ്ങുന്നത് രാത്രി ഉറക്കത്തെ തടസ്സപ്പെടുത്തും.മറ്റ് തടസങ്ങളൊന്നുമില്ലെങ്കില്‍ പകല്‍ സമയങ്ങളില്‍ ഒരു മണിക്കൂറില്‍ കൂടുതല്‍ ഉറങ്ങുന്നത് ഒഴിവാക്കുക.


വ്യായാമം


ദിവസേന വ്യായാമം ചെയ്യുക. ചിട്ടയായ വ്യായാമ മുറകള്‍ നല്ല ഉറക്കം പ്രോത്സാഹിപ്പിക്കും. അതേസമയം ഉറങ്ങാന്‍ പോകുന്ന നേരങ്ങളില്‍ ഇതൊഴിവാക്കുക.

 

 

OTHER SECTIONS