മുലയൂട്ടുമ്പോള്‍ ഇതൊക്കെ ശ്രദ്ധിക്കണം

By Rajesh Kumar.02 08 2020

imran-azhar

 


ഷീന്‍ എല്‍. ബി.
ചൈല്‍ഡ് ഡെവലപ്മെന്റ് തെറാപ്പിസ്റ്റ്
എസ്.യു.ടി. ആശുപത്രി
പട്ടം, തിരുവനന്തപുരം

 


ആഗസ്റ്റ് 1 - 7 മുലയൂട്ടല്‍ വാരം

 

അമ്മയ്ക്ക് പൊന്നോമനകള്‍ക്കായി നല്‍കാന്‍ കഴിയുന്ന അമൃതാണ് മുലപ്പാല്‍. മുലയൂട്ടുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് എല്ലാ അമ്മമാരേയും കുടുംബത്തേയും ബോധവത്കരിക്കുന്നതിനായി എല്ലാ വര്‍ഷവും ആഗസ്റ്റ് ഒന്ന് മുതല്‍ ഏഴ് വരെ ലോക മുലയൂട്ടല്‍ വാരമായി ലോകമെമ്പാടും ആഘോഷിക്കുന്നു. മുലയൂട്ടല്‍ സന്ദേശം എല്ലാവരിലും എത്തിക്കുക, കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നതാണ് മുലയൂട്ടല്‍ വാരാഘോഷത്തിന്റെ പ്രധാന ലക്ഷ്യം. മുലയൂട്ടല്‍ ആഴ്ച 2020 ന്റെ തീം- ആരോഗ്യകരമായ ഒരു ഗ്രഹത്തിന് മുലയൂട്ടലിനെ പിന്തുണയ്ക്കുക.

 

അമ്മയ്ക്ക് തന്റെ കുഞ്ഞിന് നല്‍കാന്‍ കഴിയുന്ന സമ്പൂര്‍ണ്ണ ആഹാരമാണ് മുലപ്പാല്‍. കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്കും ബുദ്ധിവികാസത്തിനും ശരിയായ പോഷകാഹാരത്തിന്റെ പങ്ക് വളരെ വലുതാണ്. മുലപ്പാലില്‍ കുഞ്ഞിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും വികാസത്തിനും ആവശ്യമായ കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, ഇരുമ്പ്, കൊഴുപ്പുകള്‍, വിറ്റാമിനുകള്‍, മിനറലുകള്‍ തുടങ്ങിയ പോഷകങ്ങള്‍ ശരിയായ അനുപാതത്തില്‍ അടങ്ങിയിരിക്കുന്നു.

 

ശരിയായ രീതിയിലുള്ള മുലയൂട്ടലിലൂടെ കുഞ്ഞിന് നല്ല പോഷണവും അസുഖങ്ങളില്‍ നിന്ന് സംരക്ഷണവും പ്രതിരോധവും ലഭിക്കുന്നു. ആദ്യമായി കുഞ്ഞിനെ മുലയൂട്ടുമ്പോള്‍ അമ്മയ്ക്ക് മുലയൂട്ടലുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. കുഞ്ഞുങ്ങള്‍ക്ക് ആദ്യത്തെ ആറുമാസം വരെ മുലപ്പാല്‍ മാത്രമെ നല്‍കാവൂ എന്ന് ലോകാരോഗ്യ സംഘടന ശക്തമായി ശിപാര്‍ശ ചെയ്യുന്നു.

 

അമ്മയ്ക്ക് സുഖപ്രസവമാണെങ്കില്‍ പ്രസവശേഷം ആദ്യ അര മണിക്കൂറിനുള്ളില്‍ തന്നെ കുഞ്ഞിന് മുലയൂട്ടല്‍ തുടങ്ങണം. സിസേറിയനാണെങ്കില്‍ ആദ്യത്തെ രണ്ട് മണിക്കൂറിനുള്ളില്‍ കുഞ്ഞിന് മുലപ്പാല്‍ നല്‍കണം. മാസം തികയാതെയുള്ള പ്രസവമാണെങ്കിലും കുഞ്ഞിന് കഴിയുന്നിടത്തോളം മുലയൂട്ടണം. മാസം തികയാതെ പ്രസവിക്കുന്ന അമ്മമാരുടെ പാലില്‍ ധാരാളം ആന്റിബോഡികള്‍ ഉണ്ട്. ഇത് കുഞ്ഞിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. കുഞ്ഞ് മുലപ്പാല്‍ വലിച്ചുകുടിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ മുലപ്പാല്‍ പിഴിഞ്ഞെടുത്ത് ഗോകര്‍ണത്തിലോ സ്പൂണിലോ നല്‍കാം.

 

കുഞ്ഞ് വിശക്കുന്നതിന്റെ ലക്ഷണങ്ങള്‍ കാണിക്കുമ്പോള്‍ അത് ശ്രദ്ധിക്കുകയും മുലയൂട്ടുകയും ചെയ്യുക. ഓരോ സ്നതത്തില്‍ നിന്നും സാധാരണ മുലയൂട്ടലിന്റെ ദൈര്‍ഘ്യം 10-15 മിനിട്ട് വീതമാണ്. ഒരു സ്തനത്തില്‍ നിന്ന് കുഞ്ഞ് മൊത്തമായി പാല്‍ കുടിച്ച ശേഷം ആവശ്യമെങ്കില്‍ കുഞ്ഞിന് അടുത്ത സ്തനത്തില്‍ നിന്ന് പാല്‍ കൊടുക്കുക. സാധാരണ കുഞ്ഞുങ്ങള്‍ രണ്ടു മുതല്‍ മൂന്നു മണിക്കൂര്‍ കൂടുമ്പോള്‍ മുലപ്പാല്‍ കുടിക്കാറുണ്ട്. ആദ്യ നാളുകളില്‍ ഓരോ 24 മണിക്കൂറിലും എട്ടു മുതല്‍ 12 തവണ വരെ മുലയൂട്ടേണ്ടതായി വരാം.

 

കുഞ്ഞ് മുലപ്പാല്‍ വലിച്ചുകുടിക്കുമ്പോള്‍ പാലിനൊപ്പം അല്പാല്പമായി വായുവും ഉള്ളിലേയ്ക്കെടുക്കും. ഇത് കുഞ്ഞിന് അസ്വസ്ഥതയും, വയറുവേദനയും തികട്ടലും ഉണ്ടാക്കാന്‍ ഇടയാക്കിയേക്കും. മുലയൂട്ടല്‍ കഴിഞ്ഞാല്‍ കുഞ്ഞിനെ തോളത്ത് കിടത്തി മെല്ലെ പുറത്ത് തട്ടിയാല്‍ ആമാശയത്തില്‍ കയറിയ വായു പുറത്തു പോകും.

 

ലോകത്തെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന്റെ അടിസ്ഥാനമാണ് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുക എന്നത്. അതിലേയ്ക്കായി ആദ്യത്തെ ആറുമാസം വരെ കുഞ്ഞിന് മുലപ്പാല്‍ മാത്രം നല്‍കുക. ആറു മാസത്തിന് ശേഷം രണ്ടു വയസ്സ് വരെ മറ്റു ഭക്ഷണം നല്‍കുന്നതോടൊപ്പം മുലപ്പാലും നല്‍കണം.

 

OTHER SECTIONS