By Rajesh Kumar.11 07 2020
വാഷിംങ്ടണ്‍: കൊറോണ വൈറസ് ബാധയെപ്പറ്റി പുറംലോകത്തോട് പറയുന്നതിനു മുമ്പു തന്നെ ചൈനയില്‍ വൈറസ് വ്യാപകമായി പടര്‍ന്നിരുന്നു എന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്. ഇപ്പോള്‍ അമേരിക്കയില്‍ കഴിയുന്ന ഹോങ്കോങ് സ്കൂള്‍ ഒഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേഷകയായിരുന്ന ഡോ. ലി മെങ് യാന്‍ അമേരിക്കന്‍ വാര്‍ത്താ ചാനലായ ഫോക്സ് ന്യൂസിനോടാണ് ഇക്കാര്യം തുറന്നുപറഞ്ഞത്.
വൈറസ് ബാധയെപ്പറ്റി ലോകത്തോടു വെളിപ്പെടുത്തുന്നതിനു മുമ്പേ ചൈനയില്‍ രോഗം പടരുന്നുണ്ടായിരുന്നു. എന്നാല്‍, ചൈനീസ് ഭരണാധികാരികള്‍ ഇക്കാര്യം മറച്ചുവയ്ക്കുകയാണ് ചെയ്തത്.
വൈറോളജി മേഖലയില്‍ വിദഗ്ധയായതിനാല്‍, വൈറസ് വ്യാപനത്തെപ്പറ്റി ഗവേഷണം നടത്താന്‍ ശ്രമിച്ചു. എന്നാല്‍, തന്റെ സൂപ്പര്‍വൈസര്‍ ഗവേഷണം നിരുത്സാഹപ്പെടുത്തി. അന്നു കണ്ടെത്തിയ വൈറസാണ് പിന്നീട് ലോകം മുഴുവന്‍ വ്യാപിച്ച കോവിഡ് 19 എന്ന് ഡോ. ലി പറയുന്നു.
അന്നു ഗവേഷണം നടത്തിയിരുന്നു എങ്കില്‍ മഹാമാരിയില്‍ നിന്നു നിരവധി ജീവനുകളെ രക്ഷിക്കാന്‍ കഴിയുമായിരുന്നു. വൈറല്‍ വ്യാപ നത്തിന്റെ തുടക്കത്തില്‍ പഠനം നടത്തിയ അഞ്ചംഗ സംഘത്തില്‍ താനും അംഗമായിരുന്നു. സാര്‍സിനു സമാനമായ വൈറസിനെപ്പറ്റി സൂപ്പര്‍വൈസറെ അറിച്ചെന്നും ഡോ. ലി വെളിപ്പെടുത്തുന്നു.
സുഹൃത്തുക്കളുടെ സഹായത്തോടെ വിവരശേഖരണത്തിനു ശ്രമിച്ചു. വുഹാനാണ് വൈറസിന്റെ പ്രഭവ കേന്ദ്രമെന്ന് അവര്‍ കണ്ടെത്തി, അറിയിച്ചു.
പുതിയ വൈറസ് മനുഷ്യനില്‍ നിന്നു മനുഷ്യരിലേക്കു പടരുമെന്ന് ചൈനയിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിലെ സുഹൃത്തുക്കള്‍ ഡിസംബര്‍ 31 ന് അറിച്ചു. എന്നാല്‍, ചൈനയോ ലോകാരോഗ്യസംഘടനയോ ഇക്കാര്യം ലോകത്തെ അറിയിക്കാന്‍ തയ്യാറായില്ല.
വുഹാനില്‍ ന്യൂമോണിയ രോഗ ബാധിതരായി 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മാത്രമാണ് രോഗവ്യാപനത്തെപ്പറ്റി ലോകം അറിഞ്ഞത്.
വൈറസുമായി ബന്ധപ്പെട്ട പഠനം പൂര്‍ത്തിയാക്കിയ ശേഷം സൂപ്പര്‍വൈസറെ സമീപിച്ചപ്പോള്‍, പ്രതികൂലമായ സമീപനമാണ് ഉണ്ടായതെന്നും ഡോ. ലി പറയുന്നു. ആരോടും പറയരുതെന്നും പറഞ്ഞാല്‍ വലിയ കുഴപ്പങ്ങള്‍ ഉണ്ടാകുമെന്നും ജീവന് തന്നെ അപകടത്തിലാക്കുമെന്നും സൂപ്പര്‍വൈസര്‍ അറിയിച്ചതായി ഡോ. ലി വെളിപ്പെടുത്തുന്നു.
ചൈനയിലേക്കിനി തിരിച്ചുപോകാന്‍ കഴിയില്ലെന്നു പറഞ്ഞ ഡോ. ലി, ചൈന തന്റെ കരിയര്‍ നശിപ്പിച്ചെന്നും വെളിപ്പെടുത്തുന്നു. എന്നാല്‍, ഡോ. ലിയുടെ ആരോപണം ചൈന തള്ളിയിട്ടുണ്ട്.