സ്ത്രീകളില്‍ ക്ലമീഡിയ ബാക്ടീരിയബാധ കൂടുന്നു, ചികിത്സിച്ചില്ലെങ്കില്‍ ഗുരുതരപ്രത്യാഘാതങ്ങള്‍

By Rajesh Kumar.17 Apr, 2018

imran-azhar

തിരുവനന്തപുരം: ഹ്യൂമന്‍പാപ്പിലോമ വൈറസിനെ പോലെ സ്ത്രീകളില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ക്ലമീഡിയ ബാക്ടീരിയബാധ നമ്മുടെ നാട്ടിലും വര്‍ദ്ധിക്കുന്നതായി പഠനം. യൗവ്വനത്തിലാണ് സ്ത്രീകളെ ഇവ പിടികൂടുക. നേരത്തെ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ഗൗരവമുള്ള പ്രത്യാഘാതങ്ങള്‍ക്കിതു കാരണമാകുമെന്ന് വിദഗ്ദ്ധര്‍ പറയുന്നു.

 

തിരുവനന്തപുരം ഇടപ്പഴിഞ്ഞി എസ്. കെ. ആശുപത്രിയില്‍ സംഘടിപ്പിച്ച സ്ത്രീകള്‍ക്കായുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പിലാണ് നമ്മുടെ നാട്ടിലും ക്ലമീഡിയ ബാധ വര്‍ദ്ധിക്കുന്നു എന്ന വെളിപ്പെടുത്തലുണ്ടായത്.

 

മുമ്പ് ഏഷ്യന്‍ രാജ്യങ്ങളില്‍ ക്ലമീഡിയ ബാധ കുറവായിരുന്നു. എന്നാല്‍, ഇപ്പോള്‍ അതല്ല സ്ഥിതിയെന്നും ഈ രംഗത്ത് ഗവേഷണം നടത്തുന്ന ഡോ. ഗംഗ പറഞ്ഞു. സ്ത്രീകളിലെ 30 ശതമാനത്തോളം വന്ധ്യതയ്ക്ക് ക്ലമീഡിയ അണുബാധ കാരണമാകുന്നു.

 

വളരെ ലളിതമായ പരിശോധനയിലൂടെ ക്ലമീഡിയ ബാധ കണ്ടെത്താം. നേരത്തെ കണ്ടെത്തിയാല്‍ ഗുളിക കഴിച്ച് മാറ്റാവുന്നതേയുള്ളൂ.

 

സ്തനാര്‍ബുധം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് സെര്‍വൈക്കല്‍ കാന്‍സറാണ്. ലളിതമായ സ്‌ക്രീനിങ് ടെസ്റ്റിലൂടെ സെര്‍വൈക്കല്‍ കാന്‍സറിനു കാരണമാകുന്ന ഹ്യൂമന്‍ പാപ്പിലോമ വൈറസ് ബാധ നേരത്തെ കണ്ടെത്താം.

 

ക്യാമ്പില്‍ ക്ലമീഡിയ, ഹ്യൂമന്‍പാപ്പിലോമ വൈറസ് സ്‌ക്രീനിങ് ടെസ്റ്റുകള്‍ സൗജന്യമായി നടത്തി. ഡോ. രമ, ജോ. വൈജയന്തി എന്നിവര്‍ ക്യാമ്പിനു നേതൃത്വം നല്‍കി.

OTHER SECTIONS