കുഞ്ഞുരോഗങ്ങള്‍ കുഞ്ഞിനു വന്നാല്‍...

By Rajesh Kumar .03 Nov, 2017

imran-azhar

 

പനി
പനി ഒരു രോഗലക്ഷണമാണ്. പനി ബാധിച്ചാല്‍ വീട്ടില്‍ വച്ചുതന്നെ വെള്ളത്തില്‍ തുണി മുക്കി പിഴിഞ്ഞ് ശരീരം നന്നായി തുടച്ചുകൊടുക്കാം. ചില കുട്ടികള്‍ക്ക് പനി വരുമ്പോള്‍ ജന്നി ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍, പനി മാറുന്നതുവരെ ഇടയ്ക്കിടയ്ക്ക് 10-15 മിനിട്ട് നനഞ്ഞ തുണി കൊണ്ട് ശരീരം തുടയ്ക്കുക. കുട്ടിക്ക് ക്ഷീണം വരാന്‍ സാധ്യതയുള്ളതിനാല്‍ ധാരാളം വെള്ളം കുടിയ്ക്കാന്‍ കൊടുക്കണം. തണുത്ത ആഹാരം ഒഴിവാക്കണം. ഒരു ഡോക്ടറെ കണ്ട് പനിയുടെ കാരണം നിര്‍ണ്ണയിക്കണം.

ചുമ
പല കാരണങ്ങള്‍ കൊണ്ട് ചുമ വരാം. അലര്‍ജി, ആസ്ത്മ, ടോണ്‍സിലൈറ്റിസ്, അഡിനോഡൈറ്റിസ്, ന്യുമോണിയ എന്നിവ കൊണ്ട് ചുമ വരാം. സ്ഥിരമായി തൊണ്ടയില്‍ അണുബാധയുണ്ടാകുന്ന കുട്ടികള്‍ക്ക് തണുത്ത ആഹാരം നല്‍കരുത്. അലര്‍ജി/ ആസ്ത്മ ഉള്ള കുട്ടികള്‍ പൊടി, തണുപ്പ്, എസി, വളര്‍ത്തുമൃഗങ്ങള്‍, കമ്പിളിപ്പുതപ്പ് എന്നിവ ഒഴിവാക്കണം. ചുമയുടെ കാരണം കണ്ടെത്തി ചികിത്സിക്കണം.

ജലദോഷം
അലര്‍ജി, വൈറല്‍ അണുബാധ ഇവ കൊണ്ടാണ് സാധാരണ കുട്ടികള്‍ക്ക് ജലദോഷം ഉണ്ടാകുന്നത്. വൈറല്‍ അണുബാധ മൂലമുള്ള ജലദോഷം പകരാന്‍ സാധ്യതയുണ്ട്. പൊടി, തണുപ്പ് ഇവ ഒഴിവാക്കുക. വൃത്തിയുള്ള തൂവാല ഉപയോഗിക്കണം. വ്യക്തിശുചിത്വം പാലിക്കണം. ഫ്‌ളൂ വാക്‌സിന്‍ എടുക്കുന്നത് അടയ്ക്കടിയുണ്ടാകുന്ന ജലദോഷം തടയും.

കഫക്കെട്ട്
അഡിനോഡൈറ്റിസ്, ടോണ്‍സിലൈറ്റിസ്, ഫാരിന്‍ജൈറ്റിസ് എന്നിവ കൊണ്ടാണ് കൂടുതലായും കുട്ടികളില്‍ കഫക്കെട്ട് ഉണ്ടാകുന്നത്. തണുത്ത ആഹാരം ഒഴിവാക്കണം. ചൂടുള്ള ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. കഫക്കെട്ട് കുട്ടികളുടെ പഠനത്തെയും ഉറക്കത്തെയും
(കൂര്‍ക്കംവലി) ബാധിക്കുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം സ്വീകരിക്കുന്നത് നന്നായിരിക്കും. ചൂടുവെള്ളം ഉപ്പിട്ട് തൊണ്ടയില്‍ കൊള്ളുന്നതും നല്ലതാണ്.

വയറിളക്കം
ബാക്ടീരിയ/വൈറസ് അണുബാധ കൊണ്ട് വയറിളക്കം വരാം. പനി, മലത്തില്‍ കഫം/രക്തം ഇവയുണ്ടെങ്കില്‍ വയറിളക്കം ബാക്ടീരിയ അണുബാധ കൊണ്ടാവാം. ഇതിന് ആന്റി ബയോട്ടിക് ആവശ്യമാണ്. ഡോക്ടറെ സമീപിച്ച് ചികിത്സ സ്വീകരിക്കണം.
വൈറല്‍ അണുബാധ കൊണ്ടുണ്ടാകുന്ന വയറിളക്കം 7-8 ദിവസം നീണ്ടുനിന്നേക്കാം. ശരീരത്തില ജലാംശം നഷ്ടപ്പെടുന്നതു മൂലം ക്ഷീണം ഉണ്ടാകും. കഞ്ഞിവെള്ളം, ഒആര്‍എസ്, തൈര്, കരിക്കിന്‍ വെള്ളം ഇവ ധാരാളം നല്‍കാം. ഗ്‌ളൂക്കോസ് പൊടി, ചായ, കോഫി, മധുരമുള്ള ആഹാരം ഇവ ഒഴിവാക്കുന്നതാണ് നല്ലത്. ആഹാരത്തിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയാക്കണം. വ്യക്തിശുചിത്വം പാലിക്കുകയും വേണം.

ഡോ. ടി. ആരിഫ്, പീഡിയാട്രിഷന്‍