കുഞ്ഞുങ്ങളിലെ വിരശല്യം

By Greeshma G Nair.10 Feb, 2017

imran-azhar

 

 


ഇന്ന് ദേശീയ വിരവിമുക്തദിനം. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ അനുസരിച്ച് ഏഷ്യയില്‍ മാത്രം ഏകദേശം 3.5 മില്യണ്‍ കുട്ടികളെ വിരശല്യം അലട്ടുന്നു. ഇന്ത്യയിലെ 55 മുതല്‍ 60 ശതമാനം കുട്ടികള്‍ക്കും വിരബാധ ഉണ്ടെന്നാണ് കണ്ടെത്തല്‍.

 

വിരവിമുക്തദിനം ആചരിക്കുന്ന ഇന്ന് രാജ്യത്തെ വിവിധ ആശുപത്രികളിലെ ശിശുരോഗ വിഭാഗവും ശിശുരോഗ വിഭാഗം സംഘടനയായ ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സും സംയുക്തമായി വിരശല്യത്തിനെതിരെ അവബോധം നല്‍കുകയാണ്.

 

വിരശല്യം ഉണ്ടാക്കുന്ന ശാരീകികവും മാനസികവുമായ അസ്വസ്തതകള്‍ വളരെ വലുതാണ്. ഇതുമൂലം കുട്ടികളുടെ ആരോഗ്യം ക്ഷയിക്കുകയും മറ്റു പലവിധ രോഗങ്ങള്‍ പിടിപെടുകയും മരണം വരെ സംഭവിക്കാന്‍ ഇടയാകുകയും ചെയ്യുന്നു. വളരെ ലളിതമായ പ്രക്രിയയിലൂടെ മനുശ്യരാശിയെ തലമുറകളായി ബാധിക്കുന്ന വിരശല്യം എന്ന മഹാവിപത്തിനെ നേരിടാം.

 

സാധാരണ മണ്ണില്‍ കൂടി നടക്കുമ്പോഴാണ് വിരകള്‍ ശരീരത്തില്‍ പ്രവേശിക്കുന്നത്. കൂടാതെ വൃത്തിഹീനമായി സാഹചര്യങ്ങളില്‍ അതിന്റെ മുട്ടകളും കുഞ്ഞുങ്ങളും (Egg & Larva) ശരീരത്തിനകത്ത് പ്രവേശിക്കുന്നു. ഈ വിരകള്‍ ശരീരത്തിനുള്ളില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ അത് ക്രമേണ വലുതാകുകയും പലവിധത്തിലുള്ള രോഗലക്ഷണങ്ങളും രോഗങ്ങളും ഉണ്ടാക്കുകയും ചെയ്യുന്നു.

 

കുട്ടികളിലെ വിളര്‍ച്ച, തൂക്കക്കുറവ്, ക്ഷീണം, വളര്‍ച്ചാക്കുറവ്, പോഷകാഹാരക്കുറവ്, ബുദ്ധിമാന്ദ്യം, പഠിക്കാനുള്ള താല്‍പര്യക്കുറവ്, വയറുവേദന, വയറിളക്കം, ചര്‍ദ്ദി, വയറുവീര്‍പ്പ്, തുടങ്ങിയവയാണ് വിരശല്യത്തിന്റെ പ്രധാന രോഗലക്ഷണങ്ങള്‍.

 

ഗര്‍ഭിണികളിലും മുലയൂട്ടുന്ന അമ്മമാരിലും കാണുന്ന വിളര്‍ച്ച, തൂക്കക്കുറവ്, കുഞ്ഞുങ്ങളിലെ തൂക്കക്കുറവ്, മാസം തികയാതെ പ്രസവിക്കാനുള്ള സാഹചര്യം തുടങ്ങി പലവിധ രോഗങ്ങളുടേയും പ്രധാനപ്പെട്ട ഒരു കാരണവും വിരശല്യമാണ്.

 

അല്‍പമൊന്ന് ശ്രദ്ധിച്ചാല്‍ തന്നെ വിരശല്യത്തില്‍ നിന്നും മോചനം നേടാനാകും. വ്യക്തി ശുചിത്വം, പരിസ്ഥിതി ശുചിത്വം എന്നീ രണ്ടു കാര്യങ്ങളില്‍ കൂടി വിരശല്യം വളരെയധികം തടയാന്‍ സാധിക്കും. ഇതുകൂടാതെ മലമൂത്ര വിസര്‍ജനത്തിന് ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നല്ലതു പോലെ കഴുക, ആഹാരത്തിന് മുമ്പും ശേഷവും കൈകള്‍ വൃത്തിയായി കഴുകുക, പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും വെള്ളത്തില്‍ നല്ലതുപോലെ കഴുകിയതിനുശേഷം ഉപയോഗിക്കുക, ആഹാരസാധനങ്ങള്‍ നല്ലതുപോലെ വേകിച്ചു ഭക്ഷിക്കുക, ശുദ്ധജലം മാത്രം കുടിക്കാനും ഭക്ഷണം പാകം ചെയ്യാനും ഉപയോഗിക്കുക, പരിസര മലിനീകരണം ഒഴിവാക്കുക എന്നിവയും ശ്രദ്ധിക്കണം.

 

സാധാരണ മരുന്നുകളിലൂടെ വിരശല്യം തടയാമെങ്കിലും മലിനമായ ആഹാരസാധനങ്ങളില്‍ കൂടിയും, ജലത്തില്‍ കൂടിയും, വ്യത്തിഹീനമായ കൈകളില്‍ കൂടിയും വിരശല്യം വീണ്ടും ഉണ്ടാകാം. ആയതിനാല്‍ ക്യത്യമായ ഇടവേളകളിട്ട് വര്‍ഷത്തില്‍ 2-3 പ്രാവശ്യം വിരയ്ക്ക് മരുന്ന് നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്.

 

ഇതേ രീതിയില്‍ എല്ലാ സ്‌കൂള്‍ കുട്ടികള്‍ക്കും വിരയ്ക്കുള്ള മരുന്ന് ഒരേ ദിവസം നല്‍കുകയും ആതോടൊപ്പം വ്യക്തി ശുചിത്വവും പരിസര ശുചീകരണവും നിര്‍വഹിച്ചാല്‍ കുട്ടികളിലെ വിരശല്യം ഇല്ലാതാക്കാന്‍ സാധിക്കും.

 

OTHER SECTIONS