കുഞ്ഞുങ്ങളിലെ ചുമയും കഫക്കെട്ടും പ്രതിരോധിക്കാം

By online desk.07 11 2019

imran-azhar

 

കാലാവസ്ഥാ വ്യതിയാനമനുസരിച്ച് കുഞ്ഞുങ്ങളുടെ ആരോഗ്യ സംരക്ഷണ കാര്യത്തില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം തന്നെയാണ് ചുമയും കഫക്കെട്ടും പ്രത്യേകിച്ച് ഒരു വയസില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങളുടെ കാര്യത്തില്‍.മുലപ്പാലിന് പകരം മറ്റ് പാലുകള്‍ കൊടുക്കുന്നത് മുതല്‍ മൂലയൂട്ടുന്ന അമ്മയുടെ വൃത്തിക്കുറവ് വരെ കുഞ്ഞിന് അലര്‍ജിയുണ്ടാക്കാം. കുഞ്ഞുങ്ങള്‍ക്ക് അലര്‍ജി സംബന്ധമായ ചുമയും കഫക്കെട്ടും വരാതിരിക്കാന്‍ ആറുമാസം വരെ മുലപ്പാല്‍ മാത്രമേ നല്‍കാവൂ. രണ്ട് വയസ്സ് വരെ മറ്റ് ആഹാരത്തോടൊപ്പം മുലപ്പാലും നല്‍കണം. മുലപ്പാല്‍ വലിച്ചു കുടിക്കുന്നതിനിടെ ശ്വാസനാളത്തിലേക്കോ, യൂസ്‌റ്റേഷ്യന്‍ ട്യൂബിലൂടെ ചെവിയിലേക്കോ കടന്നാല്‍ അത് കുഞ്ഞിന് അണുബാധയ്ക്കും ചെവിവേദനയ്ക്കും കാരണമാകും.

 

കുഞ്ഞ് നന്നായി പാല്‍ കുടിക്കാതിരിക്കുക, ഇടയ്ക്കിടെ ഉണര്‍ന്ന് കരയുക എന്നിവ കഫക്കെട്ടിനോടൊപ്പം കണ്ടാല്‍ ഉടനെ ഡോക്ടറെ സമീപിച്ച് നിര്‍ദേശപ്രകാരമുള്ള മരുന്നുകള്‍ നല്‍കുക. തൊണ്ട, മൂക്ക്, ശ്വാസനാളം തുടങ്ങിയവയിലെ അണുബാധ കൊണ്ട് ഉണ്ടാകുന്ന കഫക്കെട്ടിനൊപ്പം മിക്കവാറും പനിയും ഉണ്ടാകാം.രോഗാണുക്കളെ പുറന്തള്ളാനുള്ള ശരീരത്തിന്റെ പ്രതിരോധ സംവിധാനമാണ് പനി. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന മരുന്നുകള്‍ക്കൊപ്പം വിശ്രമവും പ്രാധാന്യമര്‍ഹിക്കുന്നു. തൊണ്ടയിലെ അഡിനോയ്ഡ് ഗ്രന്ഥിയിലെ നീര്‍ക്കെട്ടും കഫക്കെട്ടിന് കാരണമാകും.കളിച്ച് വിയര്‍ത്ത ഉടനെ തണുത്ത വെള്ളത്തില്‍ കുളിക്കുന്നതും കുഞ്ഞുങ്ങളില്‍ ജലദോഷത്തിനും കഫക്കെട്ടിനും വഴിയൊരുക്കും. ശരീരോഷ്മാവില്‍ പെട്ടെന്നുണ്ടാകുന്ന ഏറ്റക്കുറച്ചിലാണ് ഇതിന്റെ പ്രധാന കാരണം. മൂക്കില്‍ നിന്ന് കടുത്ത ദുര്‍ഗന്ധമുള്ള കഫം വരുന്നുണ്ടെങ്കില്‍ ഇഎന്‍ടി സര്‍ജനെ സമീപിച്ച് നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

 

കുട്ടികള്‍ ചുമച്ചുതുപ്പുന്ന കഫത്തില്‍ കുറഞ്ഞ അളവില്‍ മാത്രമേ വെള്ളനിറം കാണപ്പെടുന്നുള്ളൂവെങ്കില്‍ ഭയപ്പെടേണ്ടതില്ല. എന്നാല്‍, ദുര്‍ഗന്ധത്തോടെ കടുത്ത മഞ്ഞ നിറത്തില്‍ ധാരാളം കഫം വരുന്നുണ്ടെങ്കില്‍ അണുബാധയുണ്ടെന്ന് ഉറപ്പിക്കാം. കഫത്തില്‍ രക്തത്തിന്റെ അംശമോ മറ്റോ കണ്ടാല്‍ എത്രയും വേഗം ശിശുരോഗവിദഗ്ദ്ധനെ സമീപിച്ച് വേണ്ട നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.

OTHER SECTIONS