കോവിഡിന് മരുന്നുമായി ചൈന

By Rajesh Kumar.20 05 2020

imran-azhar

കോവിഡ് മഹാമാരിയുടെ ഉറവിടമായ ചൈനയില്‍ നിന്നൊരു സന്തോഷ വാര്‍ത്ത. കോവിഡില്‍ നിന്നു വേഗത്തില്‍ മുക്തി നേടാനും ഗ്രസ്വകാലത്തേക്കു പ്രതിരോധം നേടാനും സഹായിക്കുന്ന മരുന്നു കണ്ടെത്തിയതായി പെക്കിംഗ് സര്‍വകലാശാലയിലെ ബീജിംഗ് അഡ് വാന്‍സ്ഡ് ഇന്നൊവേഷന്‍ സെന്റര്‍ ഫോര്‍ ജീനോമിക്‌സ്. മരുന്ന് മൃഗങ്ങളില്‍ പരീക്ഷിച്ചു വിജയിച്ചതായി ഗവേഷകര്‍ വെളിപ്പെടുത്തി.

 

ശ്വാസകോശ രോഗമായ കോവിഡിനു കാരണമാകുന്ന സാര്‍സ് കോവ്-2 വിനെ പ്രതിരോധിക്കുന്ന ആന്റിബോഡി ഗവേഷകര്‍ കണ്ടെത്തിയതായി പെക്കിംഗ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു.

 

ഓണ്‍ലൈന്‍ മെഡിക്കല്‍ ജേണലായ സെല്ലില്‍ പ്രസിദ്ധീകരിച്ച പഠനഫലത്തില്‍, ഗവേഷകര്‍ കണ്ടെത്തിയ ആന്റിബോഡി വൈറസിനെതിരെയുള്ള മരുന്നുകള്‍ വികസിപ്പിക്കുന്നതിനും പ്രതിരോധത്തിനും ഉപയോഗിക്കാമെന്നു പറയുന്നു.

 

തണുപ്പുകാലത്ത് കോവിഡ് ചൈനയില്‍ വീണ്ടും പ്രത്യക്ഷപ്പെടുകയാണെങ്കില്‍, അപ്പോഴേക്കും പുതിയ മരുന്ന് ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷകര്‍ പ്രസ്താവനയില്‍ പറയുന്നു.

 

രോഗബാധിതരായ എലികളില്‍ ആന്റിബോഡി കുത്തിവച്ചപ്പോള്‍, അഞ്ചു ദിവസത്തിനു വൈറല്‍ ലോഡ് ഗണ്യമായി കുറഞ്ഞതായി ഗവേഷകര്‍ വ്യക്തമാക്കി. മരുന്ന് ചികിത്സക്കായും ഉപയോഗിക്കാന്‍ സാധിക്കും എന്നതിന്റെ സൂചനയാണിതെന്ന് ഗവേഷകര്‍ പറയുന്നു.



മരുന്നു പരീക്ഷണത്തിന്റെ രണ്ടാം ഘട്ടം ജൂലായില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറയുന്നു.

 

 

OTHER SECTIONS