വാക്‌സിന്‍ ഡെല്‍റ്റ വകഭേദത്തിന് ഫലപ്രദമല്ലേ? പുതിയ ഐസിഎംആര്‍ പഠനം പുറത്തുവിട്ടു

By Preethi.08 07 2021

imran-azhar

വാക്‌സിന്‍ ഡെല്‍റ്റ വകഭേദത്തിന്
ഫലപ്രദമല്ലേ?
പുതിയ ഐസിഎംആര്‍ പഠനം പുറത്തുവിട്ടു


കോവിഡ് പോരാട്ടം തുടരുമ്പോഴും മനുഷ്യരാശിക്ക് ആശ്വാസമാകുന്നത് വാക്സിന്‍ തന്നെയാണ്. എന്നാല്‍, വാക്സിന്‍ മനുഷ്യശരീരത്തില്‍ വേണ്ട പോലെ പ്രവര്‍ത്തിക്കുന്നുണ്ടോ?

രാജ്യത്തെ മുഴുവന്‍ പേരും വാക്സിന്‍ എടുത്ത് സുരക്ഷിതരായാല്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകും എന്നാണ് സര്‍ക്കാരും ആരോഗ്യ വിദഗ്ധരും പറയുന്നത്. അതും ഒരാള്‍ രണ്ട് ഡോസ് വാക്സിന്‍ എടുക്കണം. വാക്സിന്‍ എടുത്ത് രണ്ട് ആഴ്ച കഴിഞ്ഞാല്‍ മാത്രമേ വാക്‌സിന്‍ ശരീരത്തില്‍ പ്രതിരോധ കവചം സൃഷ്ടിക്കുകയുള്ളൂ.

ഐസിഎംആര്‍  അടുത്തിടെ ഒരു പഠനം നടത്തിയിരുന്നു. കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ വാക്സിനുകളെ നിഷ്പ്രഭമാക്കുമോ എന്ന സംശയത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനം. ആശങ്കകള്‍ ശരിവയ്ക്കുന്നതായിരുന്നു പഠന റിപ്പോര്‍ട്ട്.

രണ്ട് ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ എടുത്ത 16 ശതമാനം പേരുടെ ശരീരത്തിലും കോവിഡ് ഡെല്‍റ്റ വകഭേദത്തിനെതിരായ ന്യൂട്രലൈസിങ്ങ് ആന്റിബോഡികള്‍ കണ്ടെത്താനായില്ലെന്നാണ് പഠനം ചൂണ്ടിക്കാണിക്കുന്നത്.

ഒരു ഡോസ് കോവിഷീല്‍ഡ് എടുത്തവരുടെ സെറം സാംപിളുകളില്‍, 58 ശതമാനത്തിലും ന്യൂട്രിലൈസിങ്ങ് ആന്റിബോഡികള്‍ കണ്ടെത്താനാവില്ലെന്ന് പഠനം പറയുന്നു.

ആന്റിബോഡികള്‍ കണ്ടെത്താന്‍ സാധിക്കാത്തത് അവയുടെ തോത് കുറവായതുകൊണ്ടാവുമെന്നും രോഗത്തെ പ്രതിരോധിക്കാന്‍ കഴിയും വിധം ആന്റിബോഡികള്‍ ഒരുപക്ഷേ ശരീരത്തില്‍ കണ്ടേക്കാമെന്ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പ് മുന്‍ മേധാവി ഡോ. ടി ജോക്കബ് ജോണ്‍ പറയുന്നു.

പ്രായമായവരിലും അമിതവണ്ണം, പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൃദ്രോഗം, കിഡ്നി, ശ്വാസകോശ രോഗം, കാന്‍സര്‍ തുടങ്ങിയവ ഉള്ളവരിലും ആന്റിബോഡി തോത് പെട്ടെന്ന് കുറയാനുള്ള സാധ്യത ഉണ്ടാകുമെന്നും ഡോ. ജേക്കബ് ജോണ്‍ പറയുന്നു. അതിനാല്‍ ഇവര്‍ക്ക് രണ്ട് ഡോസുകള്‍ കഴിഞ്ഞ് ഒരു നിശ്ചിത കാലയളവിന് ശേഷം മൂന്നാമതും ഒരു ഡോസ് കോവിഷീല്‍ഡ് വാക്സിന്‍ നല്‍കാവുന്നതാണ് എന്നും ഡോ. ജേക്കബ് ജോണ്‍ പറയുന്നു.

ഒരു ഡോസ് വാക്സിന്‍ എടുത്തവരില്‍ ബി 1 വകഭേദത്തെ അപേക്ഷിച്ച് ഡെല്‍റ്റയ്ക്കെതിരായ ആന്റിബോഡികള്‍ 78 ശതമാനം കുറവാണെന്നും, കോവിഡ് ബാധിച്ച ശേഷം ഒരു ഡോസ് എടുത്തവരില്‍ ആന്റിബോഡികള്‍ 66 ശതമാനം കുറവാണ് എന്നും കോവിഡ് ബാധിച്ചവരില്‍ രണ്ട് ഡോസ് വാക്സിനും എടുത്ത ശേഷം ഇത് 38 ശതമാനമാണ് കാണിക്കുന്നത് എന്നും പഠനം പറയുന്നു.

കോവിഡ് ബാധിച്ചവരില്‍ വാക്സിന്‍ ഉയര്‍ന്ന തോതിലുള്ള ആന്റിബോഡികള്‍ ശരീരത്തിലുണ്ടാകുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

 


OTHER SECTIONS