എങ്ങും ഡെങ്കിപ്പനി ......ജാഗ്രതാ വേണം !

By BINDU PP.19 May, 2017

imran-azhar

 

 


കേരളം പനിച്ചൂടിൽ ....എങ്ങും ഡെങ്കിപ്പനി ......ജാഗ്രതാ വേണം. വിവിധ ആശുപത്രികളിയായി 1500 ലധികം പേരാണ് ചികിത്സതേടുന്നത്.ആശുപത്രി പ്രവർത്തകർക്കും ഡോക്ടർമാർക്കും നഴ്‌സുമാർക്കും പണി ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആശുപത്രി ജീവനക്കാർക്കായുള്ള പ്രതിരോധ കുത്തിവെപ്പ് നൽകണമെന്ന ആവശ്യവുമായി സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ മുന്നോട്ട് വന്നിട്ടുണ്ട്.പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി തുടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വൈറസ് മൂലമാണ് ഡെങ്കിപ്പനി ഉണ്ടാവുന്നത്.

 

എന്താണ് ഡെങ്കിപ്പനി

 

സാധാരണ ഡെങ്കിപ്പനിയിൽ ഉയർന്ന താപനില, തലവേദന, കണ്ണിന്റെ പിന്നിൽ വേദന, ദേഹനൊമ്പരം, സന്ധിവേദന എന്നിവ കാണപ്പെടുന്നു. ഗുരുതരമായി മാറാവുന്ന ഡെങ്കി ഹെമറാജിക് പനി വന്നാൽ രക്‌തസ്രാവം ഉണ്ടാവുകയും രോഗി ഷോക്ക് എന്ന അവസ്‌ഥയിലേക്ക് പോവുകയും ചെയ്യാം. ഒരുപക്ഷേ മരണം വരെ സംഭവിക്കാം. കുട്ടികളിലാണ് ഇത് കൂടുതൽ മാരകം. രക്‌തസ്രാവം സാധാരണ പനി വന്ന് രണ്ടു മൂന്ന് ദിവസത്തിനു ശേഷമാണ് ഉണ്ടാകുന്നത്.

 

ലക്ഷണങ്ങൾ

 

പെട്ടെന്നുണ്ടാവുന്ന കനത്ത പനി . വല്ലാത്ത തലവേദന (പ്രത്യേകിച്ചു തലയുടെ ഉച്ചിയിൽ), കണ്ണിന്റെ പിന്നിലെ വേദന, പ്രത്യേകിച്ച് കണ്ണുകൾ ചലിപ്പിക്കുമ്പോഴുണ്ടാകുന്ന വേദന, , സന്ധിവേദന, ഓക്കാനം, ഛർദിൽ, അതിശക്തമായ നടുവേദന, നാലഞ്ചു ദിവസത്തിനുള്ളിൽ ശരീരത്ത് അങ്ങിങ്ങായി ചുവന്നു തളിർത്ത പാടുകൾ കാണപ്പെടും.

 

പനി വന്നാൽ ശ്രദ്ധിക്കേണ്ടത്

 

വേദനസംഹാരികൾ കഴിവതും ഒഴിവാക്കുക. ആസ്പിരിൻ, ബ്രൂഫൻ എന്നിവ പ്രത്യേകിച്ചു ഒഴിവാക്കുക. ദിവസേന 10 മുതൽ 15 വരെ ഗ്ലാസ് ജലം കുടിക്കുക. ഡെങ്കിപ്പനി ബാധിച്ച രോഗികൾക്ക് പ്രത്യേകം കൊതുകു വലകൾ നൽകണം.

 


ഡെങ്കിപ്പനിയും കൊതുകും

 

ഡെങ്കിപ്പനിയുടെ കാരണം നാലുതരത്തിലുള്ള വൈറസുകളാണ്. കൊതുകുകടിമൂലമാണ് ഈ രോഗം മനുഷ്യരിൽ എത്തുന്നത്. ഈഡിസ് ഈജിപ്റ്റി, ആൽബോപിക്റ്റ്സ് എന്നീ വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകളാണ് രോഗം പകർത്തുന്നത്. ഈ കൊതുകുകൾ സാധാരണ പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. പ്രത്യേകിച്ചു രാവിലെയും വൈകുന്നേരങ്ങളിലും ഡെങ്കിപ്പനി രോഗം ബാധിച്ച മനുഷ്യരെ കടിക്കുമ്പോൾ വൈറസുകൾ കൊതുകിൽ എത്തുന്നു. ഏറെക്കാലം ഇവ ജീവനോടെ കഴിയുന്നു. ഒരു കൊതുക് ശരാശരി 3 ആഴ്ചവരെ ഈ വൈറസുമായി ജീവിച്ചേക്കാം. 16 ഡിഗ്രി മുതൽ 40 ഡിഗ്രി വരെ ചൂടിൽ ഈഡിസ് ഈജിപ്റ്റി കൊതുക് ജീവിക്കും. ഈഡിസ് ഈജിപ്റ്റി എന്ന വിഭാഗം കൊതുകുകളാണ് വീടിന്റെ പരിസരങ്ങളിൽ സാധാരണ കാണുന്നത്. എന്നാൽ, തോട്ടം മേഖലകളിൽ ഈഡിസ് ആൽബോപിക്റ്റസ് എന്ന വിഭാഗത്തിൽപ്പെട്ട കൊതുകുകൾ കൂടുതലായി രോഗം പകർത്തുന്നു.

 

ഡെങ്കിപ്പനിക്ക് വാക്സിൻ നിലവിലില്ല

 

രോഗലക്ഷണങ്ങൾ മനസ്സിലാക്കി ചികിത്സ നൽകുകയാണ് പതിവ്. ശരീരത്തിലെ ദ്രാവകനഷ്ടം നികത്തൽ, രക്തമോ പ്ളേറ്റ്ലറ്റോ നൽകൽ എന്നിവ രോഗതീവ്രത കുറയ്ക്കുന്നതിനും മരണം സംഭവിക്കുന്നത് തടയുവാനുമായി സ്വീകരിച്ചുവരുന്ന മാർഗങ്ങളാണ്. രക്തം കട്ടയാവാതിരിക്കുവാനായി ഹൃദ്രോഗികൾക്കും മറ്റും നൽകിവരുന്ന ആസ്പിരിൻ പോലെയുള്ള ഔഷധങ്ങൾ രോഗബാധിതർ ഉപയോഗിക്കാൻ പാടില്ല. ഇവ രക്തസ്രാവത്തിനുള്ള സാധ്യത കൂട്ടുന്നു എന്നതാണ് കാരണം. ഡെങ്കിപ്പനി ബാധിക്കുന്ന പ്രദേശങ്ങളിൽ കാലക്രമേണ കൂടുതൽ രക്തസ്രാവത്തോടുകൂടിയ ഡെങ്കിപ്പനി കേസുകൾ ഉണ്ടായിക്കൊണ്ടിരിക്കും.ആരോഗ്യമുള്ള ഒരാൾക്ക് ഒരു ഘന മി.ലിറ്റർ രക്തത്തിൽ ഒന്നര ലക്ഷം മുതൽ മൂന്നര ലക്ഷം പ്ലേറ്റ്ലെറ്റുകൾ ഉണ്ടാവും. ഡെങ്കിപ്പനി വന്നാൽ പ്ലേറ്റ്ലെറ്റുകൾ കുറയും. അത് രണ്ടോ മൂന്നോ ദിവസത്തിനകം പഴയ പോലെയാവും. പതിനായിരത്തിൽ താഴെ ആയാൽ മാത്രമെ പ്ലേറ്റ്ലെറ്റുകൾ മാറ്റേണ്ടതുള്ളു. പപ്പായയുടെ (കുരുന്ന്)ഇല അരച്ചു അതിന്റെ നീരു ഡെങ്കിപ്പനിക്ക് മരുന്നായി ഉപയോഗിച്ചു വരുന്നു. ഈ ചികിത്സ ഇതുവരെ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. പപ്പായയുടെ കായ്ക്കകത്തെ കുരുക്കളും ഡെങ്കിപ്പനിയെ പ്രതിരോധിക്കുന്നതായി കോസ്റ്റാറിക്കയിൽ നിന്നും റിപ്പോർട്ടുകളുണ്ട്.

 

ഡെങ്കിപ്പനിയെ പ്രതിരോധിക്കാം ........

 

കൊതുകിനെ പ്രതിരോധിക്കുകയാണ് വഴി. കൊതുക് മുട്ടയിടാവുന്ന ചെറിയ വെള്ളക്കെട്ടുകൾ ഒഴിവാക്കുക, കൊതുകുവല ഉപയോഗിക്കുക, റിപ്പലന്റ്സ് ഉപയോഗിക്കുക തുടങ്ങിയ മാർഗങ്ങൾ സ്വീകരിക്കാം.രോഗം ബാധിച്ചവരെ കൊതുകു വലയ്ക്കുള്ളിൽ കിടത്തി ചികിത്സിക്കുകയാണ് അഭികാമ്യം. ഇവരിൽ നിന്നും രക്തപാനം നടത്തി കൊതുകുകൾ രോഗാണുവാഹകരായി മാറുന്നത് തടയുവാൻ ഇത് ഉപകരിക്കും. കൊതുകുവല, കൊതുകുകടക്കാത്ത സ്ക്രീനുകൾ, മനുഷ്യർക്ക് ഹാനികരമല്ലാത്ത കൊതുകുതിരികൾ തുടങ്ങിയവ വ്യക്തിഗതസംരക്ഷണ മാർഗങ്ങളാണ്.സമഗ്രമായ കൊതുകുനശീകരണവും കൊതുകുകളുടെ പ്രജനനസ്ഥലങ്ങൾ ഇല്ലാതാക്കുകയും ആണ് ഡെങ്കിപ്പനിക്ക് നിയന്ത്രണത്തിനുള്ള ഏക പോംവഴി. ഉപയോഗശൂന്യമായി കളയുന്ന പ്ളാസ്റ്റിക് പാത്രങ്ങൾ, ടിന്നുകൾ, ചിരട്ടകൾ തുടങ്ങിയവയിലും മരപ്പൊത്തുകളിലും പാത്രക്കഷണങ്ങളിലും മറ്റും കെട്ടിനിൽക്കുന്ന വെള്ളത്തിൽ പെരുകുവാൻ ഇഷ്ടപ്പെടുന്ന ഈയിനം കൊതുകുകളെ നിർമാർജ്ജനം ചെയ്യുന്നതിന് ഇത്തരം സ്രോതസ്സുകൾ നശിപ്പിക്കുകയാണ് ഫലപ്രദമായ മാർഗം.കീടനാശിനിയുടെ പ്രയോഗം, ധൂപനം ജൈവിക നിയന്ത്രണങ്ങൾ എന്നിവ കൂത്താടി നശിപ്പിക്കുന്നതിന് പ്രയോജനപ്രദമാണ്. ബോധവത്ക്കരണത്തിന് പ്രാധാന്യം നൽകി ആരോഗ്യവകുപ്പും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധസംഘടനകളും പൊതുജനാരോഗ്യപ്രവർത്തകരും സഹകരിച്ച് നടപ്പിലാക്കുന്ന പ്രായോഗിക പ്രതിരോധ നടപടികൾ രോഗനിയന്ത്രണത്തിന് മുതൽക്കൂട്ടായിരിക്കും.

 

 

OTHER SECTIONS