തുടക്കത്തില്‍ തന്നെ പ്രമേഹത്തെ തിരിച്ചറിയാം

By online desk.14 11 2019

imran-azhar

 

ഇന്ന് നേരിടുന്ന പ്രധാനപ്പെട്ട ജീവിതശൈലി രോഗ വെല്ലുവിളിയാണ് പ്രമേഹം. പ്രായ-ലിംഗ ഭേദമില്ലാതെ ഈ രോഗം ഇന്ന് എല്ലാ തലമുറയിലും പിടിമുറുക്കിയിരിക്കുന്നു. രോഗം വന്നാല്‍ ഇഷ്ടപ്പെട്ട ഭക്ഷണം കഴിക്കുന്നതില്‍ മുതല്‍ ജീവിതരീതികളില്‍ വരെ വലിയ നിയന്ത്രണങ്ങള്‍ വച്ചുപുലര്‍ത്തേണ്ടി വരും. തുടക്കത്തില്‍ തന്നെ നിയന്ത്രിച്ചില്ലെങ്കില് 10-15 വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രമേഹ രോഗം സങ്കീര്‍തകളിലേക്ക് നീങ്ങും.
ഇന്‍സുലിന്റെ ഉത്പാദനത്തിലുള്ള കുറവ് മൂലമോ ഇന്‍സുലിനോടുള്ള ശരീരത്തിന്റെ പ്രതികരണത്തിലുള്ള കുറവ് മൂലമോ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണത്തില്‍ നിന്ന് ശരീരം വലിച്ചെടുക്കുന്ന അന്നജമാണ് ആന്തരീക പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരുന്നത്. ഭക്ഷണം ദഹിക്കുന്നതോടെയാണ് അന്നജം രക്തത്തില്‍ കലരുന്നത്. രക്തത്തില്‍ കലര്‍ന്ന ഗ്‌ളൂക്കോസിനെ ശരീരകോശങ്ങളില്‍ എത്തിക്കുന്നതിനാണ് ഇന്‍സുലിന്‍ എന്ന ഹോര്‍മോണിന്റെ സഹായം ആവശ്യമായിട്ടുള്ളത്.
പാന്‍ക്രിയാസില്‍, ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്ന കോശങ്ങള്‍ക്ക് തകരാറ് സംഭവിക്കുന്നതോടെയും പ്രമേഹം പിടിപെടുന്നു. ഏതെങ്കിലും തരത്തിലുള്ള കടുത്ത അണുബാധ പിടിപെടുന്നവരിലാണ് ഈ സാധ്യതയുള്ളത്. ജീവിതശൈലികളില്‍ വന്ന മാറ്റത്തിന്റെ ഭാഗമായി പൊണ്ണത്തടിയും അമിതഭാരവും ഇന്ന് സര്‍വസാധാരണമാണ്. വ്യായാമമില്ലാതിരിക്കുന്നത് ഈ അവസ്ഥയെ ഒന്നുകൂടി മോശമാക്കുന്നു. ഇക്കാരണങ്ങളെല്ലാം പുതിയ കാലത്ത് പ്രമേഹം വ്യാപകമാകാന്‍ ഇടയാക്കുന്നു.

 

വിശപ്പ് കൂടുക, ഭാരം കുറയുക, ഇടവിട്ട് മൂത്രമൊഴിക്കാന്‍ തോന്നുക, ദാഹം കൂടുക എന്നിവയാണ് പ്രമേഹത്തിന്റെ പ്രധാന ലക്ഷണങ്ങള്‍. ചികിത്സയില്ലാതെ തുടര്‍ന്നാല്‍ മരണത്തിന് വരെ കാരണമാകുന്ന ഒന്നാണ് പ്രമേഹം.
ഇതിന് പുറമെ ഹൃദയാഘാതം, പക്ഷാഘാതം, വൃക്കയും കരളുമായും ബന്ധപ്പെട്ട അസുഖങ്ങള്‍, കാലില്‍ അള്‍സര്‍ (പുണ്ണ്), കാഴ്ച മങ്ങുക എന്നീ അവസ്ഥകള്‍ക്കും പ്രമേഹം കാരണമാകുന്നു.

 

അമിതവണ്ണം കുറയ്ക്കുക, രക്തസമ്മര്‍ദ്ദം നിയന്ത്രിക്കുക, സ്ഥിരമായുള്ള വ്യായാമം, പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ കഴിക്കുക, പുകവലി ഒഴിവാക്കുക ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിലൂടെ പ്രമേഹത്തെ ഒരു പരിധിവരെ നിയന്ത്രിക്കാനാകും. രോഗം ചികിത്സിക്കാനാണെങ്കില്‍ ഇന്‍സുലിന്‍ നല്‍കല്‍ തന്നെയാണ് പ്രധാന മാര്‍ഗം.


ഇത് കൂടാതെ, രക്തത്തിലെ ഗ്‌ളൂക്കോസിന്റെ അളവ് കുറയ്ക്കാന്‍ മറ്റുചില മരുന്നുകളും നല്‍കാവുന്നതാണ്. അനിയന്ത്രിതമായ ശരീരഭാരമുള്ളവര്‍ക്ക് ഇപ്പോള്‍ വണ്ണം കുറയ്ക്കാനുള്ള ശസ്ത്രക്രിയയും നടത്താവുന്നതേയുള്ളൂ. ഇതും പ്രമേഹത്തെ ചെറുക്കുന്നതിന് സഹായകമാണ്.

 

OTHER SECTIONS