പ്രമേഹരോഗികള്‍ക്ക് നല്ല നടപ്പ്

By Rajesh Kumar.07 11 2018

imran-azhar

 

 

ഡോ. ജിബിന്‍ കെ. തോമസ്
കണ്‍സള്‍ട്ടന്റ്
ജനറല്‍ & ലാപറോസ്‌കോപിക് സര്‍ജറി
കിംസ് ഹോസ്പിറ്റല്‍
കോട്ടയം

 

പാദത്തിലുള്ള വ്രണങ്ങള്‍, അംഗഛേദം എന്നിവ പ്രമേഹരോഗികളില്‍ മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളും സ്വതന്ത്രചലനത്തിന് തടസ്സവും സൃഷ്ടിക്കും. കൃത്യമായതും ശ്രദ്ധയോടുകൂടിയതുമായ പാദപരിചരണം ഇത്തരം അപകടസാദ്ധ്യതകള്‍ ഒഴിവാക്കാന്‍ സഹായിക്കും. നമ്മുടെ രാജ്യത്ത് ഒരു വര്‍ഷം ഏകദേശം ഒരു ലക്ഷത്തിലധികം വ്യക്തികളുടെ പാദഭാഗങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരുന്നുവെന്നത് അത്യധികം ആശങ്ക ഉണ്ടാക്കുന്നതാണ്. അതിനാല്‍ കൃത്യമായ അപകടസാധ്യതാ നിര്‍ണയം അത്യന്താപേക്ഷിതമാണ്. 10 വര്‍ഷത്തിലധികം പ്രമേഹമുള്ള പുരുഷന്മാരില്‍ വ്രണങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ഗ്ലൂക്കോസ് നില നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, ഹൃദ്രോഗികള്‍, വൃക്കരോഗികള്‍ തുടങ്ങിയവര്‍ക്ക് അപകടസാധ്യത കൂടുതലാണ്.

 

ഇവ ശ്രദ്ധിക്കുക

* പെരുപ്പ്, മരവിപ്പ്, സ്പര്‍ശന ശക്തിക്കുറവ്
* രക്തസമ്മര്‍ദ്ദം, ചുവപ്പു നിറമുണ്ടാകള്‍, ആണി, തഴമ്പ്, എല്ലുകളുടെ രൂപമാറ്റം തുടങ്ങിയവ
* കുറഞ്ഞതോ ഇല്ലാത്തതോ ആയ ഉപരിതല നാഡിയിടിപ്പ്
* നേരത്തെ വൃണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍
* നഖങ്ങളിലെ കഠിനമായ രോഗബാധ

 

പാദനിരീക്ഷണം

പ്രമേഹരോഗികള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പാദങ്ങള്‍ പരിശോധിക്കണം. സ്പര്‍ശനശക്തി, പാദഘടന, ഞരമ്പുകള്‍, ത്വക്ക് എന്നിവയുടെ അവസ്ഥ പരിശോധിപ്പിക്കുക. ഒന്നോ അതിലധികമോ അപകടസാധ്യതയുള്ള രോഗികള്‍ തുടര്‍ച്ചയായി പാദങ്ങള്‍ പരിശോധിക്കണം.

 

മുന്‍കരുതലുകള്‍

* ഗ്ലൂക്കോസ് നില നിയന്ത്രിക്കുക
* പുകവലി, പുകയില ഉല്പന്നങ്ങള്‍ എന്നിവ ഉപേക്ഷിക്കുക
* പാദരക്ഷകള്‍, പാദപരിചരണം
* അപകടസാധ്യത കൂടുതലുള്ള രോഗികള്‍ ദിവസവും പാദങ്ങള്‍ പരിശോധിക്കുക. മറ്റൊരാളെക്കൊണ്ട് പരിശോധിപ്പിക്കുന്നതാവും ഉചിതം.
* നഖത്തിന്റെ കോണുകള്‍ തൊലിയോട് ചേര്‍ത്ത് വെട്ടരുത്
* നാഡീമരവിപ്പുള്ള രോഗികള്‍ കൃത്യമായ അളവിലുള്ള ചെരുപ്പുകള്‍, ഷൂസുകള്‍, കുഷ്യനുള്ള പാദരക്ഷകള്‍, മൈക്രോ സെല്ലുലാര്‍ റബര്‍/ പ്ലാസ്റ്റിക് കൊണ്ടുള്ള ചെരുപ്പുകള്‍ തുടങ്ങിയവ ഉപയോഗിക്കണം.
* സ്ട്രാപ്പുള്ള ചെരിപ്പുകള്‍ ഉപയോഗിച്ചാല്‍ കാലില്‍ നിന്ന് ഊരിപ്പോകില്ല.
* എല്ലുകള്‍ക്ക് രൂപമാറ്റം വന്നവര്‍ അതിന് അനുസരിച്ച് രൂപകല്പന ചെയ്ത പാദരക്ഷകളോ, നല്ല വീതിയുള്ള ചെരുപ്പുകളോ ധരിക്കണം.
* പാദങ്ങളില്‍ മോയിസ്ചറൈസര്‍ പുരട്ടാം

 

പാദസംരക്ഷണം

* ഇളം ചൂടുവെള്ളവും സോപ്പും കൊണ്ട് പാദങ്ങള്‍ ദിവസവും കഴുകണം

* കാല്‍വിരലുകള്‍ക്കിടയിലും പാദങ്ങളും ഈര്‍പ്പമില്ലാതെ സൂക്ഷിക്കണം

* മോയിസ്ചറൈസിങ്ങ് ലേപനങ്ങള്‍ ഉപയോഗിക്കുക. എന്നാല്‍, അവ കാല്‍വിരലുകള്‍ക്കിടയില്‍ പുരട്ടരുത്.

* പാദങ്ങളില്‍ കുരുക്കള്‍, മുറിവുകള്‍, ചുവപ്പ് നിറം തുടങ്ങിയവയുണ്ടോയെ് പരിശോധിക്കുക. അങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്.

* നഖം വൃത്തിയായി വെട്ടി സൂക്ഷിക്കുക

* സോക്‌സുകള്‍ നിത്യവും മാറ്റുക. വൃത്തിഹീനവും ഇറുകിയതുമായവ ധരിക്കരുത്.

* വീട്ടിനുള്ളിലും പുറത്തും പാദരക്ഷ ധരിക്കണം

* ഷൂസുകളില്‍ പൊട്ടലുകള്‍, വിടവുകള്‍, കല്ലുകള്‍, ആണികള്‍ എന്നിവയുണ്ടോയെ് പരിശോധിക്കുണം

 

നല്ല നടപ്പിന് വേണ്ടത്

* മുറിവുകള്‍, ചുവപ്പ് നിറം, നീര്, നഖത്തിനു പ്രശ്‌നം എന്നിവയുണ്ടോ എന്ന് പാദങ്ങള്‍, അടിഭാഗം ഉള്‍പ്പടെ പരിശോധിക്കുക.
* പാദങ്ങള്‍ മോയിസ്ചറൈസ് ചെയ്ത് സൂക്ഷിക്കണം
* ചൊറിഞ്ഞ് മുറിവുകള്‍, പോറലുകള്‍ എന്നിവയുണ്ടാവാതെ ശ്രദ്ധിക്കണം.
* കൃത്യമായ ഇടവേളകളില്‍ ഡോക്ടറെ കണ്ട് പരിശോധിപ്പിച്ചാല്‍ അവയവം നഷ്ടപ്പെടാനുള്ള സാധ്യത 45 മുതല്‍ 85 ശതമാനം വരെ കുറയ്ക്കാം.


ഇവ ചെയ്യാം

* പാദങ്ങളിലേക്കുള്ള രക്തചംക്രമണം കൃത്യമായി നിലനിര്‍ത്തുക. ഇതിനായി കാല്‍വിരലുകള്‍, കണങ്കാലുകള്‍ തുടങ്ങിയവ ദിവസത്തില്‍ രണ്ടോ മൂന്നോ തവണ 5 മിനിറ്റ് മടക്കുകയും നിവര്‍ത്തുകയും ചെയ്യാം.
* ഷൂസുകള്‍ നന്നായി കുടഞ്ഞ് ഉള്ളില്‍ വസ്തുക്കളൊന്നും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ധരിക്കണം.
* രക്തത്തിലെ പഞ്ചസാരനില ആരോഗ്യകരമായി നിലനിറുത്തുക. നിയന്ത്രണ വിധേയമല്ലെങ്കില്‍ നാഡികളുടെ ക്ഷതത്തിനു കാരണമായേക്കാം.

 

ഇവ പാടില്ല

* ചൂടാക്കാനുള്ള പാഡുകള്‍, കുപ്പികള്‍ എന്നിവ ഉപയോഗിക്കരുത്; പൊള്ളലുണ്ടാക്കും.
* കാല്‍പാദങ്ങള്‍ ചൂടുവെള്ളത്തില്‍ നേരിട്ട് മുക്കിവയ്ക്കരുത്. കൈകള്‍ കൊണ്ട് ചൂട് പരിശോധിച്ച ശേഷം മാത്രമേ അങ്ങനെ ചെയ്യാവൂ.
* തഴമ്പ്, ആണി എന്നിവ സ്വയം നീക്കം ചെയ്യരുത്, ഡോക്ടറെ അതിനായി സമീപിക്കാം.

 

വേണ്ടതും വേണ്ടാത്തതും

* ഇറുകിയ, കനമുള്ള, ഇലാസ്റ്റിക് സോക്‌സുകള്‍ ധരിക്കരുത്.
* പാദങ്ങള്‍ നനഞ്ഞിരിക്കരുത്
* വീട്ടിനുള്ളിലും പാദരക്ഷകള്‍ ധരിക്കാം.

 

ചാര്‍ക്കോട്ട് ഫൂട്ട്

നാഡീമരവിപ്പുള്ള രോഗികളില്‍ എല്ലുകളും സന്ധികളും ബലഹീനമാകുന്ന അവസ്ഥയാണിത്. നീര്, ചുവപ്പു നിറം, ചെറുചൂട്, വേദനയോടെയോ അല്ലാതെയോ സ്പര്‍ശനശേഷി നഷ്ടപ്പെടുക എന്നിവയാണ് ലക്ഷണങ്ങള്‍. അതിനാല്‍ രക്തത്തിലെ പഞ്ചസാര നില നിയന്ത്രണ വിധേയമാക്കിയാല്‍ നാഡീക്ഷതം പ്രതിരോധിക്കാം. പാദങ്ങള്‍ ദിവസവും പരിശോധിക്കുക. എന്തെങ്കിലും മാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക. നാഡീമരവിപ്പുണ്ടാകാതെ ശ്രദ്ധിക്കുക.

 

OTHER SECTIONS