പേടി മാത്രം

By online desk.05 12 2019

imran-azhar

 

പേടിയില്‍ നിന്നാണ് ലോകത്ത് ദൈവങ്ങളുടെ ജനനമുണ്ടായതെന്നാണ് ചരിത്രം പറയുന്നത്. ആദിമ കാലത്ത് കാട്ടുതീയും ഇടിയും മിന്നലും കൊടുങ്കാറ്റും നിലയ്ക്കാത്ത പേമാരിയും കണ്ടുപേടിച്ച മനുഷ്യര്‍ അവയില്‍ നിന്ന് രക്ഷനേടാനായി ഓരോ ദൈവങ്ങളെ സൃഷ്ടിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്.


ഇത്തരത്തില്‍ പല ദൈവങ്ങളും രൂപപ്പെട്ടതിന്റെ രസകരങ്ങളായ പല കഥകളുമുണ്ട്. ഫോബിയ എന്നാണ് ഇംഗ്ലീഷില്‍ പേടിയെ സൂചിപ്പിക്കുന്നത്.


ഫോബിയകള്‍ക്ക് വ്യക്തിപരമായി വ്യത്യസ്ത കാരണങ്ങളുണ്ടെങ്കിലും ചെറുപ്പകാലത്ത് ചില പ്രത്യേക വസ്തുക്കളോടോ ജീവികളോടോ സാഹചര്യങ്ങളോടോ ഉണ്ടായ സമ്പര്‍ക്കംമൂലം മനസിലുണ്ടായ ആഘാതമാണ് പലപ്പോഴും പില്‍ക്കാലത്ത് പലര്‍ക്കും വിട്ടുമാറാത്ത ഭയമായി തീരുന്നത്. ലഘുവായ ഒരു മാനസികരോഗമായിട്ടാണ് ഫോബിയകള്‍ ഗണിക്കപ്പെടുന്നത്. പ്രധാനമായും മൂന്നുതരം ഫോബിയകളാണുള്ളത്. മറ്റെല്ലാം ഇതിന്റെ ഉപവിഭാഗങ്ങളാണ്.


സ്‌പെസിഫിക് ഫോബിയ

 

പ്രത്യേക വസ്തുക്കളോടോ പ്രത്യേകം സാമൂഹികസാഹചര്യങ്ങളോടോ ഒരാള്‍ പ്രകടിപ്പിക്കുന്ന ഭയമാണ് സ്‌പെസിഫിക് ഫോബിയ.

 

സോഷ്യല്‍ ഫോബിയ
വൈവിധ്യമാര്‍ന്ന സാമൂഹിക സാഹചര്യങ്ങളില്‍ ചിലതിനോട് ചില വ്യക്തികള്‍ പ്രകടിപ്പിക്കുന്ന അകാരണമായ ഭയമാണ് സോഷ്യല്‍ ഫോബിയ. മറ്റുള്ളവര്‍ തങ്ങളെപ്പറ്റി എന്തുകരുതും എന്നഭയമാണ് പലപ്പോഴും ഇത്തരക്കാരെ ഭരിക്കുന്നത്.

 

അഗോറ ഫോബിയ

 

സുരക്ഷിതമെന്ന് താന്‍ കരുതുന്ന തന്റെ തട്ടകത്തില്‍ നിന്ന് മറ്റൊരു സ്ഥലത്തേക്ക് വിട്ടുപോകാനുള്ള ഭയമാണ് അഗോറ ഫോബിയ.


പേടി പലവിധം

 

വിമാനത്തെ പേടിക്കുന്നവര്‍ കുടുംബത്തോടൊപ്പം വിമാനത്തില്‍ കയറാന്‍ അവസരം കിട്ടിയിട്ടും പേടിമൂലം യാത്രമുടക്കുന്ന പലരുമുണ്ട്. ഉയരത്തിലെത്തുമ്പോള്‍ വിമാനം താഴോട്ടുവീണാലോ എന്ന പേടിയാണ് ഇക്കൂട്ടരെ സദാ അലട്ടുന്നത്. ഏവിയോ ഫോബിയ എന്നാണ് ഇതറിയപ്പെടുന്നത്. വിമാനയാത്രക്കാരായ 25 ശതമാനം പേര്‍ക്കും ഒരുപരിധിവരെ ഏവിയോഫോബിയ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. വിമാനത്തിലിരുന്ന് വിയര്‍ക്കുന്നതും ഹൃദയമിടിപ്പ് കൂടുന്നതും മനംപുരട്ടലുണ്ടാവുന്നതുമൊക്കെ ഇതുകൊണ്ടാണ്.

 

പരുന്തിനെ പേടി

വല്ല പരുന്തോ കഴുകനോ മറ്റോ വട്ടമിട്ട് പറക്കുന്നത് കാണുമ്പോള്‍ തന്നെ അകത്തുകയറി വാതിലടയ്ക്കുന്ന വിരുതന്മാരുണ്ട്. പക്ഷികളോടുള്ള ഈ പേടിക്ക് ഒറിനിത്തോ ഫോബിയ എന്നാണ് പറയുക. ചിത്രകഥകളിലും സിനിമകളിലുമൊക്കെ കാണുന്ന ഇവറ്റകളുടെ ക്രൗര്യം എന്നോ മനസ്‌സില്‍ ഉറച്ചുപോയതാകാം ഈ പരുന്ത് വിരോധത്തിന് കാരണം.

 

ആള്‍ക്കൂട്ടത്തെ പേടിക്കുന്നവര്‍

 

ആള്‍ക്കൂട്ടത്തെ കാണുമ്പോള്‍ അസ്വസ്ഥരായി ഓടിയൊളിക്കുന്ന മനോവൈകല്യത്തിന് എനകേ്‌ളാ ഫോബിയ എന്നാണ് പേര്. ആളുകള്‍ കൂട്ടംകൂടിനില്‍ക്കുന്ന ഇടങ്ങളില്‍പ്പെട്ടാല്‍ ശ്വാസംമുട്ടലും വിയര്‍ക്കലും ഇവരുടെ ലക്ഷണമാണ്. കുട്ടിയായിരിക്കുമ്പോഴുണ്ടായ അപകര്‍ഷബോധമാകാം അവരെ ഈ അവസ്ഥയിലേക്ക് നയിച്ചത്.

 

ഉയരത്തെ ഭയക്കുന്നവര്‍

 

സ്‌കൂളില്‍ നിന്ന് വിനോദയാത്രകള്‍ക്കും മറ്റും പോകുമ്പോള്‍ ഉയരങ്ങള്‍ കയറാന്‍ ഇടവരുമ്പോള്‍ ചില വീരശൂരപരാക്രമികള്‍ നിന്നുവിറയ്ക്കുന്നത് കണ്ടിട്ടില്ലേ. വാട്ടര്‍ തീം പാര്‍ക്കുകളില്‍ പലറൈഡുകളില്‍ നിന്നും ഇത്തരക്കാര്‍ മാറിനില്‍ക്കും. മുകളില്‍ നിന്ന് താഴേക്കുവീഴുമോയെന്ന് ഭയന്നിരിക്കുന്ന ഇക്കൂട്ടവരുടെ മാനസികാവസ്ഥയ്ക്ക് അക്രോഫോബിയ എന്നാണ് പറയുക.

 

മരണവീട്ടില്‍ പോകാത്തവര്‍

മരണം നടന്ന വീട്ടിലും മരണാനന്തരച്ചടങ്ങുകള്‍ നടക്കുന്ന സ്ഥലത്തുമൊന്നും കെട്ടിവലിച്ചാല്‍ പോലും പോകാന്‍ കൂട്ടാക്കാത്ത ചിലരുണ്ട്. മുമ്പ് ഏതോ മരണവീട്ടില്‍ നിന്ന് ശ്വസിച്ച ചന്ദനത്തിരിയുടെ മണം എവിടെ നിന്ന് കിട്ടിയാലും ഇക്കൂട്ടര്‍ക്ക് തലവേദനയും മനംപുരട്ടലും ഉറപ്പാണ്. മരണത്തെക്കുറിച്ച് സംസാരിക്കുന്നതുപോലും അസ്വസ്ഥതയുണ്ടാക്കുന്ന ഈ വൈകല്യമാണ് തനട്ടോ ഫോബിയ

 

വെള്ളം കാണുമ്പോള്‍

 

കുളങ്ങളിലും തോടുകളിലും പുഴകളിലുമൊക്കെയുള്ള വെള്ളം കാണുമ്പോള്‍ അസ്വാസ്ഥ്യം കാണിക്കുന്ന ചിലരുണ്ട്. കുളത്തിലും തോടുകളിലുമൊക്കെ കുളിക്കാനിറങ്ങാന്‍ മടികാണിക്കുന്ന ഈ മാനസികാവസ്ഥയാണ് അക്വാഫോബിയ.എപ്പോഴെങ്കിലും വെള്ളത്തില്‍ കുളിക്കുമ്പോള്‍ അബദ്ധത്തില്‍ ഒന്ന് ശ്വാസംമുട്ടിപ്പോയതാവാം ഈ ശങ്ക വിടാതെകൂടാന്‍ കാരണം.

 

ഇരുട്ടിനെ പേടിക്കുന്നവര്‍

 

രാത്രി വീടുവിട്ട് പുറത്തിറങ്ങാന്‍ ഭയക്കുന്ന ഒരുകൂട്ടരുണ്ട്. തിയേറ്ററുകളിലും മറ്റ് പൊതുസ്ഥലങ്ങളിലുമൊക്കെ പെട്ടെന്ന് വൈദ്യുതി നിലച്ചാല്‍ ഇക്കൂട്ടര്‍ വിളറിവിയര്‍ക്കും. ഇരുട്ടിനോടുള്ള ഈ അമിത ഭയമാണ് നൈക്‌റ്റോ ഫോബിയ. കുട്ടിക്കാലത്ത് എപ്പോഴോ ഇരുട്ടിലകപ്പെട്ട് പേടിച്ച അനുഭവം ഉപബോധമനസില്‍ പതിഞ്ഞുകിടക്കുന്നതാവാം ഈ ഒരവസ്ഥയ്ക്ക് കാരണം.

 

പ്രാണിഭയം

 

പ്രാണികളോടും പാറ്റകളോടുമൊക്കെ അകാരണമായ ഭയം വെച്ചുപുലര്‍ത്തുന്ന ചിലരുണ്ട്. ആകറോ ഫോബിയ എന്ന മാനസികാവസ്ഥയാണിത്. വലിയ ധൈര്യശാലിയായി ചമഞ്ഞ് കൂട്ടുകാരോടൊപ്പം കളിച്ചുതിമര്ക്കുന്നവര് ക്‌ളാസ് മുറിയിലോ പഠനമുറിയിലോ മറ്റോ ഒരു എട്ടുകാലിയെ കണ്ടാല് പെട്ടെന്ന് പേടിച്ചോടുന്നത് കാണാം. അരക്കനോഫോബിയ എന്നാണ് ഈ മനോവൈകല്യത്തിന്റെ പേര്.

OTHER SECTIONS