അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുതുക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ ഡോക്ടര്‍മാരെ ആദരിക്കുവാനും അവര്‍ നമുക്കായി ചെയ്യുന്ന സേവനങ്ങള്‍ അംഗീകരിക്കുവാനുമായി നമുക്ക് ഈ ദിവസം വിനിയോഗിക്കാം. കഴിഞ്ഞ രണ്ടര വര്‍ഷമായി നമ്മള് മഹാമാരിയുടെ പിടിയിലാണ്. വന്നും പോയും ഇരിക്കുന്ന തരംഗങ്ങള്ക്കിടയില് അങ്ങേയറ്റം ശുഷ്കാന്തിയോടു കൂടിയും ആത്മാര്‍ത്ഥതയോടു കൂടിയും നമ്മളെ സേവിക്കുന്ന നമ്മുടെ ഡോക്ടര്‍മാരുടെയും അതുപോലെ മറ്റെല്ലാ ആരോഗ്യരംഗത്തെ പ്രവര്‍ത്തകരുടെയും സേവനങ്ങളെ നമുക്ക് അംഗീകരിക്കാം, പ്രകീര്ത്തിക്കാം..
ഡോക്ടേര്‍സ് ദിനം ആചരിക്കുന്നതിനോടൊപ്പം തന്നെ നമ്മുടെ ആരോഗ്യ സംരക്ഷണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഡോക്ടര്‍മാര്‍ക്ക് സുരക്ഷിതവും അനുയോജ്യവുമായ ഒരു പ്രവര്‍ത്തന സൗകര്യം ഒരുക്കി കൊടുക്കേണ്ട ചുമതല കൂടി നാം ഏറ്റെടുക്കേണ്ടതുണ്ട്. അതോടൊപ്പം തന്നെ നമ്മള് മനസ്സിലാക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്, ഡോക്ടര്‍മാര്‍ക്ക് കഴിയുന്നതും ശ്രമിക്കാം ജീവന് രക്ഷിക്കാന്‍. എന്നാല്‍ എല്ലാ ജീവനുകളും ഒരുപോലെ എപ്പോഴും സംരക്ഷിക്കുവാന്‍ കഴിഞ്ഞെന്നു വന്നേക്കില്ല. എവിടെയെങ്കിലും ഒരു ജീവന് പൊലിയുമ്പോള്‍ അത് എന്ത് കാരണം കൊണ്ടായാലും ചികിത്സാപ്പിഴവ് ആണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇന്ന് സമൂഹമധ്യത്തില്‍ കാണുന്ന ദുഷ്പ്രവണതയെ നമുക്ക് ചെറുക്കേണ്ടതുണ്ട്.
ഡോക്ടര്‍മാര്‍ക്കെതിരെയോ ആശുപത്രികള്ക്കെതിരെയോ ഉള്ള ആക്രമണ പ്രവണത യാതൊരു വിധത്തിലും അംഗീകരിക്കാവുന്നതല്ല. ഈ ഡോക്ടേര്‍സ് ദിനത്തില്‍ സമൂഹത്തിന്റെ ഭാഗമായ നമ്മള് സാധാരണക്കാര്‍ ഡോക്ടര്‍മാരെ ആദരിക്കുന്നതിനോടൊപ്പം തന്നെ അവര്‍ക്കെതിരായോ ആശുപത്രികള്ക്കെതിരായോ യാതൊരു വിധ അക്രമ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടില്ല എന്ന് ഒരു ശപഥം കൂടി എടുക്കേണ്ടിയിരിക്കുന്നു. ഈ ശപഥം ആകട്ടെ നമ്മുടെ ഡോക്ടര്‍മാരുടെ സേവനങ്ങള്‍ക്കുള്ള അംഗീകാരവും അവര്‍ക്കുള്ള നന്ദിയും.