ഡോക്ടേഴ്‌സ് ദിനത്തില്‍ നമ്മുടെ ദൗത്യം

By Web Desk.01 07 2021

imran-azhar


മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഒരു ഡോക്ടേഴ്സ് ദിനം കൂടി കടന്നു പോകുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി നമ്മുടെ ഡോക്ടര്‍മാരും ആരോഗ്യമേഖലയിലെ മറ്റ് ജീവനക്കാരും മുന്‍പന്തിയില്‍ നിന്ന് കോവിഡ് യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്.

 

കോവിഡ് യോദ്ധാക്കള്‍ എന്ന് നാം സ്നേഹവും ബഹുമാനവും കലര്‍ത്തി അഭിസംബോധന ചെയ്യുന്ന ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍, പ്രത്യേകിച്ചും ഡോക്ടര്‍മാര്‍ ആ വിളിപ്പേരിനെ പൂര്‍ണ്ണമായും അന്വര്‍ത്ഥമാക്കിക്കൊണ്ടാണ് കൊറോണ വൈറസുമായി പടപൊരുതിക്കൊണ്ടിരിക്കുന്നത്. വൈറസ് ഉയര്‍ത്തുന്ന എല്ലാ വെല്ലുവിളികളെയും, പ്രത്യേകിച്ച് അനുദിനം കണ്ടുകൊണ്ടിരിക്കുന്ന വകഭേദങ്ങളെയും വ്യാപനശേഷിയെയും മാരകമായ ദുരന്തഫലങ്ങളേയും ഒക്കെ സധൈര്യം നേരിട്ടുകൊണ്ട് മഹാമാരിയുടെ പിടിയില്‍ നിന്ന് നമ്മെ മോചിപ്പിക്കുകയും നമുക്ക് ചുറ്റും സുരക്ഷയുടെ കവചമൊരുക്കുകയും ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട ഡോക്ടര്‍മാരെ എത്ര പ്രകീര്‍ത്തിച്ചാലും അധികമാവുകയില്ല.

 

സ്വന്തം സുരക്ഷയെക്കുറിച്ച് യാതൊരു ആശങ്കയുമില്ലാതെ തന്റെ മുമ്പിലെത്തുന്ന രോഗികളുടെ സുരക്ഷയെക്കുറിച്ച് മാത്രം ചിന്തിക്കുകയും അവരുടെ നന്മയ്ക്ക് അഹോരാത്രം പരിശ്രമിക്കുകയും ചെയ്യുന്ന ഡോക്ടര്‍മാരെ നമുക്ക് ഈ ദിനത്തില്‍ ആദരിക്കാം. അവര്‍ ചെയ്യു സേവനങ്ങള്‍ക്ക് ഒരു സമൂഹമെന്ന നിലയ്ക്ക് നമുക്ക് നന്ദി പ്രകടിപ്പിക്കാം.

 

എന്തെങ്കിലും കാരണങ്ങള്‍ കണ്ടെത്തി ഡോക്ടര്‍മാരെ പഴി പറയുകയും അവരെ ശാരീരികമായി ആക്രമിക്കാന്‍ പോലും മടിക്കാത്ത സാമൂഹ്യദ്രോഹികളെ ഒറ്റപ്പെടുത്താനും അവര്‍ക്കെതിരായി ഒരു പൊതുവികാരം ഉണര്‍ത്തുവാനും നമുക്ക് കഴിയേണ്ടതാണ്. അതിന് വേണ്ടി ഈ ഡോക്ടേഴ്‌സ് ദിനത്തില്‍ നമുക്ക് ഒത്തുചേരാം. ഈ സന്ദേശം പരത്തുക എന്നതാവട്ടെ ഈ ദിനത്തിലെ നമ്മുടെ ദൗത്യം.

 

കേണല്‍ രാജീവ് മണ്ണാളി
ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍
എസ്യുടി ആശുപത്രി, പട്ടം, തിരുവനന്തപുരം

 

 

 

 

 

OTHER SECTIONS