ഡോ. പദ്മനാഭ ഷേണായി റുമറ്റോളജിസ്റ്റ് അംബാസഡര്‍

By S R Krishnan.12 Jun, 2017

imran-azhar
 
 
കൊച്ചി : ഏഷ്യ പസഫിക് ലീഗ് ഓഫ് അസ്സോസിയേഷന്‍സ് ഫോര്‍ റുമറ്റോളജിയുടെ (അപ്‌ലാര്‍) റുമറ്റോളജിസ്റ്റ് അംബാസഡറായി ഡോ. പദ്മനാഭ ഷേണായി നിയമിതനായി. അപ്‌ലാര്‍ എന്ന സംഘടന ഏഷ്യ പസഫിക് രാജ്യങ്ങളിലെ വാതരോഗ വിദഗ്ധരുടെ ഗവേഷണം, പഠനം, തൊഴില്‍ സാഹചര്യങ്ങളുടെ ഉന്നമനം, ചികിത്സാ രംഗത്തെ പുതിയ കണ്ടുപിടുത്തങ്ങള്‍ പരസ്പരം കൈമാറ്റം, ബോധവല്‍ക്കരണം എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ആദ്യമായാണ് ഒരു ഇന്ത്യന്‍ റുമറ്റോളജിസ്റ്റ് ഈ പദവിയില്‍ എത്തുന്നത്.
 
സ്‌ക്ലീറോഡെര്‍മ എന്ന വാതരോഗത്തെ ചികിത്സയിലൂടെ വരുതിയിലാക്കാം എന്ന് തന്റെ ഗവേഷണത്തിലൂടെ തെളിയിച്ചതിന് ഡോ.പദ്മനാഭ ഷേണായിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടുണ്ട്. മാത്രവുമല്ല വാതരോഗ ചികിത്സാവിദഗ്ദരുടെ 32-ാമത് ദേശീയ സമ്മേളനം 'ഐറാകോണ്‍ 2016'-ന്റെ മുഖ്യ സംഘാടകനും ഡോ.ഷേണായിയായിരുന്നു. ഇവയുടെ പ്രവര്‍ത്തന മികവിലാണ് അപ്‌ലാര്‍  റുമറ്റോളജിസ്റ്റ് അംബാസഡറായുള്ള നിയമനം. എറണാകുളം നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ റുമറ്റിസം എക്‌സലന്‍സ് (ഡോക്ടര്‍ ഷേണായീസ് കെയര്‍) സ്ഥാപകനുമാണ്. ഈ നിയമനം വഴി ഇന്ത്യയിലെ വാതരോഗചികിത്സാരംഗത്തിന്  കൂടുതല്‍ പുരോഗതി കൈവരിക്കുവാന്‍ സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് ഡോ. പദ്മനാഭ ഷേണായി പറഞ്ഞു.