കേരളത്തിലേക്ക് വ്യാജ സൗന്ദര്യവര്‍ധകവസ്തുക്കള്‍ ഒഴുകുന്നു

By S R Krishnan.10 Mar, 2017

imran-azhar

 

കൊച്ചി: മുന്‍ന്‍നിര കമ്പനികളുടേതെന്ന് കണ്ടാല്‍ തെറ്റിദ്ധരിച്ചു പോവുന്ന സാമ്യമുള്ള വ്യാജ സൗന്ദര്യവര്‍ധക ഉത്പന്നങ്ങള്‍ തമിഴ്‌നാട് അതിര്‍ത്തികടന്ന് കേരളത്തിലേക്കൊഴുകുന്നു. ചെന്നൈ, മധുര തുടങ്ങിയ ഇടങ്ങളില്‍ നിന്നും ഇടുക്കി അതിര്‍ത്തിയിലെ കമ്പംമെട്ട്,ബോഡിമെട്ട്, തേനി, കുമിളി ചെക്ക്‌പോസ്റ്റുകള്‍ വഴിയാണ് ഇവ കേരളത്തിലേക്കു കടത്തുന്നത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍നിന്ന് കേരളത്തിലേക്ക് കടത്തുന്നതിനിടെ ആഫ്റ്റര്‍ ഷേവ് ലോഷന്‍ വന്‍തോതില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തിരുന്നു. ഡിസംബറില്‍ ഓപ്പറേഷന്‍ ഹെന്ന എന്നപേരില്‍ ജില്ലയില്‍ നടത്തിയ പരിശോധനയിലും വ്യാജ സൗന്ദര്യവര്‍ധക വസ്തുക്കള്‍ വന്‍തോതില്‍ പിടിച്ചിരുന്നു.മുന്‍നിര കമ്പനികളുടെ വ്യാജസ്റ്റിക്കറുകള്‍ പതിച്ചവ പോലും കൂട്ടത്തിലുണ്ടെന്നത് ആശങ്കയുണര്‍ത്തുന്നതാണ്. ഷേവിങ് ലോഷന്‍, ടാല്‍കം പൗഡറുകള്‍, ബോഡി സ്‌പ്രേ, ലിപ്സ്റ്റിക്, ഐ ലൈനര്‍, ഹെയര്‍ ഡൈ തുടങ്ങിയവയാണ് ഇങ്ങനെയെത്തുന്നതില്‍ അധികവും. മുടി കറുപ്പിക്കുന്നതിനുള്ള ഷാംപൂ എന്ന പേരില്‍ നിരലധി വ്യാജ ഉത്പ്പന്നങ്ങളാണ് തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലെത്തുന്നത്. ഇന്റര്‍നെറ്റില്‍ പരതിയാല്‍ പോലും ഇവയില്‍ പലതിന്റെയും പേരോ ബ്രാന്‍ഡോ നമുക്ക് കണ്ടെത്താനാവില്ല. ഇത്തരം ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയാല്‍ കൂടുതല്‍ ലാഭം ലഭിക്കുമെന്നത് വ്യാപാരികളെയും ഇത്തരം ഉത്പന്നങ്ങള്‍ വിറ്റഴിക്കാന്‍ പ്രേരിപ്പിക്കുന്നു. വ്യാജമരുന്നുകളും സൗന്ദര്യവര്‍ധക വസ്തുക്കളും അതിര്‍ത്തികടന്നെത്തുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ പരിശോധന കര്‍ക്കശമാക്കുമെന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ ഇന്‍സ്‌പെക്ടര്‍ മാര്‍ട്ടിന്‍ ജോസഫ് പറഞ്ഞു.

 

OTHER SECTIONS