ലൈംഗിക ബന്ധത്തിലൂടെയും എബോള പകരുന്നു എന്ന് ഗവേഷണ ഫലം

By Kavitha J.05 Jul, 2018

imran-azhar

1976ല്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് മാരകമായ എബോള വൈറസ് ബാധ ആദ്യമായി സ്ഥിരീകരിക്കുന്നത്. അന്ന് മുതല്‍ ഇന്ന് വരെ മരണ സാധ്യത എറെയുള്ള എബോള മാലോകര്‍ക്ക് ഒരു പേടി സ്വപ്‌നം തന്നെയാണ്. ഇപ്പോള്‍ ശാസ്ത്രലോകം പുറത്ത് വിട്ടിരിക്കുന്ന വിവരം കൂടുതല്‍ ആശങ്ക ഉണര്‍ത്തുന്നതാണ്. ലൈംഗികബന്ധത്തിലൂടെയും എബോള പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ടെന്നാണു പുതിയ വിവരം. എബോള വൈറസ് പുരുഷബീജത്തിലൂടെയും പകരാമെന്ന കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നടത്തിയ പഠനത്തിലാണ്.


വൈറസ് പകരാന്‍ കാരണമാകുന്നത്, ബീജസ്രവത്തില്‍ കാണപ്പെടുന്ന amyloid fibrils എന്ന പ്രോട്ടീനുകളാണ്. വൈറസിന് സംരക്ഷണം നല്‍കാനുള്ള ഈ പ്രോട്ടീന്‌റെ കഴിവാണ് വൈറസ് പകരാന്‍ കാരണമാകുന്നത്. അതു പോലെതന്നെ രണ്ടരവര്‍ഷം വരെ പുരുഷസ്രവത്തില്‍ വൈറസ് സാന്നിധ്യം ഉണ്ടാകുമെന്നതും ആശങ്കയുടെ തോത് വര്‍ദ്ധിപ്പിക്കുന്നു. ബീജത്തില്‍ വൈറസിന്‌റെ സാന്നിിധ്യം ഉള്ളപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത് വൈറസ് പകരാന്‍ കാരണമാകുന്നു.


ഘാനയില്‍ അടുത്തിടെ പൊട്ടിപുറപെട്ട എബോളയ്ക്ക് പിന്നിലും ലൈംഗികബന്ധത്തിലൂടെ പടര്‍ന്ന വൈറസ് ആണെന്നാണ് നിഗമനം. ഡെമോക്രാറ്റ് റിപബ്ലിക് ഓഫ് കോങ്‌ഗോയും വീണ്ടും എബോള ബാധയിലാണ്. ഈ സാഹചര്യത്തില്‍ പുതിയ കണ്ടെത്തല്‍ ശാസ്ത്രലോകം കാര്യമായി തന്നെ എടുത്ത്, ഗവേഷണങ്ങള്‍ മുന്നോട്ട് പോവുകയാണ്. എബോളയ്ക്ക് ഇതുവരെ ഫലപ്രദമായ ഒരു മരുന്ന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്നത് രോഗഭീതി ഉയര്‍ത്തുന്നു.