ആര്‍ത്രൈറ്റിസ് രോഗശമനത്തിന് വ്യായാമം ഗുണകരം

By Avani Chandra.29 04 2022

imran-azhar

 

സന്ധികളെയും അതിനു ചുറ്റുമുള്ള കോശങ്ങളെയും ബാധിക്കുന്ന രോഗാവസ്ഥയ്ക്കുള്ള ഒരു പൊതുവായ പേരാണ് ആര്‍ത്രൈറ്റിസ്. നൂറിലേറെ തരം ആര്‍ത്രൈറ്റിസ് രോഗങ്ങളാണ് ഇതുവരെ കണ്ടെത്തിയിട്ടുള്ളത്. സന്ധിവേദനയും സന്ധികള്‍ക്ക് ചുറ്റും അനുഭവപ്പെടുന്ന കാഠിന്യവുമാണ് സാധാരണ കാണുന്ന ലക്ഷണങ്ങള്‍. ഇത് പെട്ടെന്നുള്ള ഒന്നായോ അല്ലെങ്കില്‍ വളരെ നാളുകളായി വിട്ടുമാറാത്ത ഒന്നായോ വന്നേക്കാം. ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണെങ്കില്‍ സാധാരണയിലും അധികമായി നടക്കുക, പടികള്‍ കയറുക തുടങ്ങിയ പ്രവൃത്തികള്‍ക്ക് ശേഷമായിരിക്കും വേദന അനുഭവപ്പെടുക. പിന്നീട് ഈ വേദന ദിവസം മുഴുവനുമുള്ള ഒന്നായും ഉറക്കത്തില്‍ പോലും അലട്ടുന്ന ഒന്നായും മാറാം.

 

അധികമായ ശരീരഭാരം, സന്ധികളില്‍ ഏല്‍ക്കുന്ന പരിക്ക്, സന്ധികള്‍ക്ക് ചുറ്റുമുള്ള മാംസ പേശികള്‍ക്കുള്ള ബലഹീനത, വ്യായാമക്കുറവ് എന്നീ കാരണങ്ങളാല്‍ സന്ധികളില്‍ സമ്മര്‍ദം മൂലം ഉണ്ടാകുന്ന തരുണാസ്ഥിയുടെ നഷ്ടം- തുടങ്ങിയവയാണ് സന്ധിവാതത്തിനുള്ള പ്രധാന കാരണം. സന്ധികള്‍ക്ക് ഇരുവശവുമുള്ള എല്ലുകള്‍ തമ്മില്‍ ഉരസുവാന്‍ ഇത് ഇടയാക്കും.

 

പ്രായമേറിയവരിലാണ് സന്ധിവാതം സാധാരണയായി കാണുന്നത്. എന്നാല്‍ സന്ധികള്‍ക്കും അതിന് ചുറ്റുമുള്ള കോശങ്ങള്‍ക്കുമുണ്ടാകുന്ന പരിക്ക് ചെറിയ പ്രായത്തിലും സന്ധിവാതം ഉണ്ടാകാന്‍ കാരണമാകും.

 

കാല്‍മുട്ട്, ഇടുപ്പ്, നട്ടെല്ല് തുടങ്ങിയ ഭാരം താങ്ങുന്ന സന്ധികളിലാണ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് സാധാരണയായി കാണുന്നത്. കൈകളിലെ സന്ധികള്‍, കാല്‍ക്കുഴ, കാല്‍മുട്ട് എന്നീ സന്ധികളില്‍ റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസും കാലിന്റെ തള്ളവിരല്‍, കാല്‍ക്കുഴ, കാല്‍മുട്ട്, കൈമുട്ട് എന്നിവയില്‍ ഗൗട്ട് എന്ന ആര്‍ത്രൈറ്റിസും കാണപ്പെടുന്നു.

 

ആര്‍ത്രൈറ്റിസ് ഒരു രോഗലക്ഷണമാണ്. അതിനെ അവഗണിക്കുന്നത് അപകടകരവും. ഈ ലക്ഷണത്തിന് പിന്നിലുള്ള രോഗത്തെ നേരത്തെ തിരിച്ചറിഞ്ഞ് അധികം വൈകാതെ ചികിത്സിച്ചാല്‍ ആജീവനാന്തം നിലനില്‍ക്കാവുന്ന വൈകല്യങ്ങളെ ഒഴിവാക്കാം. എക്‌സ് റേയില്‍ കാണുന്ന സവിശേഷതകളാലും രക്ത പരിശോധനയിലൂടെയും ക്യത്യമായ രോഗനിര്‍ണയം സാധ്യമാണ്.

 

അസുഖം ബാധിച്ച സന്ധികള്‍ക്ക് ശരിയായ വ്യായാമം നല്‍കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ രോഗ ശമനത്തിന് ഗുണം ചെയ്യുമെന്ന് പഠനങ്ങള്‍ പറയുന്നു. ആര്‍ത്രൈറ്റിസ് മൂര്‍ച്ഛിക്കുന്നത് തടയാന്‍ ചികിത്സകൊണ്ട് സാധ്യമാണ്. പേശികളും സന്ധികളും ബലപ്പെടുത്തുവാന്‍ ഫിസിയോതെറാപ്പിയും വ്യായാമങ്ങളും സഹായകരമാണ്.

 

ആര്‍ത്രൈറ്റിസിന് വേദന സംഹാരികള്‍ ഒരു താല്‍ക്കാലിക പരിഹാരം മാത്രമാണ്. ഒരളവ് വരെ ശരീരഭാരം കുറയ്ക്കുന്നത് രോഗലക്ഷണങ്ങള്‍ക്ക് ശമനമുണ്ടാക്കും. കോര്‍ട്ടിക്കോസ്റ്റിറോയ്ഡുകള്‍ മുതല്‍ മോണോക്ലോണല്‍ ആന്റീബോഡിയും ബയോളജിക്കല്‍ത്സും വരെയുള്ള മരുന്നുകള്‍ ചികിത്സയ്ക്കുപയോഗിക്കുന്നുണ്ട്.

 

 

 

OTHER SECTIONS